Sorry, you need to enable JavaScript to visit this website.

മക്കയിൽ പൊതുഗതാഗത സംവിധാനം വരുന്നു; ആദ്യ ഘട്ടത്തിന് കരാർ

ഖാലിദ് അൽഫൈസൽ രാജകുമാരൻ

മക്ക - പുണ്യനഗരിയിൽ പൊതുഗതാഗത പദ്ധതിയുടെ ആദ്യ ഘട്ടം പ്രവർത്തിപ്പിക്കുന്നതിന് കരാർ നൽകി. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും മക്ക പ്രവിശ്യ വികസന അതോറിറ്റി ചെയർമാനുമായ ഖാലിദ് അൽഫൈസൽ രാജകുമാരനാണ് കരാറിൽ ഒപ്പുവെച്ചത്. 
മക്കയിൽ ബസുകളും മെട്രോയും അടങ്ങിയ പൊതുഗതാഗത പദ്ധതി നടപ്പാക്കുന്നതിന് സൽമാൻ രാജാവ് നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ബസ് സർവീസ് ശൃംഖല ആരംഭിക്കുന്നതിനുള്ള കരാറാണ് നൽകിയിരിക്കുന്നത്. 400 ബസുകൾ ഇറക്കുമതി ചെയ്ത് പ്രവർത്തിപ്പിക്കുന്നതിനും ആവശ്യമായ റിപ്പയറുകൾ നടത്തുന്നതിനുമുള്ള കരാറാണ് അനുവദിച്ചിരിക്കുന്നത്. ഇതിനു പുറമെ പദ്ധതിക്കാവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് മറ്റൊരു കരാറും നൽകിയിട്ടുണ്ട്. 
പ്രധാന ബസ് സ്റ്റേഷനുകളും 300 കിലോമീറ്ററിലേറെ ദൂരമുള്ള റോഡ് ശൃംഖലയിൽ 500 ലേറെ ബസ് സ്റ്റോപ്പുകളും തണൽ വിരിച്ച ബസ് സ്റ്റോപ്പുകളും നിർമിക്കൽ, ബസുകളുടെ വേഗത്തിലും എളുപ്പത്തിനുമുള്ള സഞ്ചാരത്തിന് റോഡുകളിൽ 12 ട്രാക്കുകൾ സജ്ജീകരിക്കൽ, പ്രധാന റോഡുകൾ മുറിച്ചുകടക്കുന്നതിന് ലിഫ്റ്റ് സംവിധാനത്തോടെ ഏഴു നടപ്പാലങ്ങൾ നിർമിക്കൽ, ബസുകളിൽ സ്മാർട്ട് ട്രാൻസ്‌പോർട്ട്, കൺട്രോൾ സംവിധാനങ്ങൾ ഏർപ്പെടുത്തൽ എന്നീ പശ്ചാത്തല സൗകര്യങ്ങൾക്കാണ് കരാർ നൽകിയിരിക്കുന്നത്. 
ബസ് സർവീസ് ശൃംഖലയിൽ മക്കയിലെ ഭൂരിഭാഗം ജനവാസ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുമെന്ന് മക്ക പ്രവിശ്യ വികസന അതോറിറ്റി പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന് ചില റോഡുകളിലും ദിശകളിലും മാറ്റങ്ങൾ വരുത്തേണ്ടിവരും. ഇത് വാഹന ഗതാഗതത്തെ താൽക്കാലികമായി ബാധിക്കും. പദ്ധതി എത്രയും വേഗത്തിൽ യാഥാർഥ്യമാക്കുന്നതിന് എല്ലാവരും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിക്കണം. പദ്ധതി പൂർത്തിയാകുന്നതോടെ മക്കയിൽ പൊതുഗതാഗത സംവിധാനത്തിന്റെ ഗുണനിലവാരത്തിൽ വലിയ മാറ്റമുണ്ടാകും. നഗരവാസികളുടെയും ഹജ്, ഉംറ തീർഥാടകരുടെയും യാത്രകൾ പദ്ധതി എളുപ്പമാക്കുമെന്നും അതോറിറ്റി പറഞ്ഞു.

Latest News