Sorry, you need to enable JavaScript to visit this website.

തന്റേടത്തിന്റെ കൊച്ചുമുഖങ്ങൾ

അവിചാരിതമായി പ്രശസ്തിയിലേക്കുയർന്ന ഈ കൊച്ചുമിടുക്കികൾ സമൂഹത്തിന്റെ ആദരവ് വാരിക്കൂട്ടുകയാണ്. സഫാ ഫെബിനും കീർത്തനയും നിദാ ഫാത്തിമയും താരങ്ങളായത് അപ്രതീക്ഷിതമായ സാഹചര്യങ്ങളിൽ പക്വതയോടെയും ആത്മവിശ്വാസത്തോടെയും പ്രവർത്തിച്ചതിലൂടെയാണ്. പുത്തൻ തലമുറയിൽ നിന്ന് വിവേകത്തിന്റെയും ഇഛാശക്തിയുടെയും പുതിയ പ്രതീക്ഷകൾ വളരുന്നു എന്ന അടയാളം കൂടിയാണ് ഈ കൊച്ചുമിടുക്കികൾ.


വയനാട്ടിലെ സുൽത്താൻ ബത്തേരി സർവജന സ്‌കൂളിലെ ഫാത്തിമ ഷഹലയെന്ന കുട്ടി സ്‌കൂളിൽ നിന്ന് പാമ്പുകടിയേറ്റ് മരിച്ച സംഭവം സമൂഹത്തെ ഞെട്ടിച്ചത് ഏതാനും നാളുകൾക്ക് മുമ്പാണ്. സർക്കാർ വിദ്യാലയത്തിലെ അപകടം പതിയിരിക്കുന്ന സാഹചര്യങ്ങളിലേക്ക് കൂടിയാണ് ഷഹലയുടെ മരണം വിരൽ ചൂണ്ടിയത്. ഒരു വിദ്യാർഥിയുടെ മരണമെന്നതിനപ്പുറത്തേക്ക് ആ മരണത്തിന് പിന്നിൽ അധ്യാപകരുടെ അലംഭാവം ഉണ്ടായിരുന്നെന്ന് ലോകം അറിഞ്ഞത് കീർത്തനയുടെയും നിദാ ഫാത്തിമയുടെയും ശബ്ദങ്ങളിലൂടെയാണ്. അധ്യാപകർ അൽപം മനുഷ്യത്വം കാട്ടിയിരുന്നെങ്കിൽ ഷഹല ഇന്നും തങ്ങൾക്കൊപ്പം സ്‌കൂളിൽ ഉണ്ടാകുമായിരുന്നെന്ന് ഇരുവരും വിശ്വസിക്കുന്നു. പാമ്പു കടിച്ചെന്ന വിവരമറിഞ്ഞിട്ടും ആവശ്യമായ ചികിൽസ നൽകാനായി എത്തിക്കാൻ അധ്യാപകർ തയാറാകാതിരുന്ന വിവരം മാധ്യമങ്ങൾക്ക് മുന്നിൽ വിളിച്ചു പറഞ്ഞത് ഈ രണ്ട് കുട്ടികളാണ്. സ്വന്തം അധ്യാപകരെ കുറിച്ചാണ് പരാതി പറയുന്നതെന്ന് ബോധ്യമുണ്ടായിട്ടും അവർ കാണിച്ച അനീതിയോട് കണ്ണടക്കാൻ ഈ കുട്ടികൾക്കായില്ല. പഠിപ്പിക്കലിനപ്പുറം കുട്ടികളോട് അധ്യാപകർക്കണ്ടാകേണ്ട കരുതലും സ്‌നേഹവും ചോർന്നു പോയിരിക്കുന്നുവെന്ന യാഥാർഥ്യമാണ് ബത്തേരി സംഭവത്തിലൂടെ തെളിഞ്ഞു വന്നത്. അത് സമൂഹത്തോട് വിളിച്ചു പറയാൻ കാരണക്കാരായത് കീർത്തനയും നിദയുമാണ്.


സഫാ ഫെബിൻ പ്രശസ്തിയുടെ ഉയരങ്ങളിലേക്ക് ഉയർത്തപ്പെട്ടത് കുറഞ്ഞ മണിക്കൂറുകൾക്കുള്ളിലാണ്. കരുവാരക്കുണ്ട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വേദിയിൽ നിറഞ്ഞു നിന്നിരുന്നത് വയനാട് പാർലമെന്റ് അംഗവും കോൺഗ്രസിന്റെ ദേശീയ നേതാവുമായിരുന്ന രാഹുൽ ഗാന്ധിയായിരുന്നു. എന്നാൽ കാര്യങ്ങൾ മാറിമറിഞ്ഞത് നിമിഷങ്ങൾക്കുള്ളിലാണ്. ഇതേ വേദിയിൽ നിന്ന് നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്തപ്പെട്ട സഫയെന്ന മാണിക്യം രാഹുലിന്റെ പ്രഭാവത്തെ പോലും നിഷ്പ്രഭമാക്കി ഒരു വേള ലോകത്തിന്റെ പ്രിയങ്കരിയായി. രാഹുൽ ഗാന്ധിയുടെ ഇംഗ്ലീഷ് പ്രസംഗം മലയാളത്തിലേക്ക് തർജമ ചെയ്യാൻ സഫ അപ്രതീക്ഷിതമായി വേദിയിലെത്തിയപ്പോൾ അധ്യാപകർക്കും സഹപാഠികൾക്കും നെഞ്ചിടിപ്പായിരുന്നു. ആദ്യമായി വിവർത്തനത്തിനെത്തുന്ന അവൾക്കത് കഴിയുമോ എന്ന ആശങ്ക. എന്നാൽ വേദിയിലിരുന്ന നേതാക്കളെയും സദസ്സിലുള്ള സഹസ്രങ്ങളെയും ആവേശഭരിതരാക്കി സഫയെന്ന പ്ലസ് വൺ വിദ്യാർഥിനി രാഹുലിന്റെ പ്രസംഗം ലളിത മനോഹരമായി മലയാളത്തിലേക്ക് മൊഴിമാറ്റി. സഫക്കു വേണ്ടി ലളിതമായ ഇംഗ്ലീഷിൽ നിർത്തി നിർത്തി സംസാരിച്ച രാഹുൽ ഗാന്ധിക്ക് പ്രസംഗത്തിനിടയിൽ ഒരിക്കൽ പോലും സഫയെ തിരുത്തേണ്ടി വന്നില്ല. ഏറനാടൻ ഗ്രാമീണതയുടെ സൗന്ദര്യം നിറഞ്ഞ വാക്കുകളിലൂടെ സാധാരണക്കാരായ ജനങ്ങൾക്ക് പോലും മനസ്സിലാകുന്ന രീതിയിൽ സഫ തന്റെ കർത്തവ്യം നിർവഹിച്ചു. പ്രസംഗം തുടങ്ങുന്നതിന് മുമ്പ്, പരിഭാഷ നടത്താൻ വിദ്യാർഥികൾ ആരെങ്കിലും മുന്നോട്ടു വരണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യത്തെ സ്വീകരിച്ചെത്തിയ സഫയുടെ ധൈര്യം, പ്രസംഗം തീരുന്നതുവരെ വാക്കുകളായി പുറത്തു വരികയായിരുന്നു.


കീർത്തനയും നിദയും സഫയും വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്നവരാണ്. എങ്കിലും ഇവർക്ക് മൂന്നു പേർക്കും പൊതുവായി ഒരു വിശേഷണമുണ്ട്. മൂന്നു പേരും സർക്കാർ വിദ്യാലയങ്ങളിലെ വിദ്യാർഥികളാണ്. നമ്മുടെ പൊതു വിദ്യാഭ്യാസം സമൂഹത്തിന് നൽകുന്നതെന്താണ് എന്നതിന് ഉത്തരമാണ് ഈ മൂന്നു മിടുക്കികൾ. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളിൽ എല്ലാവർക്കും ഇംഗ്ലീഷ് പ്രസംഗം മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. സ്റ്റേജിൽ കയറാൻ തന്നെ മടിയുള്ള കുട്ടികളുള്ള നാടാണ് നമ്മുടേത്. അവർക്കിടയിൽ നിന്നാണ് ആത്മവിശ്വാസവും മനോധൈര്യവും കൊണ്ട് സഫ വ്യതിരിക്തയാകുന്നത്. ഇംഗ്ലീഷ് ഭാഷയെ ഇന്നും പേടിയോടെ സമീപിക്കുന്ന വിദ്യാർഥി സമൂഹമാണ് നമുക്ക് മുന്നിലുള്ളത്. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ മലയാളം സംസാരിച്ചാൽ പിഴയിടുന്ന സ്‌കൂളുകളുള്ള സംസ്ഥാനം. ഇവിടെയാണ് മലയാളം മീഡിയത്തിൽ പഠിച്ച് ഇംഗ്ലീഷ് വാചകങ്ങളെ മനസ്സിലാക്കി അത് മലയാളത്തിലേക്ക് മാറ്റാൻ കഴിയുന്ന സഫ ജീവിക്കുന്നത്.


നമ്മുടെ പൊതു വിദ്യാഭ്യാസം വിദ്യാർഥികളുടെ സാമൂഹികവും മാനസികവുമായ വളർച്ചക്ക് എത്രമാത്രം സഹായിക്കുന്നുവെന്ന് കാണിച്ചു തരുന്നതും സഫ-നിദ-കീർത്തനമാരിലൂടെയാണ്. സാഹചര്യങ്ങൾക്കനുസരിച്ച് പ്രതികരിക്കാൻ കഴിയുകയെന്നതാണ് ജീവിത വിജയത്തിന്റെ അടിസ്ഥാന തത്വം. അവസരങ്ങൾ നഷ്ടപ്പെടുത്തുമ്പോൾ അതുകൊണ്ടുണ്ടാകുന്ന നഷ്ടം നഷ്ടപ്പെടുത്തുന്ന വ്യക്തിക്ക് മാത്രമായിരിക്കില്ല, മറിച്ച് സമൂഹത്തിന് കൂടിയായിരിക്കുമെന്ന പാഠം ഈ കുട്ടികൾ പഠിപ്പിക്കുന്നു. ഷഹലയുടെ ജീവൻ അധ്യാപകർ വിചാരിച്ചാൽ രക്ഷിക്കാമായിരുന്നുവെന്ന് തുറന്നു പറയാൻ നിദക്കും കീർത്തനക്കും ധൈര്യമുണ്ടായിരുന്നില്ലെങ്കിൽ വിദ്യാർഥി സമൂഹത്തോട് സർക്കാറും സമൂഹവും സൂക്ഷിക്കേണ്ട കരുതലാണ് നഷ്ടമായിരുന്നത്. അവർക്ക് അതിന് ലഭിച്ച ധൈര്യമാണ് പൊതുവിദ്യാഭ്യാസത്തിന്റെ സംഭാവന.


കഴിഞ്ഞ ദിവസം മലപ്പുറം പ്രസ് ക്ലബ്ബിൽ മൂന്നു പേർക്കുമായി നൽകിയ സ്വീകരണത്തിൽ അവർ കടന്നുപോയ മാനസികാവസ്ഥകളെ കുറിച്ച് കുട്ടികൾ വിവരിച്ചു. അധ്യാപകർക്കെതിരെ പരാതി പറയുന്നതിൽ പേടിയുണ്ടായിരുന്നില്ലെന്നാണ് നിദയും കീർത്തനയും പറഞ്ഞത്. സഹപാഠിക്കു വേണ്ടിയുള്ള തങ്ങളുടെ തുറന്നു പറച്ചിൽ മാത്രമായാണ് അവർ അതിനെ കാണുന്നത്.
ഈ മൂന്നു പേരും വിദ്യാർഥി സമൂഹത്തിനും വളർന്നു വരുന്ന തലമുറക്കും റോൾ മോഡലുകളാണ്. തങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങൾ ഏതുമാകട്ടെ, ആത്മവിശ്വാസത്തോടും തന്റേടത്തോടും തുറന്ന മനസ്സോടും കൂടി സമീപിച്ചാൽ, അതിനെ അതിജയിക്കാനാകുമെന്ന പാഠം അവർ പകർന്നു നൽകുന്നു. ഈ പാഠം മറ്റു വിദ്യാർഥികൾക്ക് ജീവിത പാഠമായി മാറേണ്ടതുണ്ട്. 
 

Latest News