Sorry, you need to enable JavaScript to visit this website.

കാൻസർ രോഗികൾക്ക് ആശ്വാസമായി ഇനി ചക്ക തെറാപ്പി

കൊച്ചി- കീമോ തെറാപ്പിക്കു ശേഷം ശ്വേത രക്തകോശങ്ങൾ കുറയുന്ന ലൂകോപേനിയ തടയാൻ പെഗ്ഫിൽഗ്രാസ്റ്റിമിനോടൊപ്പം പച്ച ചക്കപ്പൊടി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സഹായിക്കുമെന്ന് പഠനം. റിനൈ മെഡിസിറ്റി ആശുപത്രിയിൽ ജാക്ഫ്രൂട്ട് 365 ഉപയോഗിച്ചു നടത്തിയ ക്ലിനിക്കൽ പഠനത്തിൽ കീമോ തെറാപ്പിക്കു ശേഷമുളള ലൂകോപേനിയയും പാർശ്വ ഫലങ്ങളും തടയുന്നതായി കാണാനായെന്ന് റിനൈ മെഡിസിറ്റി ആശുപത്രിയിലെ അർബുദ വിഭാഗം മേധാവിയും ഓങ്കോളജിസ്റ്റും സർജനുമായ ഡോ.തോമസ് വർഗീസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്ന ഉന്നത ജേർണലായ ബയോ മോളിക്യൂൾസിൽ ഈ ഗവേഷണത്തെക്കുറിച്ചുള്ള പുതിയ വിശകലനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻ ഗവേഷണ റിപോർട്ട് അനുസരിച്ച് പാർശ്വ ഫലങ്ങൾക്കെതിരെ പെഗ്ഫിൽഗ്രാസ്റ്റിം ഉപയോഗിക്കുന്നതു വഴി 43.6 ശതമാനം മാത്രം തടയാനായതായാണ് കണ്ടെത്തിയിരുന്നത്. കീമോ തെറാപ്പിക്കു വിധേയരാകുന്നവരിൽ ഭൂരിഭാഗത്തിനും ഡയേറിയ, വായിലെ അൾസർ, ന്യൂമോണിയ പോലുള്ള ശ്വാസകോശ പ്രശ്‌നങ്ങൾ, ഇലക്ട്രോലിറ്റിക് ഇൻബാലൻസ് തുടങ്ങിയ പാർശ്വ ഫലങ്ങൾ ഉണ്ടാകുന്നതായും കണ്ടെത്തിയിരുന്നു. 


50 ട്യൂമർ രോഗികളിൽ ആറു കീമോ സൈക്കിളുകളിലാണ് പഠനം നടത്തിയത്. കീമോയുടെ ആദ്യ ദിവസം മുതൽ 21-ാം ദിവസം വരെ രോഗികൾ അരിയോ ഗോതമ്പോ ഓട്ട്‌സോ ഉപയോഗിച്ചു തയയ്യാറാക്കിയ പതിവു ഭക്ഷണത്തിൽ 30 ഗ്രാം അല്ലെങ്കിൽ മൂന്നു ടേബിൾ സ്പൂൺ ജാക്ഫ്രൂട്ട് 365 പച്ച ചക്കപ്പൊടി കൂടി ഉൾപ്പെടുത്തിയപ്പോൾ കീമോടോക്‌സിസിറ്റി 100 ശതമാനം തടഞ്ഞതായി കണ്ടെത്തിയതായും ഡോ.തോമസ് വർഗീസ് പറഞ്ഞു. ഇൻഫെക്ഷനുകൾ ഉണ്ടാകുന്നതിനെതിരെ പ്രതിരോധ സംവിധാനം തയാറാക്കുന്ന ശ്വേത രക്തകോശങ്ങളുടെ ആവശ്യമായ ഉൽപാദനം സാധ്യമാക്കുന്നതിന് ബോൺ മാരോ ഉത്തേജിപ്പിക്കാൻ ലൂകോപേനിയ ഉള്ള പല രോഗികളിലും വില കൂടിയ ആന്റി ബയോട്ടിക്കുകളും ആന്റി ഫംഗൽ ചികിൽസകളുമാണ് പ്രതിദിനം ഫിൽഗ്രാറ്റിസിമിനു പുറമെ നൽകുന്നത്. 


കീമോ തെറാപ്പിയുടെ ആറു സൈക്കിളുകളിൽ ഒന്നിലും ഇവർക്കാർക്കും ലൂകോപേനിയ ഉണ്ടായില്ലെന്നും കണ്ടെത്തുകയുണ്ടായി. ലൂകോപേനിയ ഇല്ലാത്തതിനാൽ അധിക ചെലവുകളും ഒഴിവാക്കാനായി. ഇടക്കു വെച്ച് നിർത്തി പോകുന്നതും ഡോസ് കുറക്കുന്നതും പുനഃക്രമീകരണം നടത്തുന്നതും ഇതിനിടയിൽ ഉണ്ടായില്ല. ഇതിലൂടെ ലൂകോപേനിയ തടയാൻ സാധിച്ചാൽ 5 വർഷത്തെ കാൻസർ സർവൈവൽ റേറ്റ് കൂടുന്നതായി സർവേയിൽ കാണിച്ചിട്ടുണ്ടെന്നും ഡോ.തോമസ് വർഗീസ് വ്യക്തമാക്കി.
2002ൽ പെഗ്ഫിൽഗ്രാസ്റ്റിം കണ്ടുപിടിച്ചതിനു ശേഷമുള്ള കീമോടോക്‌സിറ്റി തടയുന്ന അർബുദ രോഗികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന, അതും പ്രാദേശികമായി ലഭിക്കുന്ന ചക്ക പോലുള്ള ഒരു ഫലം ഉപയോഗിച്ചുള്ള വലിയൊരു മുന്നേറ്റമാണ് ഈ പഠനമെന്ന് ഡോ.തോമസ് വർഗീസ് ചൂണ്ടിക്കാട്ടി. 


പാർശ്വഫലങ്ങൾ മൂലം ചികിൽസ തുടരാനാകാത്തതും ലൂകോപേനിയയെ കുറിച്ചുള്ള ഭീതി മൂലം കീമോ തെറാപ്പി നടത്താനാവാത്തതും ആയ കൂടുതൽ രോഗികൾക്ക് ആഗോള വ്യാപകമായി ഇതു ഗുണം ചെയ്യും. ലൂകോപേനിയ തടയുന്നതു വഴിയുള്ള ആഗോള തലത്തിലെ സാമ്പത്തിക നേട്ടം കോടിക്കണക്കിനായിരിക്കുമെന്നും ഡോ.തോമസ് വർഗീസ് പറഞ്ഞു. 
കീമോ തെറാപ്പിയുടെ സങ്കീർണതകൾ ചികിൽസിക്കാനായി വിലപ്പെട്ട മണിക്കൂറുകൾ ചെലവഴിക്കേണ്ടതില്ല എന്നതു കൊണ്ട് പരിചരിക്കുന്ന ഡോക്ടർമാരുടേയും ജീവനക്കാരുടേയും ജീവിത നിലവാരം ഉയർത്താനും ലൂകോപേനിയയുടെ പൂർണമായ ഇല്ലാതാക്കൽ വഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


ജെയിംസ് ജോസഫ് സ്ഥാപിച്ച സ്റ്റാർട്ട് അപ് ഇന്ത്യയുടെ അംഗീകാരമുള്ള ഗോഡ്‌സ് ഓൺ ഫുഡ് സൊലൂഷൻസ് നിർമിച്ച ജാക്ഫ്രൂട്ട് 365 ഈസ്റ്റേൺ കോണ്ടിമെന്റ്‌സാണ് വിപണനം ചെയ്യുന്നത്. ഇന്ത്യയിലും ഗൾഫിലുമുള്ള അയ്യായിരത്തോളം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ലഭ്യമായ ഇത് ആമസോണിലൂടെയും ബിഗ്ബാസ്‌ക്കറ്റിലൂടെയും ഓൺലൈനായും ലഭിക്കുമെന്ന് ജെയിംസ് ജോസഫ് പറഞ്ഞു.

 

Latest News