Sorry, you need to enable JavaScript to visit this website.

എസ്.എഫ്.ഐ ഗുണ്ടായിസം നിർത്തണമെന്ന് എ.ഐ.എസ്.എഫ്

കോട്ടയം - യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നോമിനേഷൻ കൊടുക്കാൻ തീരുമാനിച്ചതിന്റെ പേരിൽ ഏറ്റുമാനൂർ ഐടിഐ വിദ്യാർഥിയും എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റുമായ അമൽ, എഐഎസ്എഫ് സംസ്ഥാന കമ്മറ്റി അംഗം എസ് ഷാജോ എന്നിവരെ എസ്എഫ്‌ഐ നേതാക്കളും പ്രവർത്തകരും ചേർന്ന് മർദിച്ചു.  എസ്എഫ്‌ഐ ഏറ്റുമാനൂർ ഏരിയ കമ്മറ്റി നേതാക്കളായ മെൽബിൻ, ബിബിൻ, കരുൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ കാമ്പസിന് പുറത്തു വെച്ചായിരുന്നു മർദനമെന്ന് എ.ഐ.എസ്.എഫ് ആരോപിച്ചു..
എസ്എഫ്‌ഐയുടെ ഏകാധിപത്യ നിലപാടും ഗുണ്ടായിസവും അവസാനിപ്പിക്കണമെന്ന്  എഐഎസ്എഫ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കലാലയങ്ങളിൽ എസ.്എഫ.്‌ഐ അല്ലാതെ മറ്റു സംഘടനകൾ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ പാടില്ല എന്നത് ഫാസിസ്റ്റ് ശൈലിയാണ്. ഉത്തരേന്ത്യയിൽ എ.ബി.വി.പിയുടെ ഇതേ നിലപാടിനെതിരെ ജനാധിപത്യവാദം മുഴക്കുന്നവരാണ് എസ.്എഫ.്‌ഐ. ഉത്തരേന്ത്യയിൽ ഈ വാദം മുഴക്കുകയും കേരളത്തിൽ വേട്ടക്കാരനാവുകയും ചെയ്യുന്നത്  ഇടതുപക്ഷ സംഘടനയ്ക്ക് ചേർന്ന രീതിയല്ല. ഏറ്റുമാനൂർ ഐടിഐയിൽ എഐഎസ്എഫ് മത്സരിക്കാൻ തീരുമാനിച്ചതിന്റെ പേരിൽ എസ്എഫ്‌ഐ ഭീഷണി മുഴക്കിയിരുന്നു. 
അമലിനെ ക്ലാസിൽ നിന്നും വിളിച്ചിറക്കി എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞ് വെച്ചിരിക്കുന്നതറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയപ്പോഴാണ് സംസ്ഥാന കമ്മിറ്റി അംഗം എസ് ഷാജോയ്ക്കും മർദനമേറ്റത്. ജില്ലയിൽ എഐഎസ്എഫിന് നേരെ എസ്എഫ്‌ഐയുടെ ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്. ഈ നിലപാട് എസ്എഫ്‌ഐ തിരുത്തണമെന്ന് എഐഎസ്എഫ് ആവശ്യപ്പെട്ടു.

 

Latest News