Sorry, you need to enable JavaScript to visit this website.

വംശഹത്യാ ആരോപണം നിഷേധിച്ച് സൂചി

ദി ഹേഗ് - രോഹിംഗ്യൻ മുസ്‌ലിംകളെ മ്യാന്മർ ഭരണകൂടം വംശഹത്യ ചെയ്യുന്നില്ലെന്ന വാദവുമായി രാജ്യത്തെ സിവിലിയൻ ഭരണാധികാരി ആങ് സാൻ സൂചി അന്താരാഷ്ട്ര കോടതിയിൽ. കഴിഞ്ഞ ദിവസം കോടതിയിൽ ഗാംബിയൻ പ്രതിനിധി നടത്തിയ വാദം തെറ്റിദ്ധരിപ്പിക്കുന്നതും അപൂർണമായ വിവരങ്ങളടങ്ങിയതുമാണെന്നായിരുന്നു സൂചി പറഞ്ഞത്. വിവിധ മുസ്‌ലിം രാജ്യങ്ങളുടെ പിന്തുണയോടെ മ്യാന്മറിലെ രോഹിംഗ്യൻ വംശഹത്യാ വിഷയം ഉന്നയിച്ച, ഗാംബിയൻ നിയമമന്ത്രി അബൂബക്കർ തംബാഡൗ, തെളിവുകൾ സഹിതമാണ് കഴിഞ്ഞ ദിവസം വാദം നടത്തിയത്. വംശീയ ഉന്മൂലനമെന്ന് ഇതിനകം യു.എൻ തന്നെ വിശേഷിപ്പിച്ച രോഹിംഗ്യൻ വംശഹത്യയുടെ ഭീകരതയും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ആരോപണങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു ഇന്നലെ സൂചി. സൈന്യം അമിത ബലപ്രയോഗം നടത്തിയിട്ടുണ്ടാവാമെങ്കിലും, മ്യാന്മറിലെ സാഹചര്യത്തിന്റെ യഥാർഥ ചിത്രമല്ല കോടതി മുമ്പാകെ ഗാംബിയൻ പ്രതിനിധി പറഞ്ഞതെന്നും അവർ തുടർന്നു. 


മ്യാന്മറിലെ രഖിനെ സംസ്ഥാനത്ത് നടക്കുന്നത് നൂറ്റാണ്ടുകളായുള്ള സായുധ പോരാട്ടത്തിന്റെ തുടർച്ച മാത്രമാണെന്നും, അത് രാജ്യത്തന്റെ സുരക്ഷയുടെയും പരമാധികാരത്തിന്റെയും പ്രശ്‌നമാണെന്ന് ഓർക്കണമെന്നും സൂചി പറഞ്ഞു. 
മ്യാന്മർ ഭരണകൂടം വംശഹത്യ നടത്തിയോ എന്നതാണ് അന്താരാഷ്ട്ര കോടതി പരിഗണിക്കുന്ന വിഷയം. ഇതിനുമുമ്പ് വംശഹത്യയായി അന്താരാഷ്ട്ര കോടതി വിധിച്ചത് 1995ൽ ബോസ്‌നിയയിലെ സെബ്രിനിക്കയിൽ നടന്ന മുസ്‌ലിം കൂട്ടക്കൊലയാണ്.


അതിനിടെ, മ്യാന്മർ സൈന്യത്തിന്റെ ആക്രമണം ഭയന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ പിടിയിലായ 95 രോഹിംഗ്യൻ മുസ്‌ലിംകളെ ഇന്നലെ കോടതിയിൽ ഹാജരാക്കി. പടിഞ്ഞാറൻ പട്ടണമായ പത്തീനിലെ കോടതിയിൽ എത്തിച്ച ഇവരിൽ 25 കുട്ടികളുമുണ്ട്.
 അധികൃതരുടെ അനുമതിയില്ലാതെ സ്വദേശം വിടാൻ ശ്രമിച്ചു എന്നതാണ് ഇവർക്കുമേൽ ആരോപിക്കപ്പെട്ട കുറ്റം. രഖിനെ സംസ്ഥാനത്തെ പത്ത് ലക്ഷത്തോളം രോഹിംഗ്യൻ മുസ്‌ലിംകളിൽ മുക്കാൽ പങ്കും സൈന്യത്തിന്റെ ആക്രമണം ഭയന്ന് അയൽരാജ്യമായ ബംഗ്ലാദേശിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. മ്യാന്മർ ഭരണകൂടം രോഹിംഗ്യകളോട് കാട്ടുന്നത് വർണവിവേചനമാണെന്ന് യു.എൻ കുറ്റപ്പെടുത്തിയിരുന്നു.

 

Latest News