Sorry, you need to enable JavaScript to visit this website.

ഉമര്‍ അക്മലിനെ പി.സി.ബി വിലക്കി

കറാച്ചി - സ്ഥിരം കുഴപ്പക്കാരനായ ഉമര്‍ അക്മലിനെ പാക്കിസ്ഥാന്‍ ട്വന്റി20 ലീഗ് ആരംഭിക്കുന്നതിന്റെ തലേന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിലക്കി. അച്ചടക്കലംഘനത്തിന്റെ പേരിലല്ല വിലക്ക്, അഴിമതി നിര്‍മാര്‍ജന നിയമപ്രകാരമാണ്. ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായി വിലക്കുകയാണെന്ന് പ്രഖ്യാപിച്ച പി.സി.ബി കാരണം വ്യക്തമാക്കിയിട്ടില്ല. പാക്കിസ്ഥാന്‍ ട്വന്റി20 ലീഗില്‍ ക്വറ്റ ഗ്ലേഡിയേറ്റേഴ്‌സ് ടീമംഗമാണ് ഉമര്‍ അക്മല്‍. നിലവിലെ ചാമ്പ്യന്മാരാണ് അവര്‍. 
ഈയിടെ ലാഹോറിലെ നാഷനല്‍ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമതാ പരിശോധന നടത്തുന്നവര്‍ക്കു നേരെ തുണിയുരിഞ്ഞു കാണിച്ചതിന് ഉമര്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തിനു ശേഷം പി.സി.ബി ഉമറിനെ ശിക്ഷിക്കാതെ വിട്ടു. തെറ്റിദ്ധാരണ കാരണമാണ് അതു സംഭവിച്ചത് എന്നായിരുന്നു വിശദീകരണം. 
11 വര്‍ഷത്തെ കരിയറിനിടെ ഇരുപത്തൊമ്പതുകാരന്‍ നിരവധി തവണ അച്ചടക്കലംഘനത്തിന് ശിക്ഷ വാങ്ങിയിരുന്നു. 2014 ല്‍ ഗതാഗത നിയമം ലംഘിച്ചതിന് ലാഹോറില്‍ അറസ്റ്റിലായി. വളരെ പ്രതിഭാധനനായ കളിക്കാരനാണെങ്കിലും അച്ചടക്കമില്ലായ്മയാണ് ഉമറിന്റെ പ്രധാന പ്രശ്‌നം. 16 ടെസ്റ്റിലും 121 ഏകദിനങ്ങളിലും 84 ട്വന്റി20 യിലും ആ കരിയര്‍ ഒതുങ്ങി. നാലു മാസം മുമ്പ് ശ്രീലങ്കക്കെതിരെയാണ് അവസാനം കളിച്ചത്. ട്വന്റി20 പരമ്പരയിലെ രണ്ടു കളികളിലും അക്കൗണ്ട് തുറക്കാനായില്ല. 

Latest News