Sorry, you need to enable JavaScript to visit this website.

മത ധ്രുവീകരണമുണ്ടാക്കുക മാത്രമാണ് പൗരത്വ  നിയമത്തിന്റെ ലക്ഷ്യം -ജസ്റ്റിസ് ബി.കെമാൽ പാഷ 

പൗരത്വ നിയമ ഭേദഗതിക്കെതിരെ കടപ്പുറം പഞ്ചായത്ത് മഹല്ല് കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ജസ്റ്റിസ് ബി.കെമാൽ പാഷ ഉദ്ഘാടനം ചെയ്യുന്നു.

 ചാവക്കാട് - മത ധ്രുവീകരണമുണ്ടാക്കുക മാത്രമാണ് പൗരത്വ നിയമത്തിന് പിന്നിലുള്ള ലക്ഷ്യമെന്ന് ജസ്റ്റിസ് ബി.കെമാൽ പാഷ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ കടപ്പുറം പഞ്ചായത്ത് മഹല്ല് കോഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
മതം അധികാരത്തിലേക്കുള്ള ഏണിപ്പടിയായപ്പോൾ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മൂല്യം നഷ്ടമായി. പൗരത്വം നൽകുന്നതിന് മതം അടിസ്ഥാനമാക്കുന്നത് രാജ്യത്ത് ആദ്യമായാണ്. ആർക്കും ഒന്നും കൊടുക്കാൻ വേണ്ടിയല്ല പൗരത്വ നിയമം കൊണ്ടുവന്നത്. 


ഇതരസമുദായങ്ങളെ പ്രീണിപ്പിച്ചു കൂടെ നിർത്താൻ വേണ്ടി മാത്രമാണ് ഈ നിയമം കൊണ്ടു വന്നിട്ടുള്ളത്. ലക്ഷക്കണക്കിന് ജനങ്ങൾ പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്ന, തല ചായ്ക്കാൻ കൂര പോലുമില്ലാത്ത നാട്ടിലാണ് പൗരത്വ നിയമം സർക്കാർ കൊണ്ടുവന്നിട്ടുള്ളത്. കോടതിവിധി എന്താണെന്ന് നോക്കേണ്ട കാര്യമില്ല. ഭരണകൂടം തന്നെ ഈ നിയമം പിൻവലിക്കുകയാണ് വേണ്ടത്. ഭരണകൂടം പിൻവലിക്കുന്നത് വരെ പ്രതിഷേധവും സമരവും തുടരണം. സമരമുറകൾക്കു മുന്നിൽ മുട്ടുമടക്കാത്ത ഭരണകൂടമില്ല.  ഇത് മുസ്‌ലിം  സമൂഹത്തിന്റെ പ്രശ്‌നമല്ലന്നും എല്ലാവിഭാഗത്തിനെയും ബാധിക്കുന്ന അപകടമാണ് പതിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ പാസ്‌പോർട്ട് ആക്ട് അനുസരിച്ച് ഇന്ത്യൻ പൗരന് മാത്രമേ പാസ്‌പോർട്ട് കൊടുക്കാനാവൂ. ഇതൊന്നും മനസ്സിലാക്കാതെയാണ് പാസ്‌പോർട്ട് പൗരത്വത്തിനുള്ള രേഖയല്ലെന്ന് പറയുന്നത്. ചില സംസ്ഥാനങ്ങൾക്ക് ഐ.എൽ.പി പദവി നൽകിയത് അപകടകരമാണെന്നും കെമാൽ പാഷ പറഞ്ഞു.

ജനങ്ങളെ വിശ്വാസത്തിൽ എടുക്കേണ്ടത് ഭരണകൂടമാണ്. ഭരണകൂടം നമ്മളെ വിശ്വാസത്തിലെടുക്കാത്തോളംകാലം നമ്മൾ ഇവിടെ ജീവിച്ചിട്ടു കാര്യമില്ല. അത് കൊണ്ട് അവർ ഈ നിയമം പിൻവലിച്ചിരിക്കണം. അതായിരിക്കണം നമ്മുടെ കാഴ്ചപ്പാട്. പരാജയപെട്ടവന്റെ കണ്ണീരിൽ നിന്നും വിജയം കൈവരിക്കാൻ കഴിയണം. എൻ.കെ.അബ്ദുൽ ഖാദർ മുസ്‌ലിയാർ പ്രാർഥന നടത്തി. 
മഹല്ല് കോ-ഓർഡിനേഷൻ ചെയർമാൻ ബി.കൊച്ചുകോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ്, എക്‌സ് എം.എൽ.എ അബ്ദുൽ റഹ്മാൻ രണ്ടത്താണി, സാഹിത്യകാരൻ പി.സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു. മഹല്ല് കോഓഡിനേഷൻ ജനറൽ കൺവീനർ എ.അബ്ദുൽ റഹ്മാൻ സ്വാഗതവും ട്രഷറർ ടി.കെ.അബ്ദുൽ സലാം നന്ദിയും പറഞ്ഞു.

 

 

Latest News