Sorry, you need to enable JavaScript to visit this website.

മലേഷ്യൻ വിമാനം കാണാതായത് പൈലറ്റ് കാരണം; വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

ലണ്ടൻ- 2014 മാർച്ച് എട്ടിന് കാണാതായ മലേഷ്യൻ വിമാനത്തെക്കുറിച്ച് വെളിപ്പെടുത്തി മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ടോണി ആബട്ട്. വിമാനത്തിലെ പൈലറ്റ് നടത്തിയ ആത്മഹത്യയാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് ടോണി ആബട്ട് വെളിപ്പെടുത്തുന്നത്. 
തന്റെ ധാരണ, മലേഷ്യൻ ഗവൺമെന്റിന്റെ ഉന്നത തലങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളിൽ നിന്നുള്ള വ്യക്തമായ ധാരണ പ്രകാരം വളരെ നേരത്തെ തന്നെ പൈലറ്റിന്റെ ആത്മഹത്യാ കൊലപാതകമാണ് നടന്നതെന്ന് അവർക്ക് അറിയാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് ചാനലായ സ്‌കൈ ന്യൂസിന്റെ എം.എച്ച് 370: ദി അൺടോൾഡ് സ്‌റ്റോറി എന്ന ഡോക്യുമെന്ററിയിലാണ് ടോണി ആബട്ടിന്റെ വെളിപ്പെടുത്തൽ.
അതേസമയം വിമാനം കാണാതായ സമയത്ത് മലേഷ്യൻ പ്രധാനമന്ത്രിയായിരുന്ന നജീബ് റസാക്ക് ടോണി ആബട്ടിനെ വിമർശിച്ച് രംഗത്ത് വന്നു. വിമാനത്തിന്റെ ബ്ലാക് ബോക്‌സോ, കോക്പിറ്റ് വോയിസ് റെക്കോർഡോ കണ്ടെടുത്തിട്ടില്ലാത്ത സാഹചര്യത്തിൽ പൈലറ്റിനെ കുറ്റപ്പെടുത്തുന്നത് നിരുത്തരവാദപരവും നിയമവിരുദ്ധവുമാണെന്ന് നജീബ് റസാക്ക് പറഞ്ഞു. 
എന്നാൽ വിമാനത്തിനായുള്ള തിരച്ചിൽ ശ്രമത്തിനിടെയോ അന്വേഷണത്തിലോ ഇത്തരമൊരു സാധ്യത തള്ളിക്കളഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടോണി ആബട്ടിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കാണാതായ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കൾ പുനരന്വേഷണത്തിന് ആവശ്യമുന്നയിച്ചിട്ടുണ്ട്. ക്വലാലംപുർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് 40 മിനിറ്റിന് ശേഷമാണ് മലേഷ്യൻ വിമാനം എംഎച്ച് 370 റഡാറിൽ നിന്ന് അപ്രത്യക്ഷമാവുന്നത്. വിമാനത്തിലെ ആശയവിനിമയ സംവിധാനങ്ങൾ ആരോ മനഃപൂർവം ഓഫ് ചെയ്യുകയും വിമാനത്തിന്റെ ഗതി മാറ്റുകയും ചെയ്തുവെന്നാണ് ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നത്.

Latest News