Sorry, you need to enable JavaScript to visit this website.

കൊച്ചിയിൽ ലോംഗ് മാർച്ചിൽ പങ്കെടുത്ത വിദേശ വനിതയോട് ഉടൻ രാജ്യം വിടാൻ നിർദ്ദേശം

കൊച്ചി- പൗരത്വഭേദഗതി നിയമത്തിനെതിരെ കൊച്ചിയിൽ നടന്ന ലോംഗ് മാർച്ചിൽ പങ്കെടുത്ത നോർവീജിയൻ സ്വദേശിയായ വനിതയോട് രാജ്യം വിടാൻ നിർദ്ദേശം. ഇന്ന് ഉച്ചയോടെ തിരിച്ചപോകുമെന്ന് അവർ അറിയിച്ചു.  നോർവീജിയൻ സ്വദേശിനിയായ ജാനി മെറ്റി ജോൺസണിനോടാണ് വിസാ ചട്ടം ലംഘിച്ചതിന്റെ പേരിൽ ഉടൻ ഇന്ത്യ വിട്ടുപോകണമെന്ന നിർദേശം എമിഗ്രേഷൻ അധികൃതർ നൽകിയത്. തിങ്കളാഴ്ച ഫോർട്ട് കൊച്ചിയിലേക്ക് നടന്ന ലോംഗ് മാർച്ചിൽ ജാനി മെറ്റും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. മാർച്ചിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ ഇവർ ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്തിരുന്നു. 
വിദേശരാജ്യങ്ങളിൽ നിന്നും ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തുന്നവർക്ക് ഇവിടെ നടക്കുന്ന പ്രതിഷേധങ്ങളിലോ ഏതെങ്കിലും രീതിയിലുള്ള സമരങ്ങളിലോ പങ്കെടുക്കാനുള്ള അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. രാജ്യ താത്പര്യത്തിന് എതിരായി പ്രവർത്തിച്ചുവെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ജാനി മെറ്റിന്റെ താമസസ്ഥലത്തെത്തിയായിരുന്നു അധികൃതർ ഇക്കാര്യം അറിയിച്ചത്. ഹോട്ടലിൽ എത്തിയ ഉദ്യോഗസ്ഥർ തന്നോട് രാജ്യം വിടാൻ ആവശ്യപ്പെടുകയായിരുന്നു എന്ന് ജാനി മെറ്റി ജോൺസണും പറഞ്ഞു. നിയമ നടപടി നേരിടേണ്ടി വരുമെന്നതിനാൽ നോർവേയിലേക്ക് മടങ്ങുകയാണെന്നും അവർ അറിയിച്ചു.
 

Latest News