Sorry, you need to enable JavaScript to visit this website.

പിച്ചിച്ചീന്തിയ കൗമാരം; ഇത് കേരളത്തിന് അപമാനം

വാളയാർ എന്നൊരു ദേശം. അവിടുത്തെ ഇട തിങ്ങിയ പച്ചിലച്ചാർത്തുകൾക്കിടയിൽ മാംസം വറ്റിമെലിഞ്ഞ  കുറെ പാവപ്പെട്ട ദളിത് ആദിവാസികളുടെ കൊച്ചു കൊച്ചു വീടുകൾ. ദൈനംദിനം സർവ വേദനകളും കടിച്ചിറക്കി പട്ടിണിയിലും ദാരിദ്ര്യത്തിലും പ്രാണൻ നഷ്ടപ്പെടാത്ത കുറെ മനുഷ്യ ജന്മങ്ങൾ. അവർക്കിടയിൽ ഇളം പ്രായത്തിലുള്ള പെൺകുട്ടികളെത്തേടിയെത്തുന്ന രാഷ്ട്രീയ - ഉദ്യോഗസ്ഥ കാട്ടാളന്മാർ. 
പതിനൊന്നും എട്ടും വയസ്സ് പ്രായമുള്ള രണ്ടു പെൺകുട്ടികളെ അതിക്രൂരമായി  കാമമടക്കി കെട്ടിത്തൂക്കിയത് കേട്ടപ്പോൾ അമ്മമാരുടെ മാത്രമല്ല മനുഷ്യനായി പിറന്നവരുടെ കണ്ണുകൾ മുഴുവൻ ഈറനണഞ്ഞു.  ഇപ്പോൾ കേട്ട വാർത്തയാകട്ടെ, ദുഷ്ടജീവികളായ ആ കാട്ടാളന്മാരെ പാലക്കാട് പോക്‌സോ കോടതി  തെളിവില്ലെന്നു പറഞ്ഞു വെറുതെ വിട്ടിരിക്കുന്നുവെന്നാണ്.  ഹൃദയം മരവിക്കുന്ന അനുഭവം.  
കണ്ണും കാതുമില്ലാത്ത നിയമപാലകരേ, നിങ്ങൾ കേരളത്തിലെ ഓരോ അമ്മമാരുടെയും നെഞ്ചിലാണ് കൂരമ്പുകൾ തറച്ചത്. നൊന്തു പ്രസവിച്ച ഒരമ്മയും നിങ്ങൾക്ക് മാപ്പു തരില്ല.  നിങ്ങൾക്ക് പെൺകുഞ്ഞുങ്ങളില്ലേ? ആ വർത്തയറിഞ്ഞു ബോധം മറിഞ്ഞുപോകാത്ത ആ അമ്മയോട് മാപ്പു ചോദിക്കുന്നു. ഇരുട്ടു വീണ ആ കുടിലിനുള്ളിൽ ഈ കുട്ടികളുടെ അമ്മ വിങ്ങിപ്പൊട്ടി എത്രയോ ദിനങ്ങൾ നീതിക്കായി വിലപിച്ചു. സ്വന്തം മകളെ പീഡിപ്പിക്കുന്ന ദയനീയ കാഴ്ച കാണാൻ ഇടവന്ന ഒരമ്മയുടെ ധർമസങ്കടം കാട്ടുനീതി നടപ്പാക്കിയ പോലീസിനോട് തുറന്നു പറഞ്ഞിട്ടും ആരും കണ്ണു തുറന്നില്ല. നീതി കിട്ടിയില്ല. രണ്ടു പെൺകുട്ടികളും ശാരീരിക പീഡനത്തിന് ഇരയായെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയിട്ടും കുറ്റവാളികളെ രക്ഷപ്പെടാൻ  അന്വേഷണ സംഘം കൂട്ടുനിന്നു.   രണ്ട് പാവപ്പെട്ട പെൺകുട്ടികളെ കെട്ടിത്തൂക്കി കൊന്നിട്ടും ഒരു രാഷ്ട്രീയ പാർട്ടിയോ, വനിതാ കമ്മീഷനോ, മഹിളാ സംഘടനകളോ, പട്ടികജാതി വകുപ്പോ ഇടപെട്ടില്ല. ആ പാവങ്ങൾക്ക് ആരുമില്ല. രാഷ്ട്രീയ പാർട്ടിക്കാരായ കുറ്റവാളികൾ എത്ര വേഗത്തിലാണ് രക്ഷപ്പെട്ടത്?   രണ്ടുപേരെയും ബലാത്സംഗത്തിനിരയാക്കി കെട്ടിത്തൂക്കിയ രേഖകൾ, സാക്ഷികൾ ഉണ്ടായിട്ടും കുറ്റവാളികൾ രക്ഷപ്പെട്ടു. പോലീസിന്റ വിശ്വാസ്യത ഒരിക്കൽ കുടി തകർന്നിരിക്കുന്നു.  മുഖ്യമന്ത്രി ഇടപെട്ടിട്ടും ഒന്നും സംഭവിച്ചില്ല.   പാർട്ടിക്കാരനായാൽ മതി എന്ത് അനീതിയും നടത്താം, ആരെയും വെട്ടിക്കൊല്ലാം, സ്ത്രീകളെ പീഡിപ്പിച്ചു കൊല്ലാം. കേരളത്തിന്റെ മുഖം ഭീകരമായിക്കൊണ്ടിരിക്കുന്നത് ആരും തിരിച്ചറിയുന്നില്ല. ഇത്ര മാത്രം സ്ത്രീകളെ അപമാനിക്കുന്ന ഒരു സംസ്ഥാനം മറ്റെങ്ങും കാണില്ല.  കേരളത്തിന്റ സാംസ്‌കാരിക പ്രതിഛായക്ക് മങ്ങൽ സംഭവിച്ചിരിക്കുന്നു.   
കുരങ്ങന്റെ കൈയിൽ പൂമാല കിട്ടുന്നതു പോലെയാണ് ചിലരൊക്കെ വോട്ടുകൾ രേഖപ്പെടുത്തുന്നത്. പാവങ്ങൾ കള്ളും കാശും വാങ്ങി വോട്ട് ചെയ്യും. അതിന്റെ ദുരന്ത ഫലമാണ് വാളയാറിൽ  കണ്ടത്.  ഓരോ  തെരഞ്ഞെടുപ്പും രാഷ്ട്രീയ പാർട്ടികളുടെ വേട്ടകളാണ്.  ഇരകളാകുന്നത് പാവപ്പെട്ട ജനങ്ങൾ. ജീവനും ജീവിതത്തിനും സംരക്ഷണം കിട്ടാനാണ് നമ്മൾ വോട്ട് ചെയ്യുന്നത്.  ഇപ്പോൾ സംഭവിക്കുന്നത് ജീവനു പകരം അവർ ജീവനെടുക്കുന്നു. മനുഷ്യ ജീവിതം ദുരിത പൂർണമാക്കുന്നു. ഇവിടെ വേട്ടയാടിയത് വാളയാറിലെ പാവപ്പെട്ട രണ്ടു പെൺകുട്ടികളെയാണ്.  വോട്ടുകൾ രേഖപ്പെടുത്തുന്നത് പൗരാവകാശമെങ്കിലും അത് വെല്ലുവിളിക്കാനും പ്രതിഷേധം രേഖപ്പെടുത്താനും കൂടിയുള്ളതാണ്.  
സമൂഹത്തിൽ സ്ത്രീകളോട് പരാക്രമം കാട്ടുന്നവനും അവനെ സംരക്ഷിക്കുന്നവനും കൈക്കൂലിക്കാരനും കൊള്ളയും കൊലയും നടത്തുന്നവർക്ക് കൂട്ടുനിൽക്കുന്ന ഈ നാട്ടിലെ  കാട്ടാളന്മാർക്ക് ഒരിക്കലും വോട്ടു ചെയ്യില്ല എന്ന ദൃഢപ്രതിജ്ഞയെടുത്താൽ നമ്മുടെ പെൺകുട്ടികൾക്ക് മനഃസമാധാനമയി ജീവിക്കാം.  ഇല്ലെങ്കിൽ ഇത് ഇനിയും തുടരും. 
ജീവിതത്തിൽ പാവങ്ങൾക്കുള്ള അജ്ഞതയാണ് വോട്ടുപെട്ടി നിറച്ചുവിടുന്നത്. നായകനും വില്ലനുമായി വേട്ടക്കാരെ അവർക്കറിയില്ല.  നല്ലൊരു ഭരണാധിപന് ഒരു പാവപ്പെട്ടവന്റെ ജീവിതത്തെ മാറ്റിമറിക്കാൻ സാധിക്കും. അവരത് ചെയ്യില്ല. അവന്റെ ഉയർച്ച വോട്ട് പെട്ടിക്ക് അപകടമാണ്.  ദാരിദ്ര്യത്തിൽ കിടന്നാൽ കള്ളും പണവും വാങ്ങി വോട്ട് ചെയ്യും. കേരളത്തിലെ ജാതി മത രാഷ്ട്രീയക്കാർ നീണ്ട നാളുകളായി ഈ  വിദ്യകളാണ് പയറ്റിക്കൊണ്ടിരിന്നത്.  അതെല്ലാം അരമന രഹസ്യങ്ങളാണ്.  തെരെഞ്ഞെടുപ്പിൽ ഓരോ ചിഹ്നങ്ങൾ വാങ്ങി പ്രതിഷ്ഠ നടത്തി ജാതി മന്ദിരങ്ങൾ കയറിയിറങ്ങി വോട്ടുപെട്ടി ദേവനെ ആരാധിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ തെരഞ്ഞടുപ്പിൽ കുറെ മനുഷ്യരുടെ കണ്ണു തുറന്നു കണ്ടത്.  ഈ തിരിച്ചറിവ് മലയാളിക്കുണ്ടായത് പുസ്തകങ്ങൾ വായിച്ചിട്ടാണോ? സത്യത്തിൽ ഇതാണ് ശരി.  അല്ലെങ്കിൽ നേർരേഖ.  ജാതി മത മേലാളന്മാർ വോട്ട് ചെയ്യാൻ പറഞ്ഞാൽ അവരുടെ അടിയനൊന്നുമല്ലെന്ന് അവരെ പഠിപ്പിച്ചു.  മതമെന്ന മുളകും ജാതിയെന്ന ഉപ്പും പറഞ്ഞാണ് വിശ്വാസികളെ കബളിപ്പിക്കുന്നത്.  സമൂഹത്തിൽ ഭിന്നതയുണ്ടാക്കി വർഗീയ വൈരം വളർത്തി, നീതിയെ അനീതിയാക്കി  ഭരണത്തിന്റ മഹത്വം പറഞ്ഞുകൊണ്ട് നാം ശ്രേഷ്ഠമെന്ന് കരുതുന്ന ജനാധിപത്യത്തെ പോലും നിത്യവും കശാപ്പ് ചെയ്തു കൊണ്ടിരിക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് രണ്ടു പാവപ്പെട്ട പെൺകുട്ടികളുടെ ദാരുണ മരണം. പാവപ്പെട്ട മനുഷ്യരോട്, സ്ത്രീകളോട് ഒരൽപം ദയ, കാരുണ്യം ആരും കാട്ടാറുണ്ട്.  അധികാരത്തിൽ വരുന്ന രാഷ്ട്രീയ പാർട്ടികൾ എന്തുകൊണ്ടാണ് കുറ്റവാളികൾക്ക് കുടപിടിക്കുന്നത്? ഈ പെൺകുട്ടികളുടെ കേസ് അന്വേഷണത്തിൽ ഏത് ജനപ്രതിനിധിയാണ് ഇടപെട്ടത്?  പാവപ്പെട്ടവന്റെ നികുതിപ്പണത്തിൽ നിന്നും ശമ്പളം പറ്റുന്നവരും രാജകീയ പ്രൗഢിയിൽ ജീവിക്കുന്ന അധികാരികളും തുടരെ തെളിയിച്ചുകൊണ്ടിരിക്കുന്നത് ജനാധിപത്യം, നിയമം, പോലീസ്, സർവകലാശാലകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി എല്ലാം രംഗങ്ങളും ഒരു തട്ടിപ്പ് കേന്ദ്രമെന്ന നിലയിലാണ്.  പഠിക്കുന്ന വിദ്യാർത്ഥിക്ക് മാർക്കില്ല.  ബുദ്ധിയോ കഴിവോ ഇല്ലാത്തവരുടെ മക്കൾ പഠിക്കേണ്ട. ചോദ്യപേപ്പർ അവന്റെ വീട്ടിലെത്തിക്കൊള്ളും.  പാർട്ടിക്കാരന്റെ മക്കൾക്കു തൊഴിലിനും ഒരു പഞ്ഞമില്ല. എവിടെയെങ്കിലും തിരുകിക്കയറ്റിക്കൊള്ളും. കഷ്ടപ്പെട്ട് പഠിച്ചവന് തൊഴിൽ വേണമെങ്കിൽ പാർട്ടിക്കാരന് ലക്ഷങ്ങൾ കോഴ കൊടുക്കണം. ഓരോരുത്തർ ഭരണത്തിൽ വരുമ്പോൾ യോഗ്യതയില്ലാത്തവരെ പോലീസ് അടക്കം ഓരോരോ സ്ഥാപനങ്ങളിൽ പാർട്ടികളുടെ കാവൽക്കാരായി തിരുകിക്കയറ്റി അവരുടെ പ്രാതിനിധ്യ0 വർധിപ്പിക്കുന്നു.  ഇത് ജനാധിപത്യമല്ല. വാളയാർ കേസ്  ഒരു ഉന്നത ഏജൻസിയെക്കൊണ്ട് വീണ്ടും അന്വേഷിപ്പിക്കാനും ആ കുടുംബത്തിന്റ സംരക്ഷണം ഏറ്റെടുക്കാനും സർക്കാർ മുന്നോട്ട് വരണം. 
കേരളത്തിലെ സാഹിത്യ സാംസ്‌കാരിക നായകന്മാരെ നിങ്ങൾ ഏത് വനത്തിലാണ് കൂടുകെട്ടിയിരിക്കുന്നത്? ഈ ശ്മശാന മണ്ണിലേക്ക് ഒന്ന് പറന്നു വരൂ. താളം തെറ്റി ജീവിക്കുന്ന ഈ കാട്ടാളന്മാരെ ഒന്ന് കാണൂ. ആധുനിക സംസ്‌കാരത്തിന്റെ അപ്പോസ്‌തോലമാർ ജീവിക്കുന്ന മണ്ണിലാണ് പാവം പെൺകുട്ടികളുടെ മാനം അപഹരിക്കപ്പെടുന്നതും ജീവൻ നഷ്ടപ്പെടുന്നതും. 
ഒരു കാട്ടാളൻ ഇണക്കിളികളിലൊന്നിനെ അമ്പെയ്തു വീഴ്ത്തിയപ്പോൾ അത് കണ്ടു നിന്ന വാൽമീകി മഹർഷിയുടെ ഹൃദയം പിടഞ്ഞു. അദ്ദേഹത്തിന്റെ ഭാരതമണ്ണിലെ അനീതിക്കതിരെ പുറത്തു വന്ന ആദ്യ കവിത 'മാ നിഷാദ'  ഇന്നുള്ളവരെ  ആ കവിത പുഛത്തോടെ നോക്കുന്നു. വന്യമൃഗങ്ങളെ ഇര തേടാൻ വരുന്ന കാട്ടാളന്മാർ, അല്ലെങ്കിൽ മത രാഷ്ട്രീയ രക്ഷകരായി വരുന്നവർ ഇടിഞ്ഞുപൊളിഞ്ഞ വീടുകളിലും കൂരകളിലും വഞ്ചനയും ചതിയും ബലാത്സംഗവും നടത്തി പാവങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നു. 
ഇതിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ എഴുത്തുകാരും സാംസ്‌കാരിക നായകരും മറ്റും മുന്നോട്ടു വരേണ്ടതുണ്ട്.
 

Latest News