Sorry, you need to enable JavaScript to visit this website.

ആദ്യചിത്രത്തിന്റെ വിശേഷങ്ങളുമായി വീണാ നായർ

മലയാള സിനിമയിൽ പുതിയൊരു നായിക കൂടി ചുവടുെവക്കുകയാണ്. വിനയൻ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ആകാശഗംഗ-2 എന്ന ചിത്രത്തിലൂടെയാണ് മുംബൈ മലയാളിയായ വീണാ നായർ നായികയാകുന്നത്. കോഴിക്കോട്ടുകാരനായ പ്രേംകുമാർ നായരുടെയും തൃശൂർ സ്വദേശിനി ശ്രീലതയുടെയും മകൾ. മുംബൈയിൽ എക്‌സ്‌പോർട്ട് ഇംപോർട്ടിൽ മാനേജരായി ജോലി നോക്കുകയാണ് പ്രേംകുമാർ.
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഹൊറർ ചിത്രങ്ങളിലൊന്നായിരുന്നു വിനയൻ സംവിധാനം ചെയ്ത ആകാശഗംഗ. ദിവ്യാ ഉണ്ണിയും റിയാസുമായിരുന്നു നായികാ നായകന്മാർ. തന്നെ ജീവനോടെ ചുട്ടെരിച്ച, മാണിക്യശ്ശേരി കോവിലകത്തിന്റെ സർവ്വനാശം കൊതിക്കുന്ന ഗംഗയെന്ന ദാസിപ്പെണ്ണിന്റെ, യക്ഷിയുടെ പകയുടെ കഥയായിരുന്നു ആകാശഗംഗയ്ക്ക് പ്രമേയമായത്. വർഷം ഇരുപതു കഴിഞ്ഞിട്ടും അവളുടെ അടങ്ങാത്ത പകതന്നെയാണ് രണ്ടാം ഭാഗത്തിനും വിഷയമാകുന്നത്. ദിവ്യ ഉണ്ണി ഭാവം പകർന്ന മായയുടെ ദേഹത്ത് കുടിയേറിയ ഗംഗയെ മേപ്പാടൻ തിരുമേനി ഒഴിപ്പിക്കുന്നതിലൂടെയാണ് ആദ്യഭാഗം അവസാനിക്കുന്നത്. രണ്ടാം ഭാഗത്തിൽ മായയുൾപ്പെടെ കോവിലകത്തെ നാലു പേരുടെ ദുർമരണത്തിന് കാരണക്കാരി ഗംഗയാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് തുടങ്ങുന്നത്. മായയുടെയും ഉണ്ണിയുടെയും മകൾ ആരതി വർമ്മയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. എം.ബി.ബി.എസിന് പഠിക്കുന്ന ആരതിയുടെയും സുഹൃത്തുക്കളുടെയും ഇടയിലേയ്ക്ക് സർവ്വവും നശിപ്പിക്കുന്ന ചുടലയക്ഷിയായി ഗംഗയെത്തുന്നു. തുടർന്ന് കോവിലകത്തുണ്ടാകുന്ന അനിഷ്ട സംഭവങ്ങളും അതിനുള്ള പ്രതിവിധികളുമാണ് ആകാശഗംഗയുടെ രണ്ടാം ഭാഗത്തിനു വിഷയമാകുന്നത്. വിനയന്റെ മകൻ വിഷ്ണു വിനയ് നായകനാകുന്ന ചിത്രത്തിൽ മേപ്പാടൻ തിരുമേനിയുടെ മകളായ ദുർമന്ത്രവാദിനിയായി രമ്യാ കൃഷ്ണനുമെത്തുന്നുണ്ട്. ആദ്യചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ച് മനസ്സു തുറക്കുകയാണ് വീണാ നായർ.

 

ആകാശഗംഗയിലെ നായികാ പദവി?
തികച്ചും അവിചാരിതമായാണ് സിനിമയിലെത്തിയത്. കുട്ടിക്കാലംതൊട്ടേ പ്രേതകഥകൾ കേൾക്കാനും കാണാനും ഇഷ്ടമായിരുന്നു. ഇതിനിടയിലാണ് ചില ടിക് ടോക് വീഡിയോകൾ ഒരുക്കിയത്. മണിച്ചിത്രത്താഴിലെ ശോഭനചേച്ചിയുടെ ചില സീനുകളും ഡബ്‌സ്മാഷ് ചെയ്തിരുന്നു. കൂടാതെ, സിനിമാറ്റിക് നൃത്തരംഗത്തുമുണ്ടായിരുന്നു. ഇതെല്ലാം കണ്ട് അധ്യാപകനായ റോയ് സാറാണ് എന്റെ ഫോട്ടോ ഒഡീഷന് അയച്ചുകൊടുത്തത്. വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു. കാരണം ടിക് ടോക് ഷോകൾ അവതരിപ്പിക്കുന്ന ഒട്ടേറെ പെൺകുട്ടികളുണ്ട്. എങ്കിലും ഫോട്ടോ വിനയൻ സാറിന് ഇഷ്ടപ്പെട്ടെന്ന് റോയ് സാറിൽനിന്നും അറിയാൻ കഴിഞ്ഞു. തുടർന്ന് വിനയൻ സാറുമായി ഫോണിൽ സംസാരിച്ചു. കൂടുതൽ ടിക് ടോക് വീഡിയോകൾ അയക്കാൻ പറഞ്ഞു. വീഡിയോ ഇഷ്ടപ്പെട്ടതുകൊണ്ടാകണം നേരിട്ട് കാണണമെന്നു പറഞ്ഞു. ഞാനും അച്ഛനും കൂടി വിനയൻ സാറിന്റെ വീട്ടിലെത്തി. അവിടെെവച്ച് സിനിമയിലെ ഒന്നുരണ്ടു സീനുകൾ അഭിനയിച്ചു കാണിക്കാൻ പറഞ്ഞു. കുറേ ഫോട്ടോയുമെടുത്തു. അന്നുതന്നെ സെലക്ഷൻ ലഭിച്ച വിവരം പറഞ്ഞു. കരാർ ഒപ്പിട്ടശേഷമാണ് അവിടെനിന്നും മടങ്ങിയത്.

ആകാശഗംഗ 2 വിലെ വേഷം?
ദിവ്യാ ഉണ്ണി ചേച്ചിയുടെയും റിയാസ് സാറിന്റെയും മകളായ ആരതിയെയാണ് അവതരിപ്പിക്കുന്നത്. പ്രസവത്തോടെ അമ്മ മരിക്കുന്ന കുട്ടി. എം.ബി.ബി.എസിന് പഠിക്കുന്ന അവൾക്ക് ഭൂതപ്രേതങ്ങളിലൊന്നും വിശ്വാസമുണ്ടായിരുന്നില്ല. എന്തിനെയും കൂസാത്ത സ്വഭാവക്കാരിയുമായിരുന്നു. ഇങ്ങനെയുള്ള ആരതിക്ക് പ്രേതബാധയുണ്ടാകുന്നു. ശരിക്കും വെല്ലുവിളി ഉയർത്തുന്ന വേഷമായിരുന്നു ആരതിയുടേത്. എങ്കിലും വിനയൻ സാർ എപ്പോഴും ധൈര്യം പകർന്ന് കൂടെയുണ്ടായിരുന്നു.

 

നായകനായ വിഷ്ണുവിനെക്കുറിച്ച്?
ഒഡീഷൻ ടെസ്റ്റിനായി വിനയൻ സാറിന്റെ വീട്ടിലെത്തിയപ്പോഴാണ് വിഷ്ണു ചേട്ടനെ ആദ്യമായി കാണുന്നത്. ചിത്രത്തിൽ എന്റെ സഹപാഠിയും മുറച്ചെറുക്കനുമെല്ലാമായ ഗോപീകൃഷ്ണനായാണ് വേഷമിടുന്നത്. നല്ല സഹകരണമായിരുന്നു വിഷ്ണു ചേട്ടനിൽനിന്നും ലഭിച്ചത്. നല്ല പേടിയുണ്ടായിരുന്നെങ്കിലും ഓരോ ഷോട്ടെടുക്കുമ്പോഴും ധൈര്യം പകർന്ന് കൂടെനിന്നു.

ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയപ്പോൾ?
ശരീരത്തിൽ പ്രേതബാധയുണ്ടാകുന്ന സീനായിരുന്നു ആദ്യം ചിത്രീകരിച്ചത്. എല്ലാവരുടെയും മുഖത്ത് പരിഭ്രമമുണ്ടായിരുന്നു. സാരിയുടുത്തുവന്നപ്പോൾ തന്നെ എന്തോ ഒരു ശക്തി എന്നിൽ ആവേശിച്ചതുപോലെ തോന്നി. ശരിക്കും ദേഷ്യമായിരുന്നു തോന്നിയത്. ഒരു അദൃശ്യ ശക്തി എന്റെയുള്ളിൽ പ്രവർത്തിക്കുന്നതുപോലെ തോന്നി. അതുകൊണ്ടുതന്നെ ആ സീൻ എല്ലാവർക്കും ഇഷ്ടപ്പെട്ടു.

സംവിധായകന്റെ നിർദ്ദേശങ്ങൾ?
ചിത്രീകരണം തുടങ്ങുന്നതിനുമുമ്പുതന്നെ തിരക്കഥ മുഴുവൻ വായിക്കാൻ തന്നിരുന്നു. ചിത്രീകരണത്തിനു തലേന്ന് അടുത്ത ദിവസത്തെ സീനുകൾ വായിച്ചുപഠിക്കും. പൈലറ്റിൽ റെക്കോഡ് ചെയ്യുന്നതുകൊണ്ട് സീനെടുക്കുമ്പോൾതന്നെ ഡയലോഗുകൾ പറയേണ്ടതുണ്ടായിരുന്നു. നാട്ടിൻപുറത്തെ ഒരു ഇല്ലത്തെ കുട്ടിയുടെ സംഭാഷണങ്ങൾ പരിചിതമല്ലായിരുന്നു. പഠിക്കാൻ ബുദ്ധിമുട്ടായിരുന്നെങ്കിലും അതെല്ലാം മനപ്പാഠമാക്കി പറയുകയായിരുന്നു. ഓരോ സീനും എങ്ങനെയാണ് ചെയ്യേണ്ടതെന്ന് സാർ കൃത്യമായി പറഞ്ഞുതന്നു. സെറ്റിൽ കുറുമ്പു കാട്ടുമ്പോൾ നന്നായി വഴക്കു പറയുമായിരുന്നു. എങ്കിലും ക്ഷമയോടെ ഓരോ രംഗവും കൃത്യമായി മനസ്സിലാക്കിത്തരുമായിരുന്നു. എന്തെങ്കിലും ബുദ്ധിമുട്ടു തോന്നിയാൽ അതെല്ലാം പരിഹരിച്ചതിനുശേഷമായിരുന്നു ചിത്രീകരണം. കൂടെ വേഷമിട്ടവരെല്ലാം നല്ല സഹകരണമായിരുന്നു നൽകിയത്. അച്ഛന്റെ സഹോദരിയായി വേഷമിട്ട പ്രവീണ ചേച്ചിയും നല്ല സപ്പോർട്ടായിരുന്നു. ഓരോ രംഗവും ഇങ്ങനെ ചെയ്തു നോക്കൂ എന്നു പറഞ്ഞ് അവരും ധൈര്യം പകർന്നു.

ചിത്രീകരണം?
പാലക്കാട് ജില്ലയിലെ ഒളപ്പമണ്ണ മനയിലായിരുന്നു ചിത്രീകരണം. രാത്രിയിലായിരുന്നു ഏറെയും ചിത്രീകരിച്ചത്. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി അവിടെ വേറെ കുളങ്ങളായിരുന്നു. രണ്ടിടത്തും മാറിമാറി പോകരുതെന്ന് പറഞ്ഞിരുന്നു. ശരിക്കും ഭയപ്പെടുത്തുന്ന ഒരു നെഗറ്റീവ് എനർജി അവിടെ ഉണ്ടായിരുന്നതായി അനുഭവപ്പെട്ടിരുന്നു.

ആദ്യ സിനിമയുടെ അനുഭവങ്ങൾ?
നമ്മൾ രണ്ടു മണിക്കൂർ കാണുന്ന സിനിമയുടെ അധ്വാനം ഏറെയാണെന്ന് മനസ്സിലായി. ഓരോ സീനും പണിപ്പെട്ടാണ് ചിത്രീകരിച്ചത്. ചില സീനുകൾക്കുവേണ്ടി മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നിട്ടുണ്ട്. വിഗ് വെച്ചുകൊണ്ടുള്ള അഭിനയമായിരുന്നു മറ്റൊന്ന്. ഇതെല്ലാം കണ്ടപ്പോൾ മതിയാക്കി വീട്ടിലേയ്ക്കു മടങ്ങിയാലോ എന്നായി ചിന്ത. അച്ഛനും അമ്മയും കൂടെയുള്ളതുകൊണ്ട് പിടിച്ചുനിന്നു. സെറ്റിൽ അസോസിയേറ്റ്‌സുകളിൽനിന്നെല്ലാം നല്ല സപ്പോർട്ടുണ്ടായിരുന്നു.

 

രമ്യാ കൃഷ്ണനോടൊപ്പം?
കണ്ണുകൾകൊണ്ട് ഇന്ദ്രജാലം നടത്തുന്ന കലാകാരിയാണവർ. അവരുടെ ഒരു നോട്ടം മാത്രം മതി. ഏതു ബാധയും ഒഴിഞ്ഞുപോകും. അത്രയും ശക്തമാണ് ആ കണ്ണുകൾ. എന്റെ ബാധയൊഴിപ്പിക്കാനാണ് അവർ കോവിലകത്തെത്തിയത്. ഈ സീനൊഴികെ രമ്യാ കൃഷ്ണനുമൊത്തുള്ള കോമ്പിനേഷൻ സീനുകൾ കുറവായിരുന്നു. എല്ലാവരോടും സംസാരിച്ചുനടക്കുന്ന സ്വഭാവക്കാരിയല്ല രമ്യ മാം. എങ്കിലും അവരുമൊന്നിച്ച് ഫോട്ടോയെടുക്കാൻ കഴിഞ്ഞു.

പഠനം?
ബിസിനസ് മാനേജ്‌മെന്റിൽ ബിരുദപഠനം നടത്തുകയാണിപ്പോൾ. പഠിച്ചു മുന്നേറുകയാണ് ലക്ഷ്യം. എം.ബി.എ എച്ച്.ആർ. പഠിച്ച് ജോലി നേടണം. ഇതിനിടയിൽ നല്ല വേഷങ്ങൾ ലഭിച്ചാൽ സിനിമയിലും തുടരണമെന്നാണ് മോഹം.

പുതിയ ചിത്രങ്ങൾ?
ആകാശഗംഗയ്ക്കുശേഷം തമിഴിൽനിന്നും ചില ഓഫറുകൾ വന്നിരുന്നു. എന്നാൽ അന്യഭാഷകളിലേയ്ക്ക് ചേക്കേറാൻ ഇപ്പോൾ താൽപര്യമില്ല. മലയാളത്തിൽതന്നെ തുടരാനാണ് തീരുമാനം. വിനീത് ശ്രീനിവാസന്റെ ചിത്രങ്ങളോട് ഏറെ പ്രിയമുണ്ട്. അദ്ദേഹത്തിന്റെ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചാൽ സ്വീകരിക്കും.

Latest News