Sorry, you need to enable JavaScript to visit this website.

യെമനിൽ നാശം വിതക്കുക മാത്രമാണ്  ഇറാൻ ചെയ്തത് -ആദിൽ അൽജുബൈർ

റിയാദ് - യെമനിൽ നാശം വിതക്കുക മാത്രമാണ് ഇന്നുവരെ ഇറാൻ ചെയ്തതെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. റിയാദിൽ വിദേശ മന്ത്രാലയ ആസ്ഥാനത്ത് സ്വീഡിഷ് വിദേശ മന്ത്രി ആൻ ലിൻഡെക്കൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിൽ ഭീകര സംഘടനകളെ പിന്തുണക്കുകയും വിപ്ലവം കയറ്റി അയക്കുകയും സുരക്ഷാ ഭദ്രത തകർക്കുകയും ചെയ്യുന്ന നിഷേധാത്മക രാഷ്ട്രീയമാണ് ഇറാൻ പയറ്റുന്നത്. യെമനിൽ ആശുപത്രിയോ സ്‌കൂളോ നിർമിക്കുന്നതിന് ഒരു ഇഷ്ടിക പോലും ഇറാൻ ഇന്നുവരെ നൽകിയിട്ടില്ല. 


യെമൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിന് സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. സംഘർഷത്തിന് അറുതിയുണ്ടാക്കേണ്ടതിന്റെ പ്രാധാന്യം യെമനിലെ വിരുദ്ധ കക്ഷികൾ മനസ്സിലാക്കുന്നുണ്ട്. കൂടുതൽ മികച്ച ഭാവി ലഭിക്കുന്നതിന് യെമൻ ജനതക്ക് അവകാശമുണ്ട്. സമാധാനവും പുനർനിർമാണവും ഇല്ലാതെ മികച്ച ഭാവിയുണ്ടാകില്ല. 
സ്റ്റോക്ക്‌ഹോം സമാധാന കരാറുമായും മേഖലയിലെ സമാധാന ശ്രമങ്ങളുമായും ബന്ധപ്പെട്ട് സ്വീഡൻ വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്. യെമനിലെ സ്ഥിതിഗതികളും സ്റ്റോക്ക്‌ഹോം കരാർ നടപ്പാക്കുന്നതിനെ കുറിച്ചും സ്വീഡിഷ് വിദേശ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ വിശകലനം ചെയ്തിട്ടുണ്ട്. സിറിയയിലെ സ്ഥിതിഗതികളും മേഖലയിലെ മൊത്തത്തിലുള്ള പ്രശ്‌നങ്ങളും സ്വീഡിഷ് മന്ത്രിയുമായി ചർച്ച ചെയ്തു. വ്യത്യസ്ത പ്രശ്‌നങ്ങളിൽ രണ്ടു രാജ്യങ്ങൾക്കും സമാന നിലപാടാണുള്ളത്.

സൗദി അറേബ്യ യെമന് 1400 കോടിയിലേറെ ഡോളറിന്റെ സഹായങ്ങൾ നൽകിയിട്ടുണ്ട്. ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകൾ യുദ്ധമുന്നണിയിലേക്ക് റിക്രൂട്ട് ചെയ്ത കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനും ജനവാസ കേന്ദ്രങ്ങളിൽ നിന്ന് മൈനുകൾ നീക്കം ചെയ്യുന്നതിനും തൊഴിൽ സുരക്ഷയുള്ള പ്രദേശങ്ങളിൽ ചെറുകിട പദ്ധതികൾ നടപ്പാക്കുന്നതിനും സൗദി അറേബ്യ പ്രവർത്തിക്കുന്നതായും ആദിൽ അൽജുബൈർ പറഞ്ഞു.


മേഖലയിലെയും ആഗോള തലത്തിലെയും പ്രശ്‌നങ്ങൾ ആദിൽ അൽജുബൈറുമായി വിശകലനം ചെയ്തതായി സ്വീഡിഷ് വിദേശ മന്ത്രി പറഞ്ഞു. 1957 ലാണ് സൗദി അറേബ്യയും സ്വീഡനും നയതന്ത്ര ബന്ധം സ്ഥാപിച്ചത്. റിയാദ് കരാറും സ്റ്റോക്ക്‌ഹോം കരാറും നടപ്പാക്കുന്നതിനെ കുറിച്ചും യെമനിൽ റിലീഫ് വസ്തുക്കൾ എത്തിക്കുന്നതിന് നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും കൂടിക്കാഴ്ചക്കിടെ തങ്ങൾ വിശകലനം ചെയ്തു. വനിതാ ശാക്തീകരണ മേഖലയിൽ സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്നും ആൻ ലിൻഡെ പറഞ്ഞു. 


 

Latest News