Sorry, you need to enable JavaScript to visit this website.

ഇരു മുന്നണികൾക്കും ഷോക്ക് ട്രീറ്റ്‌മെന്റ് 

അപൂർവ നേട്ടത്തിന്റെ ആഹ്ലാദം..... അരൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.

തിരുവനന്തപുരം- ഉപതെരഞ്ഞെടുപ്പ് ഫലം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ ജനത്തിന്റെ ഷോക്ക് ട്രീറ്റ്‌മെന്റായി. എൽ.ഡി.എഫിന്റെ കുത്തക സീറ്റായി വിലയിരുത്തപ്പെട്ടിരുന്ന അരൂർ കോൺഗ്രസ് പിടിച്ചെടുത്തപ്പോൾ കോൺഗ്രസിന്റെ കൈവശമിരുന്ന വട്ടിയൂർക്കാവും കോന്നിയും സി.പി.എം പിടിച്ചെടുത്ത് യു.ഡി.എഫിനെ ഞെട്ടിച്ചു. 
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജനം തങ്ങൾക്കൊപ്പമാകുമെന്ന ഇരു മുന്നണിക്കും അവകാശപ്പെടാനാകാത്ത വിധമാണ് ജനവിധിയെന്നതും ശ്രദ്ധേയമാണ്. ലോക്‌സഭയിലേക്ക് യു.ഡി.എഫിന് നൽകിയ ജനവിധിയിൽ അവർ അഹങ്കരിക്കേണ്ടതില്ലെന്ന ശക്തമായ താക്കീത് കൂടിയായി പാലായ്ക്ക് പിന്നാലെ വന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്താം.
കോൺഗ്രസ് സ്ഥാനാർഥികളെ സംബന്ധിച്ച് വട്ടിയൂർക്കാവിൽ കെ.മുരളീധരന്റെ നിലപാടും കോന്നിയിൽ അടൂർ പ്രകാശിന്റെ നിലപാടും കോൺഗ്രസിൽ പുതിയ വിവാദങ്ങൾക്ക് വെടിമരുന്നിടുമെന്നുറപ്പ്. ഇവിടങ്ങളിൽ യു.ഡി.എഫിനേറ്റ തോൽവി കോൺഗ്രസിനുള്ളിൽ ഉണ്ടാക്കിയ മുറിവുകൾ അടുത്ത കാലത്തൊന്നും കരിയുമെന്നു തോന്നുന്നില്ല. 
പ്രതീക്ഷച്ചതു പോലെ ബി.ജെ.പി ഉപതെരഞ്ഞെടുപ്പിൽ കൂടുതൽ ദുർബലമായി. ബി.ജെ.പി വോട്ടുകൾ യു.ഡി.എഫും എൽ.ഡി.എഫും കൈക്കലാക്കുകയും ചെയ്തു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് രണ്ട് സീറ്റ് ചൂണ്ടിക്കാട്ടി എൽ.ഡി.എഫിന് ആശ്വസിക്കാം. സി.പി.എം സീറ്റ് പിടിച്ചെടുത്തെന്ന് കോൺഗ്രസിനും അവകാശപ്പെടാം. ഇരു മുന്നണിയിലേയും നേതാക്കളുടെ പ്രതികരണങ്ങളിലും ഇത് വ്യക്തം.
വട്ടിയൂർക്കാവിൽ പ്രശാന്തിലൂടെ ജയിച്ചത് എൽ.ഡി.എഫ് മാത്രമെല്ലന്നും ഇന്നാട്ടിലെ ജനതയുടെ രാഷ്ട്രീയ പ്രബുദ്ധതയുടെ തെളിവാണ് വട്ടിയൂർക്കാവിൽ കണ്ടതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. 
ഇടതു ചെങ്കോട്ട തകർത്ത് അരൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ നേടിയത് ചരിത്ര വിജയമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. രാഷ്ട്രീയ പോരാട്ടം നടന്ന മണ്ഡലമാണ് അരൂർ. അരനൂറ്റാണ്ടിന് ശേഷമാണ് സി.പി.എമ്മിന്റെ കോട്ടയായ അരൂരിൽ ഒരു കോൺഗ്രസ് സ്ഥാനാർഥി വിജയം നേടുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
അരൂരിൽ യു.ഡി.എഫ് നേടിയ തിളക്കമാർന്ന ജയത്തെ മറച്ചുവെച്ച് വട്ടിയൂർക്കാവിലേയും കോന്നിയിലേയും മാത്രം തെരഞ്ഞെടുപ്പ് അവലോകനം നടത്തുന്ന മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പാപ്പരത്തം കേരള ജനത തിരിച്ചറിയുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പ്രതികരിച്ചു.
ഇടതു സർക്കാരിനെതിരെ അതിശക്തമായ ജനവികാരം നിലനിൽക്കുന്നുവെന്ന് ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  ഈ ഉപതെരഞ്ഞെടുപ്പോടെ ബി.ജെ.പി കേരളത്തിൽ തകർന്നടിഞ്ഞു. ഒരു സീറ്റിലും അവർക്ക് ജയിക്കാൻ കഴിയില്ലെന്ന് ഇതോടെ വ്യക്തമായതായും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
എൻ.എസ്.എസ് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല, ശരിദൂരമാണ് അവർ പ്രഖ്യാപിച്ചത്. എന്നാൽ അത് യു.ഡി.എഫിനനുകൂലമായ നിലപാടാണെന്ന് ചിലർ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. സർക്കാരാകട്ടെ അതിന്റെ ഔദ്യോഗിക സംവിധാനങ്ങൾ മുഴുവൻ തെരഞ്ഞെടുപ്പ് നേട്ടത്തിനായി ദുർവിനിയോഗം ചെയ്യുകയായിരുന്നെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

 

 

Latest News