Sorry, you need to enable JavaScript to visit this website.

കൊറോണ:  ചില പ്രതിരോധ പാഠങ്ങൾ

ചൈനയിൽ നിന്നാരംഭിച്ച് ലോകത്താകമാനം ഭീതിയായി പടരുന്ന കൊറോണ(നോവൽ)  വൈറസ് മലബാർ മേഖലയിലും ആശങ്കകൾക്കൊപ്പം ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വൈകല്യങ്ങളെ ഓർമ്മപ്പെടുത്താനും തുടങ്ങിയിരിക്കുന്നു. മുമ്പ് നിപ്പ വൈറസിന്റെ താണ്ഡവത്തിൽ നാട് വിറച്ചപ്പോഴും ഉയർന്നു വന്ന ചോദ്യങ്ങൾ ഇപ്പോഴും ആവർത്തിക്കപ്പെടുകയാണ്. ഏത് പേരിട്ടു വിളിക്കുന്ന വൈറസായാലും പ്രതിരോധിക്കാൻ സംവിധാനങ്ങൾ ഇല്ലെങ്കിൽ മരണത്തെ കുറിച്ചുള്ള ഭയാശങ്കകളാണ് ജനങ്ങൾക്കിടയിൽ പടർത്തുക. കൊറോണയെത്തുമ്പോഴും രോഗനിർണയത്തിന്റെയും പ്രതിരോധത്തിന്റെയും കാര്യത്തിൽ നാം ഇരുട്ടിൽ തപ്പുകയാണ്.


നിപ്പ വൈറസ് കൂടുതൽ വിറപ്പിച്ചത് മലബാർ മേഖലയെയാണ്. രോഗബാധയേറ്റവരിൽ ഏറെയും ഈ മേഖലയിൽ നിന്നുള്ളവരായതിനാൽ ചികിൽസാ സംവിധാനങ്ങൾ സജീവമായത് കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ചായിരുന്നു. വൈറസ് ബാധയേറ്റ് നിരവധി പേര് മരിച്ചു വീണതോടെ മലബാർ മേഖലയെ പൊതുവെയും കോഴിക്കോട് ജില്ല പ്രത്യേകിച്ചും ആശങ്കയുടെ നാളുകളിലാണ് ജീവിച്ചത്. കോഴിക്കോട് നഗരം കടകൾ തുറക്കാതെയും ബസുകൾ ഓടാതെയും വിജനമായ ദിവസങ്ങളായിരുന്നു അത്. സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും ഡോക്ടർമാരും നഴ്‌സുമാരുമുൾപ്പെടുന്ന ആരോഗ്യ പ്രവർത്തകരുടെയും നിസ്വാർഥവും വിശ്രമരഹിതവുമായ പ്രവർത്തനങ്ങൾ കൊണ്ട് നിപ്പയെ ഒരു പരിധിക്കപ്പുറം വളരാതെ തടയാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞു. 


ഇപ്പോൾ കൊറോണയെന്ന പേരിൽ എത്തിയ പുതിയ വില്ലൻ എല്ലാ ജില്ലകളിലും പരിഭ്രാന്തി പരത്തി തുടങ്ങിയിട്ടുണ്ട്. തൃശൂർ ജില്ലയിലാണ് ആദ്യത്തെ രോഗബാധിതനെ കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ചാണ് ഇത്തവണ കൊറോണയെ തടയാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. അതു കൊണ്ടു തന്നെ കേരളത്തിലെ ആരോഗ്യമേഖലയുടെ ശ്രദ്ധ മുഴുവൻ ആലപ്പുഴയിൽനിന്ന് വരുന്ന ഏറ്റവും പുതിയ വിവരങ്ങളെ കുറിച്ചാണ്.വടക്കൻ ജില്ലകളിലും വൈറസ് ബാധ സംശയിക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ സംശയത്തിന്റെ നിഴലിലുള്ളത്.


രോഗങ്ങളുടെ വ്യാപനം ഒരു പ്രദേശത്തെ കേന്ദ്രീകരിച്ചാകണമെന്നില്ല. നഗര-ഗ്രാമങ്ങൾ വ്യത്യാസമില്ലാതെ എവിടെയും അതിവേഗം പടർന്നു പിടിക്കാൻ വൈറസുകൾക്ക് കഴിഞ്ഞേക്കാം. എന്നാൽ എല്ലായിടത്തും രോഗം കണ്ടെത്തുന്നതിനും ചികിൽസിക്കുന്നതിനും സംവിധാനങ്ങൾ ഉണ്ടാകണമെന്നതാണ് പ്രധാനം. ചികിൽസാ ശാസ്ത്രവുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യം രോഗ നിർണയത്തിലുള്ള മികവാണ്. ഏതെങ്കിലും പ്രദേശത്ത് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയാൽ മാത്രമേ ചികിൽസയെ കുറിച്ചും പ്രതിരോധത്തെ കുറിച്ചും ചിന്തിക്കാനാകൂ. നിർഭാഗ്യവശാൽ മലബാർ മേഖലയിൽ ആരോഗ്യ രംഗം ഇക്കാര്യത്തിൽ ഏറെ പിറകിലാണ്.


വൈറസുകളുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തുന്നതിന് മലബാർ മേഖലയിൽ സ്ഥിരം സംവിധാനമില്ലെന്നത് ആശങ്കാജനകമാണ്. നിപ്പ വൈറസ്ബാധ പടർന്നു പിടിച്ച സമയത്തും ആരോഗ്യപ്രവർത്തകർക്ക് ഏറെ വെല്ലുവിളി ഉയർത്തിയത് കോഴിക്കോട് കേന്ദ്രീകരിച്ച് വൈറോളജി ലാബ് ഇല്ലാതിരുന്നതാണ്. കേരളത്തിൽ ആലപ്പുഴയിൽ മാത്രമാണ് വൈറസുകളെ കുറിച്ച് വിദഗ്ധ പരിശോധന നടത്തുന്നതിനുള്ള ലാബുള്ളത്. എന്നാൽ ഈ ലാബിൽ പുതിയ ഇനം വൈറസുകളെ ഔദ്യോഗികമായി പരിശോധിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ അനുമതി കഴിഞ്ഞ ദിവസം മാത്രമാണ് ലഭിച്ചത്. പരിശോധന നടത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ വർഷങ്ങളായി ഈ സ്ഥാപനം കേരളത്തിന് അത്യാവശ്യ ഘട്ടങ്ങളിൽ പ്രയോജനപ്പെടാതെ പോകുകയായിരുന്നു. പൂനെയിലെ വൈറോളജി ലാബിലാണ് വൈറസുകളെ കുറിച്ചുള്ള പഠനം നടക്കുന്നത്. കേരളത്തിൽ പുതിയ വൈറസ് ബാധ തുടങ്ങുമ്പോൾ പൂനെയിലേക്ക് രക്തസാമ്പിളുകൾ അയച്ച് കാത്തിരിക്കുകയാണ് പതിവ്. പലപ്പോഴും രണ്ടാഴ്ചയോളം സമയമെടുത്താണ് പരിശോധനാ ഫലം ലഭിക്കുന്നത്. രോഗവ്യാപനം നേരത്തെ തടയുന്നതിന് ഈ കാലതാമസം ഇടയാക്കുന്നു.


ആരോഗ്യമേഖലയിൽ വലിയ മുന്നേറ്റം നടത്തി വരുന്ന കേരളത്തിന് വൈറസ് ഗവേഷണമേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. താലൂക്കുകൾ തോറും ജില്ലാ ആശുപത്രികളും നിരവധി മെഡിക്കൽ കോളേജുകളും ഉണ്ടെങ്കിലും പുത്തൻ രോഗങ്ങൾക്ക് മുന്നിൽ ആരോഗ്യമേഖല പകച്ചു നിൽക്കുകയാണ്. രോഗം നിർണയമാണ് ചികിൽസയിലെ പ്രധാന ഘടകമെന്നിരിക്കെ അതിനുള്ള സൗകര്യങ്ങൾ ലഭ്യമല്ലെന്നത് ലജ്ജാകരമാണ്. അസുഖം പടർന്നു പിടിക്കുമ്പോൾ ജില്ലാ ആശുപത്രികളും മെഡിക്കൽ കോളേജുകളിലും പരിശോധനാ കിറ്റുകൾ എത്തിക്കുന്ന രീതി ഫലപ്രദമല്ലെന്ന് ആധുനിക ആരോഗ്യമേഖലക്ക് ചേർന്നതല്ല. മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ച് എല്ലാ സംവിധാനങ്ങളോടും കൂടിയ വൈറോളജി ലാബുകൾ സജ്ജമാകേണ്ടതുണ്ട്.


വൈറസ് ബാധയെ പ്രതിരോധിക്കുന്നതിൽ മലബാർ മേഖല മികവു പുലർത്തിയത് നിപ്പയുടെ വ്യാപനകാലത്ത് കണ്ടതാണ്. എന്നാൽ രോഗനിർണയത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതാണ് ഈ മേഖലയെയും പ്രതിസന്ധിയിലാക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാധുനിക സൗകര്യങ്ങളുള്ള വൈറോളജി ലാബ് സ്ഥാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
 രോഗം ബാധ സംശയിക്കപ്പെട്ട് ജനങ്ങൾ നിരീക്ഷണത്തിൽ കഴിയുമ്പോൾ രക്തപരിശോധനയുടെ ഫലം ലഭിക്കാൻ പൂനെയിലേക്കോ ആലപ്പുഴയിലേക്കോ നോക്കി കാത്തിരിക്കുന്നത് ഭാഗ്യപരീക്ഷണമാകും. ജില്ലാ തലത്തിൽ അടിയന്തര സംവിധാനങ്ങൾ ഒരുക്കുന്നതോടൊപ്പം കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് ആധുനിക സൗകര്യങ്ങളുള്ള വൈറോളജി ലാബ് ആരംഭിക്കുന്നതിനെ കുറിച്ച് സർക്കാർ തലത്തിൽ നടപടികളുണ്ടാകേണ്ടതുണ്ട്. 
 

Latest News