Sorry, you need to enable JavaScript to visit this website.

മൂല്യബോധത്തിന്റെ വീണ്ടെടുപ്പ്; ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കാമ്പയിൻ

ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കാമ്പയിൻ ഉദ്ഘാടന ചടങ്ങിൽ

ജിദ്ദ- 'മൂല്യബോധമാണ് മനുഷ്യത്വം; ഇസ്‌ലാമാണ് അതിന്റെ സ്രോതസ്സ്' എന്ന ശീർഷകത്തിൽ നാല് മാസ കാമ്പയിൻ പ്രഖ്യാപിച്ച് ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ. 
മനുഷ്യത്വമെന്നാൽ മൂല്യബോധമാണെന്നും അതിലൂടെ മാത്രമേ വൈയക്തിക, കുടുംബ, സാമൂഹിക ഭദ്രത കൈവരിക്കാനാവൂ എന്നും സമൂഹത്തെ ബോധവൽക്കരിക്കുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സെന്റർ ഭാരവാഹികൾ വ്യക്തമാക്കി.  സാമൂഹിക പ്രവർത്തകൻ ശൈഖ് ഫദ്‌ലിന്റെ സാന്നിധ്യത്തിൽ പ്രൊഫ. ഇസ്മായിൽ മരിതേരി കാമ്പയിൻ പ്രഖ്യാപിച്ചു. 


മൂല്യബോധമില്ലാത്ത സമൂഹത്തിന് ദിശാബോധം നഷ്ടപ്പെടുമെന്നും സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ ജീർണതകളെ ഇസ്‌ലാം പകർന്നു നൽകുന്ന മൂല്യങ്ങൾ കൊണ്ട് നിർമാർജനം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'മാനവ സമത്വത്തിന്റെ ഇസ്‌ലാമിക നൈതികതയോടാണ് ഫാസിസം കലഹിക്കുന്നത്' (തുറന്ന സംവാദം), 'മൂല്യരാഹിത്യത്തിന്റെ ബീഭത്സ നൃത്തമാണ് യുക്തിവാദം' (ബൗദ്ധിക സംവാദം), ഭീകരവാദാശയങ്ങളുടെ സമ്പൂർണ നിരാകരണമാണ് ഇസ്‌ലാം (സിമ്പോസിയം), 'ധാർമികതാ നിഷേധം സ്വാതന്ത്ര്യമല്ല, സർവനാശമാണ്' (പുതു തലമുറയോട്), 'തൗഹീദ്, ആഖിറത്ത്, രിസാലത്ത്: മൂല്യവിചാരങ്ങളുടെ സൈദ്ധാന്തിക പരിപ്രേക്ഷ്യം' (പബ്ലിക് പ്രോഗ്രാം), 'ഖുർആൻ: മാനുഷിക മൂല്യങ്ങളുടെ ദൈവിക വിളംബരം' (ടേബിൾ ടോക്ക്), 'നബി ചര്യയാണ് മാനവികത' (ഒൺ ടു ഒൺ), 'നിയമ നിഷേധത്തിന് വളം വെക്കുന്ന സൂഫീ സിദ്ധാന്തങ്ങൾ' (മുഖാമുഖം), 'തകരുന്ന കുടുംബ വ്യവസ്ഥ: ഇസ്‌ലാമിക പരിഹാരങ്ങൾ' (കുടുംബ സംഗമം), യുവജന സമ്മേളനം, ബാല സമ്മേളനം, വനിതാ സമ്മേളനം തുടങ്ങിയവ കാമ്പയിന്റെ ഭാഗമായി ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കും. കാമ്പയിന്റെ തലവാചകത്തെ അടിസ്ഥാനമാക്കി നടക്കുന്ന പ്രബന്ധ രചന, പ്രസംഗം, ക്വിസ് എന്നീ മത്സരങ്ങളിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുമെന്നും സംഘാടകർ അറിയിച്ചു. 


ചടങ്ങിൽ 'ഇഷ്ടം നബി(സ) യോടാണ്' എന്ന വിഷയത്തിൽ മമ്മൂട്ടി മുസ്‌ല്യാർ സംസാരിച്ചു. പ്രവാചകനെ സ്‌നേഹിക്കുന്നവരാണ് എന്ന് അവകാശപ്പെടുന്നവർ അദ്ദേഹത്തെ പിൻപറ്റാൻ തയാറാവണമെന്നും പ്രവാചക ജന്മദിനം ആഘോഷിക്കുന്നവർ ഇസ്‌ലാമിക പ്രമാണങ്ങൾക്ക് എതിരെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി. ഏകദൈവാരാധന എന്ന മഹിതമായ ആദർശത്തെ തകർക്കുക എന്നതാണ് ഇസ്‌ലാമിന്റെ ശത്രുക്കളുടെ ലക്ഷ്യമെന്ന്' തൗഹീദാണ് പ്രധാനം' എന്ന വിഷയം അവതിരിപ്പിച്ച ബാദുഷ ബാഖവി പറഞ്ഞു.
അബ്ബാസ് ചെമ്പൻ അധ്യക്ഷനായിരുന്നു. ശിഹാബ് സലഫി സ്വാഗതവും ശരീഫ് ബാവ നന്ദിയും പറഞ്ഞു.

 

Latest News