Sorry, you need to enable JavaScript to visit this website.

ഇറാൻ ശൈലി മാറ്റുന്നതുവരെ ചർച്ച സാധ്യമാകില്ല -അൽജുബൈർ

സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലെ ലുഡോവിക യൂനിവേഴ്‌സിറ്റിയിൽ പ്രഭാഷണം നടത്തുന്നു.

റിയാദ് - നിലവിലെ സാഹചര്യത്തിൽ ഇറാനുമായി ചർച്ച സാധ്യമാകില്ലെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലെ ലുഡോവിക യൂനിവേഴ്‌സിറ്റിയിൽ നടത്തിയ പ്രഭാഷണത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. സൗദി അറേബ്യയുടെ വിദേശ നയങ്ങളും വിഷൻ 2030 പരിഷ്‌കരണങ്ങളും എന്ന ശീർഷകത്തിലായിരുന്നു പ്രഭാഷണം.


ഇസ്‌ലാമിക വിപ്ലവം കയറ്റി അയക്കണമെന്ന് ഇറാൻ ഭരണഘടന തന്നെ ആവശ്യപ്പെടുന്നുണ്ട്. തങ്ങളുടെ പ്രവർത്തന ശൈലിയിൽ ഇറാൻ മാറ്റം വരുത്തണം. മേഖലയിലെ ഇറാന്റെ പ്രവർത്തന ശൈലി കാരണമായാണ് ഇറാനു മേൽ സാമ്പത്തിക ഉപരോധം വേണ്ടിവന്നത്. ഇറാനു മേൽ സാമ്പത്തിക ഉപരോധം അടിച്ചേൽപിക്കണമെന്ന് ആഗോള സമൂഹം ആഗ്രഹിച്ചതല്ല. 
ഇറാൻ ജനത ചരിത്രപരമായി മിതവാദികളാണ്. എന്നാൽ ഇറാൻ ഭരണകൂടം രാജ്യത്തെ ഹൈജാക് ചെയ്യുകയായിരുന്നു. മിസൈലുകളോ മിലീഷ്യകളെയോ ഉപയോഗിച്ച് സൗദി അറേബ്യ ഇറാനെ ലക്ഷ്യമിട്ടിട്ടില്ല. അതുകൊണ്ടു തന്നെ ഇത്തരം പ്രവർത്തനങ്ങൾ ഇറാൻ നിർത്തിവെക്കണം. ഇസ്രായിലുമായി സൗദി അറേബ്യക്ക് ബന്ധങ്ങളില്ല. യു.എൻ രക്ഷാ സമിതി തീരുമാനങ്ങൾക്കനുസൃതമായി പശ്ചിമേഷ്യൻ സംഘർഷത്തിന് ദ്വിരാഷ്ട്ര പരിഹാരം കാണണമെന്ന നിലപാടിൽ സൗദി അറേബ്യ ഉറച്ചുനിൽക്കുന്നു. 


യെമനിൽ രാഷ്ട്രീയ സംഘർഷത്തിന് പരിഹാരം കാണുന്നതിന് ശ്രമിച്ച് വ്യത്യസ്ത കക്ഷികളെ പങ്കെടുപ്പിച്ച് ദേശീയ സംവാദം സംഘടിപ്പിച്ചിരുന്നു. ഇതിന് തുരങ്കം വെച്ച് ഹൂത്തികൾ അട്ടിമറി നടത്തുകയായിരുന്നു. സൗദി അറേബ്യ യെമനിൽ യുദ്ധം ആഗ്രഹിക്കുന്നില്ല. യെമനിൽ രാഷ്ട്രീയ പരിഹാരത്തിനാണ് ശ്രമിക്കുന്നത്. യെമനിൽ രാഷ്ട്രീയ ന്യൂനപക്ഷം ആധിപത്യം ചെലുത്തുന്നത് സൗദി അറേബ്യ അംഗീകരിക്കില്ല. ലോകത്തെങ്ങുമുള്ള സംഘർഷങ്ങളും പ്രതിസന്ധികളും ഏകോപനത്തിലൂടെയും ചർച്ചകളിലൂടെയും പരിഹരിക്കണമെന്നും വിദേശകാര്യ സഹമന്ത്രി പറഞ്ഞു.


പ്രാദേശിക, ആഗോള തലങ്ങളിൽ സുരക്ഷാ ഭദ്രതയും സമാധാനവുമുണ്ടാക്കുന്നതിന് സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെ കുറിച്ചും സാമ്പത്തിക സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണത്തിനുള്ള വിഷൻ 2030 പദ്ധതിയെ കുറിച്ചും ആദിൽ അൽജുബൈർ വിശദീകരിച്ചു. പെട്രോൾ വരുമാനം ആശ്രയിക്കുന്നത് കുറക്കുന്നതിനും സ്ത്രീശാക്തീകരണത്തിനും യുവാക്കൾക്ക് പിന്തുണ നൽകുന്നതിനും സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഏജൻസികളുടെയും പ്രവർത്തന നിലവാരം മെച്ചപ്പെടുത്തുന്നതിനും വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു. പ്രഭാഷണത്തിനു ശേഷം ശ്രോതാക്കളുടെ ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും ആദിൽ അൽജുബൈർ മറുപടി നൽകി. ഹംഗറിയിലെ മുതിർന്ന നേതാക്കളും നയതന്ത്ര ഉദ്യോഗസ്ഥരും ഗവേഷകരും യൂനിവേഴ്‌സിറ്റി വിദ്യാർഥികളും ചടങ്ങിൽ സംബന്ധിച്ചു. ഇതോടനുബന്ധിച്ച് സൗദിയിലെ വിനോദ സഞ്ചാര, പൈതൃക കേന്ദ്രങ്ങളെ കുറിച്ച ഫോട്ടോ പ്രദർശനവും യൂനിവേഴ്‌സിറ്റി ആസ്ഥാനത്ത് ഹംഗറിയിലെ സൗദി എംബസി സംഘടിപ്പിച്ചിരുന്നു. 

 

Latest News