Sorry, you need to enable JavaScript to visit this website.

ഹിന്ദു-മുസ്‌ലിം സ്‌നേഹ വിനിമയം

കാലത്തിന് മുന്നിൽ തലയെടുപ്പോടെ നടന്ന കവിയായിരുന്നു ഇടശ്ശേരി ഗോവിന്ദൻ നായരെന്ന് (1906 -1974) കേരളത്തിനറിയാം. നാട് ഇന്ന് കാണും വിധം മാറ്റിയെടുക്കുന്നതിൽ വലിയ തോതിൽ പങ്ക് വഹിച്ച തൂലികയുടെ ഉടമ. പുത്തൻ കലവും പൊന്നരിവാളും എന്ന കവിതയിലെ 
'ഒരു പിടി കൊള്ളക്കാർ കരുതി വെച്ചുള്ള തരമധികാരം കൊയ്യേണമാദ്യം നാം    അതിനു മേലാകട്ടെ പൊന്നാര്യൻ...' എന്ന വരികൾ കേരളത്തിൽ  ഇടതുപക്ഷ മണ്ണ് രൂപപ്പെടുത്തുന്നതിൽ വഹിച്ച പങ്ക് എത്രയെന്ന് അക്കാലത്തെ സാംസ്‌കാരിക ചലനങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. അദ്ദേഹം പരിസ്ഥിതി സംബന്ധമായും സാമൂഹ്യ വിഷയങ്ങളിലും നല്ല ഉൾക്കാഴ്ചയോടെ എഴുതിയ വരികളെല്ലാം ധാരാളമായി ഉദ്ധരിക്കപ്പെട്ടുവെങ്കിലും 'ഇസ്‌ലാമിലെ വൻമല ' മാത്രം അത്രയൊന്നും ശ്രദ്ധ നേടാതെ പോയി. ഏറനാട്ടിലെയും വള്ളുവനാട്ടിലെയും  സൗഹാർദ ജീവിതം പറയാൻ മാത്രം പലരുമത് പ്രസംഗ വിഷയമാക്കിയിട്ടുണ്ട്.

കേരളത്തിലെ മതന്യൂനപക്ഷ പ്രസംഗകരിൽ തിരുവനന്തപുരം പാളയം പള്ളി ഇമാം വി.പി. സുഹൈബ് മൗലവി പല വേദികളിലും ഇസ്‌ലാമിന്റെ വൻമല ഉദ്ധരിക്കുന്നത് കേട്ടിട്ടുണ്ട്. ഗൂഗിളിൽ ഈ കവിതയുടെ സാന്നിധ്യം വി.കെ. ശശിധരന്റെ മനോഹര ആലാപനമായി നിലനിൽക്കുന്നു (2015). കേരളത്തിന്റെ മഹാ സാഹിത്യകാരനായ എം.ടി. വാസുദേവൻ നായർ കഴിഞ്ഞ ദിവസം ഈ കവിതയുടെ പ്രാധാന്യം  ഇടശ്ശേരിയുടെ നാട്ടിൽ നടന്ന ഒരു ചടങ്ങിൽ എടുത്തു പറയുകയുണ്ടായി. കുറ്റിപ്പുറത്ത് നടന്ന ഇടശ്ശേരി സ്മൃതി സംഗമത്തിലാണ് സമകാലീന രാഷ്ട്രീയ അവസ്ഥയിൽ ഏറ്റവും പ്രസക്തമായ കവിത ഇ ടശ്ശേരിയുടെ ഇസ്‌ലാമിലെ വൻ മലയാണെന്ന് ഗൗരവപൂർവം ഉണർത്തിയത്. 
'നൂറു ശതമാനം ഞാനൊരരാര്യ  കൂറും കുടുമയുമുള്ള ഹിന്ദു 

 മാപ്പിളേ നീയെൻ അലവിയെങ്കിൽ തോളിൽ കൈയിട്ടു നടന്നുകൊള്ളൂ'  എന്ന വരികൾ സദസ്സിന്റെ നീണ്ട കരഘോഷങ്ങൾക്കിടയിൽ എം.ടി ചൊല്ലുകയുണ്ടായി. വാക്കുകൾ മാത്രമല്ല    ശരീര ചലനങ്ങൾ പോലും ശ്രദ്ധാപൂർവം മാത്രം ഉപയോഗിക്കുന്ന എം.ടി ആ വരികൾ ചൊല്ലുക വഴി കവിതയുടെ സന്ദേശം ഒരിക്കൽ കൂടി മലയാളിയെ ഓർമപ്പെടുത്തുകയായിരുന്നു. അലവി എന്ന സ്‌കൂൾ കാല കൂട്ടുകാരനാണ് കവിതയിലെ കഥാപാത്രം. പിതാവിന്റെ ചായക്കടയിൽ നിന്നാണ്  അലവി ഇടവേളയിൽ ഭക്ഷണം കഴിക്കുന്നത്.

 

അന്നേരമെല്ലാം  മറ്റൊരു കഥാപാത്രമായ കവി കാഴ്ചകൾ കണ്ട്   വിശന്ന് വലഞ്ഞ്  മരച്ചുവട്ടിലിരിക്കും.  പിതാവിന്റെ കടയിൽ നിന്ന് അലവി ഉടുമുണ്ടിൽ പൊതിഞ്ഞു കൊണ്ടുവരുന്ന പഴം തിന്നാണ് കവി വിശപ്പടക്കുന്നത്. ഒരു നാൾ ഈ കുഞ്ഞുകള്ളം കൈയോടെ പിടിക്കപ്പെട്ടു. പിതാവ് പൊതിരെ തല്ലിയിട്ടും വേദന സഹിച്ചതല്ലാതെ അലവി കവിയുടെ പേര് പറയുന്നില്ല. തന്റെ അഭിമാനം സംരക്ഷിക്കാൻ അലവി എന്ന മാപ്പിള  സ്‌നേഹിതൻ സഹിച്ച ത്യാഗം ഭാവനയിൽ കണ്ടാണ് കവിയിൽ നിന്ന് മേൽപറഞ്ഞ  വരികൾ  പിറന്നു വീണത്. ബാപ്പയുടെ അടിയുടെ വേദനയിൽ പുളയുമ്പോഴും ആർക്കു വേണ്ടിയാണ് പഴം എടുത്തതെന്ന് അലവി പറയുന്നില്ല. ഹിന്ദു സ്‌നേഹിതന്റെ അഭിമാനം സംരക്ഷിക്കുന്ന അലവിയിലൂടെ കവി ഇസ്‌ലാമിലെ വൻമല കാണുകയാണ്. നിങ്ങൾക്കും ഞങ്ങൾക്കും മാപ്പിളാരെ, സംഗരത്തിനല്ലോ സംഗതികൾ എന്ന വരികൾ  എല്ലാ കാലത്തേക്കുമുള്ള  ഹിന്ദു  മുസ്‌ലിം ബന്ധത്തിനായുള്ള ഓർമപ്പെടുത്തലായി എഴുതിവെച്ച ഇടശ്ശേരിയെ യഥാസമയം ഓർത്ത് എം.ടി പകർന്നു നൽകാനുദ്ദേശിച്ച സന്ദേശം സാംസ്‌കാരിക കേരളം ഇനിയും ഏറ്റെടുക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയിൽ ഇനി എന്തു കാര്യവും ചർച്ച ചെയ്യുമ്പോ ൾ അതെല്ലാം പൗരത്വ ബില്ലിന് മുമ്പും ശേഷവും എന്ന് കാലഗണനം നടത്തേണ്ടതുണ്ട്. ആ നിലക്ക് വേണം ഇന്ന് നമ്മോടൊപ്പമില്ലാത്ത മഹാനായ കവിയുടെ വരികൾ തുല്യ രീതിയിൽ ആദരണീയനായ എം.ടിയിൽ നിന്ന് കേട്ടതിനെ അടയാളപ്പെടുത്തേണ്ടത്. മനുഷ്യർ കെട്ടിപ്പടുത്ത അനാവശ്യ അതിർത്തികൾ ഇല്ലാതാക്കിക്കളയാൻ കറകളഞ്ഞ സർഗാത്മകതക്ക് സാധിക്കുമെന്ന് 1974 ൽ നമ്മെ വിട്ടു പിരിഞ്ഞ ഇടശ്ശേരി ഗോവിന്ദൻ നായരുടെ വരികൾക്ക് സാധിക്കുന്നു. അര നൂറ്റാണ്ടിലധികം  മുമ്പെഴുതിയ സംഗതി ഇപ്പോഴാണ് കൂടുതൽ പ്രസക്തമായിത്തീരുന്നത്. കേരളത്തിലെ ഒട്ടുമിക്ക സാഹിത്യകാരന്മാരും  മുസ്‌ലിംകളെ നല്ല കഥാപാത്രങ്ങളായാണ് ചിത്രീകരിച്ചിട്ടുള്ളത്. പക്ഷേ ഇവരിൽ നിന്നെല്ലാം വേറിട്ട് ഉറൂബും ഇടേേശ്ശരിയും  മുസ്‌ലിം  ജീവിതവുമായി വല്ലാത്തൊരു ഇഴയടുപ്പം സൂക്ഷിച്ചവരായിരുന്നു.  ജീവിതത്തിലും അവർ അങ്ങനെയായിരുന്നുവെന്നാണ് അവരുടെ ജീവിതം പറഞ്ഞു തരുന്നത്.

സഹിഷ്ണുത എന്ന വാക്കു പോലും ഇവരുടെ കാര്യത്തിൽ ഉപയോഗിക്കാൻ പാടില്ലെന്ന് ഇവരുടെ വഴിയെ സഞ്ചരിക്കുന്ന എഴുത്തുകാരനായ കെ.പി. രാമനുണ്ണി പലവട്ടം പറഞ്ഞിട്ടുണ്ട്. സഹിക്കാൻ പറ്റാത്തതിനെ സഹിക്കുക എന്നാണ് സഹിഷ്ണുത എന്നതു കൊണ്ടുദ്ദേശിക്കുന്നത്. അതല്ല സ്‌നേഹത്തോടെയുള്ള സ്വീകരണമാണ് വേണ്ടതെന്ന് തന്റെ കഥാപാത്രമായ അലവിയെ ചേർത്തുപിടിച്ച് ഇടശ്ശേരി പറഞ്ഞതാണ് ശരിയെന്ന്  ഈ വിഷത്തിൽ വലിയ പോരാട്ടം തന്നെ നയിക്കുന്ന കെ.പി. രാമനുണ്ണി എഴുത്തു കൊണ്ടും ജീവിതം കൊണ്ടും തെളിയിച്ചു. ഇപ്പോഴിതാ മഹാസാഹിത്യകാരനായ എം.ടിയും  വാക്കുകളുടെ കുതിര ശക്തിയോടെ അതു തന്നെ പറയുന്നു.  ഇടശ്ശേരിയാണ് ശരി. ഹിന്ദു-മുസ്‌ലിം സ്‌നേഹ വിനിമയമാണ് ശരി. അതെ, സമകാലിക ഇന്ത്യൻ അവസ്ഥയുടെ ഏറ്റവും വലിയ ശരി.  

Latest News