Sorry, you need to enable JavaScript to visit this website.

ട്രംപ് കണ്ട ഇന്ത്യ

യു.എസ് പ്രസിഡന്റ് ഏതെങ്കിലും രാജ്യം സന്ദർശിക്കാനെത്തുന്നതിന് പ്രാധാന്യമേറെയാണ്. ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയാണ് അമേരിക്കൻ പ്രസിഡന്റ്. ഡൊണാൾഡ് ട്രംപിനാണെങ്കിൽ നാട്ടിൽ അത്ര നല്ല പോരൊന്നുമില്ല. അവിടത്തെ മാധ്യമങ്ങൾ തക്കം കിട്ടിയാൽ നിർത്തി പൊരിക്കാറാണ് പതിവ്. അപ്പോഴാണ് ഇന്ത്യ സന്ദർശിക്കാനുള്ള അവസരം ഒത്തുവരുന്നത്. വെറുതെയങ്ങ് കറങ്ങി വന്നിട്ട് എന്ത് കാര്യം? ഇന്ത്യയിൽ 125 കോടി ജനങ്ങളില്ലേ. അതിന്റെ ചെറിയ ഭാഗമായ ഒരു കോടി പേർക്ക് തന്നെ സ്വീകരിക്കാനെത്താമല്ലോ. വളരെ ചെറിയ മോഹം. ആത്മമിത്രമായ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്രംപിന് വാക്കും കൊടുത്തു. ഒന്നു കൊണ്ടും ഭയപ്പെടേണ്ട. എഴുപതു ലക്ഷത്തിനും ഒരു കോടിക്കുമിടയിൽ ആളുകൾ ട്രംപിനെ കാണാനെത്തും. അമേരിക്കയിൽ നിന്ന് വിമാനം കയറുന്നതിന് മുമ്പ് തന്നെ ട്രംപ് ഇക്കാര്യം പരസ്യമാക്കി. ഇന്ത്യയിൽ എന്നെ സ്വീകരിക്കാൻ ഏഴ് മില്യൺ ആളുകളാണ് കാത്തിരിക്കുന്നത്. വെറുതെ പറഞ്ഞതല്ലെന്ന് ഉറപ്പിക്കാൻ ഇക്കാര്യം തന്നെ ഇന്ത്യയുടെ പ്രധാനമന്ത്രി മോഡി അറിയിച്ചതാണെന്നും പറഞ്ഞു. 


അഹമ്മദാബാദിൽ നമ്മൾ കെട്ടിപ്പൊക്കിയ കൂറ്റൻ മതിലിനപ്പുറത്തെന്താണെന്നൊന്നും യു.എസ് പ്രസിഡന്റ് അന്വേഷിച്ചില്ല, ഭാഗ്യം. ബ്രിട്ടീഷ് ഇംഗഌഷ് കേട്ട് ശീലിച്ചവർക്ക് മനസ്സിലാക്കാൻ അൽപം പ്രയാസമുള്ളതാണ് അമേരിക്കൻ സ്ലാംഗ്. എന്നാൽ അത്തരം ബുദ്ധിമുട്ടൊന്നുമില്ലാതെ ട്രംപ് പ്രസംഗിച്ചു. ഒരു കോടിയിൽ നിന്ന് ആറ്റിക്കുറുക്കി കിട്ടിയ ഒരു ലക്ഷം പേർ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ യു.എസ് പ്രസിഡന്റിന്റെ പ്രസംഗം ശ്രവിച്ചു. 
നിങ്ങൾക്ക് ബോളിവുഡുണ്ട്. ഷാരൂഖ് ഖാനുണ്ട്, ഇരുന്നൂറ് മികച്ച സിനിമകൾ വർഷം തോറും നിർമിക്കുന്ന ബോളിവുഡിൽ നിന്നാണ് ഡി.ഡി.എൽ.ജെ പോലുള്ള ചിത്രങ്ങൾ പുറത്തിറങ്ങിയത്. മുംബൈ സെൻട്രലിലെ മറാത്ത മന്ദിർ തിയേറ്ററിൽ പത്ത് വർഷം തുടർച്ചയായി പ്രദർശിപ്പിച്ച സിനിമയാണ് ദിൽവാലെ ദുൽഹാനിയാ ലെ  ജായേംഗേ. 


പണ്ട് ബിസിനസുകാരനായി കറങ്ങുന്ന കാലത്ത് താൻ ഈ ചിത്രം മുംബൈയിൽ നിന്ന് പത്ത് പ്രാവശ്യം കണ്ടിരുന്നുവെന്നൊന്നും ട്രംപ് തട്ടിയില്ല.  അഹമ്മദാബാദിലെ ജനക്കൂട്ടം ട്രംപിന്റെ വാചകങ്ങൾ കൈയടിയോടെയാണ് സ്വീകരിച്ചത്. നിങ്ങൾക്കിവിടെ ജുമാ മസ്ജിദുണ്ട്. എല്ലാ ജാതിമതസ്ഥരും സൗഹൃദത്തിൽ കഴിയുന്നു. പാക്കിസ്ഥാൻ എന്റെ വളരെ അടുത്ത സുഹൃത്താണെന്ന് പറഞ്ഞപ്പോൾ കരഘോഷം കാര്യമായി കേട്ടില്ല. പാക്കിസ്ഥാനെപ്പറ്റി ഇന്ത്യയിൽ ചെന്ന് ട്രംപ് നല്ലത് പറഞ്ഞുവെന്ന നിലയ്ക്കാണ് പാക് പത്രങ്ങൾ ഇതു സംബന്ധിച്ച വാർത്ത നൽകിയത്. വിവിധ ജനവിഭാഗങ്ങൾ സഹിഷ്ണുതയോടെ കഴിയുന്ന നാടാണ് ഇന്ത്യയെന്നും ട്രംപ് പറഞ്ഞു. അഹമ്മദാബാദ്-ആഗ്ര വഴിയാണ് ഇന്ത്യാ തലസ്ഥാനത്ത് യു.എസ് പ്രസിഡന്റ് എത്തിച്ചേർന്നത്. 
ട്രംപ്-മോഡി ഉച്ചകോടി നടന്ന ന്യൂദൽഹിയിലെ ഹൈദരാബാദ് ഹൗസിന് 15 കിലോ മീറ്റർ അപ്പുറം കടുത്ത വർഗീയ സംഘർഷം അരേങ്ങറുകയായിരുന്നു. ട്രംപ്  ലോകത്തിലെ പ്രധാന വ്യക്തിയാണെന്നത് പോലെ അദ്ദേഹത്തെ പോലൊരു സെലിബ്രിറ്റിയുടെ സാന്നിധ്യത്തിൽ നടക്കുന്ന കാര്യങ്ങൾക്ക് വാർത്താ പ്രാധാന്യം കൂടും. യു.എസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ വാർത്തക്ക് പകരം ദൽഹിയിലെങ്ങും കലാപം എന്ന വാർത്തയാണ് ന്യൂയോർക്ക് ടൈംസിലും വാഷിംഗ്ടൺ പോസ്റ്റിലും ഗാർഡിയനിലും മറ്റും പ്രാധാന്യത്തോടെ അച്ചടിച്ചു വന്നത്. ഇന്ത്യയിൽ മാത്രം ഒതുങ്ങുമായിരുന്ന നെഗറ്റീവ് ന്യൂസ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പെട്ടെന്ന് അറിയാൻ കഴിഞ്ഞു. യു.എസ് പ്രസിഡന്റിന്റെ ചരിത്ര സന്ദർശനത്തിന് ഇന്ത്യയിൽ പോലും പ്രതീക്ഷിച്ച കവറേജ് ലഭിച്ചില്ല. 


പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ ദിവസങ്ങളായി ദൽഹിയിൽ ഏറ്റുമുട്ടുകയാണ്. നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട ഈ സംഭവത്തെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് കഴിഞ്ഞ ദിവസം അപലപിച്ചു. 
കലാപത്തിലെ സ്ഥിതിഗതികൾ വിലയിരുത്തിവരികയാണെന്നും സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലാപത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലുള്ള അമേരിക്കൻ പൗരന്മാർക്ക് അമേരിക്കൻ എംബസി ജാഗ്രതാ നിർദേശം നൽകി. ഫ്രാൻസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളും പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയവയിലുൾപ്പെടും. ഇന്ത്യയിലെ സംഘർഷത്തിൽ ഇത്രയും പെട്ടെന്ന് യു.എൻ പ്രതികരണം വരുന്നതും രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുന്നതും ഇതാദ്യമാണ്. 
എന്തിനായിരിക്കും ട്രംപ് ധിറുതി പിടിച്ച് ഇന്ത്യാ സന്ദർശനത്തിനെത്തിയത്? നവംബറിൽ അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇന്ത്യാ സന്ദർശനം തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ഗുണം ചെയ്യുമെന്നാണ് ട്രംപ് കരുതുന്നത്. അമേരിക്കയിലെ ഇന്ത്യക്കാരെ ട്രംപിന് അനുകൂലമാക്കാൻ ഈ സന്ദർശനം മൂലം സാധിക്കുമെന്ന് വിശ്വസിക്കുന്നുണ്ടാകാം. എല്ലാ ഇന്ത്യൻ വംശജരും റിപ്പബ്ലിക്കൻ പാർട്ടിക്ക് വോട്ട് ചെയ്യുകയും ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റാകുകയും ചെയ്യും. 


ട്രംപിന് പകരം ഡെമോക്രാറ്റുകൾ പ്രസിഡന്റായാൽ ഇന്ത്യയുടെ ഓരോ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും. കശ്മീർ, സിഎഎ, എൻആർസി എന്നിവക്കെല്ലാം മറിച്ചുള്ള സമീപനമാകും അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുക. ഇന്ത്യയിലെ നിലവിലെ സർക്കാറിന് അത് തിരിച്ചടിയുമാകും. 
അമേരിക്കൻ പ്രസിഡന്റായ ശേഷം ട്രംപ് ഇരുപത്  വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഇതിൽ കൂടുതലും യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളായിരുന്നു. ഫ്രാൻസിൽ നാലു തവണയാണ് ട്രംപ് പോയത്. വികസ്വര രാജ്യങ്ങളോട് ട്രംപിന് താൽപര്യം കുറവാണെന്നാണ് വിലയിരുത്തൽ. ഒരിക്കൽ ട്രംപ് അഫ്ഗാനിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്. അഫ്ഗാനിലെ നേതാക്കളുമായുള്ള ചർച്ചയോ മറ്റോ ആയിരുന്നില്ല അന്നത്തെ സന്ദർശന ലക്ഷ്യം. അഫ്ഗാനിലെ അമേരിക്കൻ സൈനിക താവളം സന്ദർശിച്ച് അദ്ദേഹം മടങ്ങുകയായിരുന്നു. ട്രംപ് സന്ദർശിക്കുന്ന ആദ്യ  ദരിദ്ര രാജ്യം ഇന്ത്യയാണ്. 
ഇന്ത്യ സന്ദർശിക്കുന്ന ആറാമത് അമേരിക്കൻ പ്രസിഡന്റ്ാണ് ട്രംപ്. ആദ്യം സന്ദർശിച്ചത് ഐസൻഹോവറായിരുന്നു. 20 വർഷം മുമ്പ് നടന്ന ലിബറലായ ക്ലിന്റന്റെ സന്ദർനമാണ് വ്യത്യസ്തമായത്.  പാർലമെന്റിൽ അദ്ദേഹം നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 


വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ സർക്കാറാണ് അന്ന് ഇന്ത്യ ഭരിച്ചിരുന്നത്. സന്ദർശനം വളരെ ഭംഗിയായി അവസാനിച്ചു. ഇന്ത്യയുടെ ആണവ പദ്ധതി, പാക്കിസ്ഥാനുമായുള്ള തർക്കം എന്നീ കാര്യങ്ങളിൽ ക്ലിന്റൺ വ്യത്യസ്തമായ വീക്ഷണമാണ് അന്നു പ്രകടിപ്പിച്ചത്.
ക്ലിന്റണ് ശേഷം ജോർജ് ഡബ്ല്യൂ. ബുഷ് പ്രസിഡന്റായ വേളയിൽ അദ്ദേഹവും ഇന്ത്യ സന്ദർശിച്ചിരുന്നു. ജോർജ് ഡബ്ല്യൂ ബുഷ് പ്രസിഡന്റായ വേളയിൽ ഇന്ത്യയിൽ മൻമോഹൻ സിങ് ആയിരുന്നു പ്രധാനമന്ത്രി. ജോർജ് ഡബ്ല്യൂ ബുഷ് യാഥാസ്ഥിതികനും മൻമോഹൻ സിങ് ലിബറലുമായിരുന്നു. ക്ലിന്റനെ പോലെ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ബുഷിന്റെ സന്ദർശനവും ഭംഗിയായിട്ടാണ് അവസാനിച്ചത്.  ബറാക് ഒബാമ രണ്ടു തവണ ഇന്ത്യയിൽ വന്നിട്ടുണ്ട്. ആദ്യം മൻമോഹൻ സിങ് പ്രധാനമന്ത്രിയായ വേളയിലും പിന്നെ മോഡി പ്രധാനമന്ത്രിയായിരിക്കുന്ന വേളയിലും. 
അന്ന് ഒബാമക്ക് ചായ നൽകുമ്പോൾ പ്രധാനമന്ത്രി മോഡി എന്ന് തുന്നിച്ചേർത്ത വസ്ത്രം മോഡി ധരിച്ചത് ഏറെ ചർച്ചായിരുന്നു. മൻമോഹൻ സിങ് ആണ് തന്റെ ഗുരു എന്ന് പറഞ്ഞ വ്യക്തിയാണ് ഒബാമ. ഇന്ത്യക്ക് വ്യാപാര മേഖലയിൽ നൽകിയിരുന്ന ഇളവ് എടുത്തുകളഞ്ഞ അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. മാത്രമല്ല, എച്ച്1 ബി വിസ വെട്ടിച്ചുരുക്കുകയും ചെയ്തു. രണ്ടും ഇന്ത്യക്കാർ ആവശ്യപ്പെടുന്നതാണ്. 


ഇതിനെല്ലാം പുറമേയാണ് ഇന്ത്യയുമായി വ്യാപാര കരാർ ഒപ്പുവെക്കില്ലെന്നും അറിയിച്ചിരിക്കുന്നത്. മൂന്ന് ബില്യൺ ഡോളറിന്റെ പ്രതിരോധ ഇടപെടൽ മാത്രമാണ് ആകെ നടന്നത്. യു.എസിന് ഇത് നേട്ടമായിരിക്കാം. മോഡിക്കാണെങ്കിൽ കശ്മീർ, സിഎഎ വാർത്തകളിലൂടെ പ്രതിഛായ നഷ്ടപ്പെട്ടിടത്ത് നിന്ന് ട്രംപ് സന്ദർശനത്തിലൂടെ നല്ല വാർത്തകൾ വരുമെന്ന സ്വപ്‌നവുമാണ് കരിഞ്ഞത്. സന്ദർശന വാർത്തക്ക് പകരം കത്തുന്ന ദില്ലിയുടെ പ്രധാന വാർത്തയുമായി ന്യൂയോർക്ക് ടൈംസും വാഷിംഗ്ടൺ പോസ്റ്റും പുറത്തിറങ്ങിയെന്നത് നിസ്സാര നേട്ടമല്ലല്ലോ. 

Latest News