Sorry, you need to enable JavaScript to visit this website.

ഇംപീച്ച്‌മെന്റ് വിചാരണ; ട്രംപിനെ യു.എസ് സെനറ്റ് കുറ്റവിമുക്തനാക്കി

വാഷിംഗ്ടണ്‍- യു.എസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച്‌മെന്റ് വിചാരണയില്‍നിന്ന് സെനറ്റ് കുറ്റവിമുക്തനാക്കി. അധികാര ദുര്‍വിനിയോഗം നടത്തി, കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി എന്നിങ്ങനെ ജനപ്രതിനിധിസഭ ചുമത്തിയ  കുറ്റങ്ങള്‍ ശരിവെക്കണോയെന്ന കാര്യത്തിലാണ്  സെനറ്റില്‍ വോട്ടെടുപ്പ് നടന്നത്.

അധികാര ദുര്‍വിനിയോഗ കുറ്റത്തില്‍ നിന്ന് 48-നെതിരെ 52 വോട്ടുകള്‍ക്കും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്ന കുറ്റത്തില്‍ 47-നെതിരെ 53 വോട്ടുകള്‍ക്കുമാണ് കുറ്റവിമുക്തനാക്കിയത്. ട്രംപിനെതിരായ ആദ്യ ഇംപീച്ച്‌മെന്റ് പ്രമേയത്തെ ഒരു റിപ്പബ്ലിക്കന്‍ സെനറ്റര്‍ അനുകൂലിച്ചു. മിറ്റ് റോംനിയാണ് ട്രംപിനെ പുറത്താക്കാനുള്ള പ്രമേയത്തെ അനുകൂലിച്ചത്.

100 അംഗ സെനറ്റില്‍ 67 പേരുടെ ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ ട്രംപിനെ പുറത്താക്കാനാവൂ. എന്നാല്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ പ്രമേയം പാസാക്കുക എളുപ്പമായിരുന്നില്ല. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 47 അംഗങ്ങള്‍ മാത്രമാണ് സെനറ്റിലുള്ളത്.

യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനും മകനുമെതിരെ അന്വേഷണം നടത്താന്‍ ഉക്രൈനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണത്തിലാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടി തുടങ്ങിയത്. ഡിസംബറില്‍ പ്രതിനിധിസഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. അമേരിക്കയുടെ ചരിത്രത്തില്‍ സെനറ്റില്‍ ഇംപീച്ച്‌മെന്റ് വിചാരണ നേരിടുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്.

 

Latest News