Sorry, you need to enable JavaScript to visit this website.

പ്രതിഷേധവും പ്രതിയോഗിയും

മുഖ്യ ശത്രു പൊതുവാണെന്നും അതൊന്നേയുള്ളൂവെന്നും ഇടതുപക്ഷവും കോൺഗ്രസും തിരിച്ചറിയുന്നതാണ് പലരും ദേശീയമെന്നു നിർവചിക്കുന്ന പൗരത്വ സമരത്തിൽനിന്നു കേൾക്കുന്ന ഒരു പാഠം. ഇടതുപക്ഷത്തിന്റെ മൃഗീയ ഭൂരിപക്ഷം അവകാശപ്പെടുന്ന സി.പി.എം ആ പാഠം പഠിപ്പിക്കുന്നതിൽ ശ്രദ്ധ ഊന്നിയിരിക്കുന്നു. എവിടെ നിൽക്കണമെന്ന് പലപ്പോഴും അറിയാതെ പോകുന്ന കോൺഗ്രസിന്റെ നേതൃത്വം ഒടുവിലൊടുവിൽ ഒത്തുപിടിച്ച  പ്രതിഷേധത്തിന്റെ ആവശ്യം മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു.
കോൺഗ്രസിന്റെ ശബ്ദം ഉമ്മൻ ചാണ്ടിയിൽനിന്നു പുറപ്പെട്ടതു തന്നെ. തികഞ്ഞ ധാരണയോടെ മാത്രം സംസാരിക്കാറുള്ള ഉമ്മൻ ചാണ്ടിയുടെ വാക്കുകളെ സംശയിക്കേണ്ടതില്ല. സി.പി.എമ്മുമായി കൂട്ടു കൂടിയതിന്റെയും കൂടു വിട്ടതിന്റെയും അനുഭവ സമ്പത്തായിത്തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ കീശയിൽ മുഴച്ചുനിൽക്കുന്നതു കാണാം. എൺപതുകളുടെ തുടക്കത്തിൽ കേരളത്തിൽ അദ്ദേഹത്തിന്റെ പാർട്ടി സി.പി.എമ്മുമായി സഹകരിച്ചു നീങ്ങിയത് വേറെ വഴിയില്ലെന്നു മനസ്സിലാക്കിയതു കൊണ്ടായിരുന്നു. കേരളത്തിനു പുറത്ത് അതിനും സി.പി.എമ്മിനും ഏതോ ഇടത്താവളമുണ്ടെന്നും വിചാരമുണ്ടായിരുന്നു ആ യുഗസന്ധിയിൽ. രണ്ടാണ്ടിലൊതുങ്ങിയ യുഗാന്ത്യത്തിൽ സി.പി.എമ്മിൽനിന്നു കുതറിപ്പോന്ന കോൺഗ്രസ് കഷ്ണം ഇന്ദിരാ ഗാന്ധിയുടെ തട്ടകത്തേക്കു തന്നെ മടങ്ങിയെത്തി, നിലനിൽപിന്റെ പേരിൽ തന്നെ.
ദേശീയമായി നോക്കിയാൽ കോൺഗ്രസിനെ ഏകോപനത്തിന്റെയും പ്രത്യാഗമനത്തിന്റെയും വഴിയിലെത്തിച്ചതായിരുന്നു ആ കാലഘട്ടം. ഉമ്മൻ ചാണ്ടിയും മറ്റും കൊണ്ടുനടന്നിരുന്ന കോൺഗ്രസിന് മാതൃപേടകത്തിലേക്ക് സാരമായ അളവിൽ ഇന്ധനം ചെലുത്താനുണ്ടായിരുന്നില്ല. ദേശീയ പ്രതിപക്ഷത്തിനാകട്ടെ, കോൺഗ്രസിനെതിരെ അണിനിരന്നേ മതിയാവൂ എന്നു പല തീരുമാന തന്ത്രികളും നിശ്ചയിക്കുകയും ചെയ്തു. ഉമ്മൻ ചാണ്ടി പറയുമായിരിക്കും, കോൺഗ്രസിനെ ഒരരുക്കാക്കാനുള്ള മോഹത്തിൽ ചില കോൺഗ്രസുകാരും ഇടതുപക്ഷവും കൂടി ചെയ്തുതീർത്തത് ബി. ജെ. പിയുടെ പരിപോഷണമായിരുന്നു. അതിന്റെ വഴി മുടക്കാൻ ഒപ്പിച്ചുവെന്നു കരുതിയത് ഫലത്തിൽ പരവതാനി വിരിക്കൽ പോലെയായി. പോലെയായി. രണ്ടു സീറ്റിൽ ഒതുങ്ങിപ്പോയെന്നു വിചാരിച്ച ബി.ജെ.പി വീണ്ടും വീണ്ടും ഭരണ കക്ഷിയാകുന്ന നില വന്നു. 
സർവാശ്ലേഷകത്വം എന്ന ഇന്ത്യൻ ആദർശത്തിന്റെ ഭാവവും രൂപവുമായ കോൺഗ്രസിന് ആരുമായും കൂട്ടുകൂടില്ലെന്ന ശാഠ്യമില്ലായിരുന്നു. എല്ലാവരെയും ഒരുമിച്ചുനിർത്താൻ ശ്രമിക്കുകയായിരുന്നു സ്വാതന്ത്ര്യ സമര കാലത്ത് അതിന്റെ മന്ത്രവും തന്ത്രവും. അതിനു ശേഷം ഓരോ കോൺഗ്രസുകാരനും ഓരോ കോൺഗ്രസ് ആയി ആയോധനം ചെയ്ത് അധികാരം പങ്കിട്ടു വലിക്കാൻ തുടങ്ങി.
 ആരെയെല്ലാം അകറ്റിനിർത്തണം, ആരുമായി പന്തിഭോജനം വേണം എന്നൊക്കെ ചിന്ത തുടങ്ങിയത് അപ്പോഴായിരുന്നു. കോൺഗ്രസിന്റെ പുലകുളി അടിയന്തിരം മനസ്സിൽ കണ്ട് ഏതു 'ചെകുത്താനു'മായെല്ലാം കൈ കോർക്കാം എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ നേട്ടം.  ഇടതുപക്ഷം എന്നു കാണുന്നിടത്തെല്ലാം സി.പി.എം എന്നു വായിക്കുക . മുഖ്യ ശത്രുവായി നേരത്തേ അടയാളപ്പെടുത്തേണ്ടിയിരുന്ന ബി.ജെ.പി കൊടിക്കൂറ പാറിക്കാൻ തുടങ്ങുകയും സി.പി.എമ്മിന്റെ പഴയ തട്ടകം അട്ടിമറിക്കപ്പെടുകയും  ചെയ്യേണ്ടി വന്നു കോൺഗ്രസുമായി കൈ കോർക്കുന്ന കാര്യം ആലോചിക്കാൻ.
ഒരു രാജ്യസഭാ സീറ്റിനു വേണ്ടിയായാലും ഇടതുപക്ഷത്തിനു പങ്കോ പിടിത്തമോ ഉള്ള വിശാലമായ ഒരു ഇന്ത്യൻ രാഷ്ട്രീയ സഖ്യം കിനാവു കണ്ടിട്ടായാലും സി.പി.എം ജനറൽ സെക്രട്ടറി തന്നെ കോൺഗ്രസിന്റെ കൂട്ട് കൊള്ളാമെന്നു പരസ്യമായി പറഞ്ഞു തുടങ്ങി. അതിനെപ്പറ്റി തീരുമാനമെടുക്കാനുള്ള ബുദ്ധിമുട്ടിന്റെ അളവ് അതിനു മുമ്പത്തെ ജനറൽ സെക്രട്ടറിയുടെ പെരുമാറ്റത്തിൽ കാണാമായിരുന്നല്ലോ. മൻമോഹൻ മന്ത്രിസഭയുടെ അടി ഇളക്കാൻ എന്തൊരു ഉത്സാഹമായിരുന്നു പ്രകാശ് കാരാട്ടിന്! കാലക്രമത്തിൽ മുഖ്യ ശത്രു ആകേണ്ടിയിരുന്ന പാർട്ടിയുടെ ഉദയവും ഉയർച്ചയുമായി പിന്നെ സമകാലീന ചരിത്രത്തിന്റെ മുഖ്യ ഭാഗം.
ഇടതുപക്ഷത്തെയും കോൺഗ്രസിനെയും ഒരേ ചേരിയിൽ ചേർക്കാനുള്ള അവസരമായി വേണം പൗരത്വ സമരത്തെ കാണാൻ.  ശിവസേനയുമായുള്ള കോൺഗ്രസിന്റെ പുതിയ കെട്ടുപാടും അധികാരം നൊട്ടിനുണഞ്ഞു ശീലിച്ച ജനതയുടെ ഇളകിയാട്ടവും ഏറെക്കാലം സ്ഥായിയായി നിർത്താൻ ഒരു നേതൃത്വം ഉണ്ടോ എന്നത് വേറെ ചോദ്യം. കോൺഗ്രസിനും ഏക മനസ്സായി ചിന്തിക്കാൻ ഇനിയും കഴിയുന്നില്ലെന്നത് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിലാപം. സമരം എത്ര കാലം നിലനിൽക്കുമെന്ന ചിന്തയും കോൺഗ്രസിന് അതിൽനിന്നു കിട്ടുന്ന ലാഭത്തേക്കാൾ കൂടുമോ നഷ്ടം എന്ന രാഷ്ട്രീയ ഗണിതവും പൊടിപൊടിക്കാനിരിക്കുന്നതേയുള്ളൂ.
ദേശവ്യാപകമായിയെന്ന് ചിലർ അഭിമാനിക്കുന്ന സമരം എന്തിനല്ലെന്നു സമർഥിക്കാൻ ബി.ജെ.പിക്കുള്ള ഉത്തരവാദിത്തം പോലെ പൗരത്വത്തിന്റെ പേരിലാണെങ്കിലും അല്ലെങ്കിലും പാർട്ടിയിൽനിന്നുള്ള കൊഴിഞ്ഞുപോക്ക് നിലപ്പിക്കാനാകുമെന്ന് തെളിയിക്കാൻ കോൺഗ്രസിനും കഴിയണം. 
സി.പി.എമ്മിന് അങ്ങനെയൊരു ധർമ വ്യസനമില്ല. നരേന്ദ്ര മോഡിക്ക് ബേജാറുണ്ടാക്കുന്നതെന്തും സദ്ഗുണം തന്നെ. അത് മമതാ ബാനർജിക്ക് ഗുണം ചെയ്യരുതെന്നു മാത്രം.  
പൗരത്വ നിയമത്തിന്റെ പശ്ചാത്തലവും പുരോതലവും പറഞ്ഞു ഫലിപ്പിക്കുക എളുപ്പമല്ല; കാരണം, അതെന്താണെന്ന് എല്ലാവർക്കും ഏതാണ്ടൊക്കെ അറിയാം. ഒരൊറ്റ ഇന്ത്യക്കാരനെയും അത് കഷ്ണിപ്പിക്കില്ലെന്ന് സർക്കാർ പറയുന്നു. പാർലമെന്റ് പാസാക്കിയതാണ് നിയമം. എന്നാലും പോരായ്മയുണ്ടെങ്കിൽ കോടതിയിൽ ചോദ്യമാകാം. തെരുവിൽ തീക്കളി എന്തിന്? എട്ടു വയസ്സായ കുട്ടിയുൾപ്പെടെ എങ്ങനെ രക്തം വാർന്ന സാക്ഷിയായിപ്പോകുന്നു? ഇത്ര വേഗം ഇത്ര ആളുകളെ ഇളക്കിവിടാവുന്ന ഒരു കാര്യം ഉള്ളു തുറന്നു പറഞ്ഞുപിടിപ്പിക്കാനും പങ്കപ്പാടോ?

Latest News