Sorry, you need to enable JavaScript to visit this website.

വലയ സൂര്യഗ്രഹണം; സൗദിയിലെ സ്‌കൂളുകളിൽ നാളെ സമയമാറ്റം

ജിദ്ദ- സൂര്യഗ്രഹണം നടക്കുന്നതിനാൽ സൗദിയിലെ യൂണിവേഴ്‌സിറ്റി, സ്‌കൂളുകൾ എന്നിവ അടക്കമുള്ള വിദ്യാലയങ്ങൾ നാളെ രാവിലെ 9 മുതലേ പ്രവർത്തിച്ചു തുടങ്ങൂവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വിദ്യാർഥികളുടെയും അധ്യാപകരുടെയും മറ്റും സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. പരീക്ഷകൾ അടക്കം വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങളും രാവിലെ എട്ടു മുതലേ തുടങ്ങാവൂവെന്ന് വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് ബിൻ ഹമദ് ആലുശൈഖ് ഉത്തരവിട്ടു. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കാണ് നിയന്ത്രണം. രാവിലെ 5.30 മുതൽ 7.45 വരെയാണ് ഗ്രഹണം. 
സൗദി അറേബ്യ മുതൽ പടിഞ്ഞാറൻ ശാന്ത സമുദ്രത്തിലെ ഗുവാം വരെയുള്ള പ്രദേശങ്ങളിൽ വ്യാഴാഴ്ച വലയ സൂര്യഗ്രഹണം ദർശിക്കാനാകും. എല്ലാ ഗൾഫ് രാജ്യങ്ങളിലും ഗ്രഹണമുണ്ടാവില്ലെങ്കിലും ഖത്തർ, യുഎഇ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിലും ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലും ഈ അപൂർവ പ്രതിഭാസം കാണാനാകും.
ചന്ദ്രന്റെ നിഴൽ പടിഞ്ഞാറ് നിന്ന് കിഴക്കോട്ടാണ് പതിക്കുകയെന്നും അതുപ്രകാരം അറബിക്കടൽ ഭാഗത്ത് നിന്ന് തുടങ്ങി ശാന്ത സമുദ്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് വെച്ച് അവസാനിക്കുമെന്നും അൽഖസീം യൂനിവേഴ്‌സിറ്റിയിലെ ജ്യോഗ്രഫി വിഭാഗം പ്രൊഫസർ ഡോ. അബ്ദുല്ല അൽമുസ്‌നദ് അറിയിച്ചു.
97 വർഷത്തിന് ശേഷം ഇതാദ്യമായാണ് വ്യാഴാഴ്ച സൗദി അറേബ്യയിലുള്ളവർക്ക് വലയ സൂര്യഗ്രഹണത്തെ ദർശിക്കാനാവുന്നത്. ആറു മാസത്തിനുള്ളിൽ സൗദിയിൽ രണ്ടു വലയ ഗ്രഹണങ്ങളാണ് വരാനിരിക്കുന്നതെന്നും ആദ്യത്തേത് അടുത്ത വ്യാഴാഴ്ചയും രണ്ടാമത്തേത് 2020 ജൂൺ 21നുമാണെന്നും അദ്ദേഹം പറഞ്ഞു.

ഹുഫൂഫിൽ രാവിലെ 6.28 ന് ഭാഗിക ഗ്രഹണത്തോടെയാണ് സൂര്യൻ ഉദിക്കുക. ഇവിടെ 91 ശതമാനം വരെ ഗ്രഹണമുണ്ടാകും. 6.35 ന് ആരംഭിക്കുന്ന വലയ ഗ്രഹണം 7.37 ന് അവസാനിക്കും. ഭാഗിക സൂര്യ ഗ്രഹണം 7.48 നാണ് അവസാനിക്കുക. വലയ ഗ്രഹണം 2 മിനിട്ടും 55 സെക്കന്റും മാത്രമേയുണ്ടാവുകയുള്ളൂ. എന്നാൽ ഭാഗിക ഗ്രഹണം ഒരു മണിക്കൂറും 20 മിനിട്ടും തുടരും. ചന്ദ്രന്റെ നിഴൽ കേന്ദ്രം കടന്നു പോകുന്ന അറബ് ലോകത്തെ ഏക പ്രദേശം ഹുഫൂഫാണെന്നും അൽമുസ്‌നദ് പറഞ്ഞു.
കേരളത്തിന്റെ വടക്കൻ ഭാഗങ്ങളിൽ വലയ സൂര്യഗ്രഹണമായും തെക്കൻ ഭാഗങ്ങളിൽ ഭാഗിക ഗ്രഹണമായും കാണാൻ കഴിയും. രാവിലെ എട്ടിനും 11 നും ഇടയിലായിരിക്കും ഈ പ്രതിഭാസം കേരളത്തിലുണ്ടാവുക.
 

Latest News