Sorry, you need to enable JavaScript to visit this website.

വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ബൈക്കിടിച്ച് പരിക്കേല്‍പിച്ച യുവാവിന് ജാമ്യമില്ല

മഞ്ചേരി- വാഹന പരിശോധന നടത്തുകയായിരുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേല്‍പിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. കോട്ടക്കല്‍ സ്വാഗതമാട് ചെറുശോല വള്ളിക്കാടന്‍ മുഹമ്മദ് മുഫ്‌ലിഹി (18) ന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. 2019 ഒക്‌ടോബര്‍ പത്തിന് രാവിലെ ഒമ്പതു മണിക്ക് കോഴിക്കോട്-തൃശൂര്‍ ദേശീയ പാതയിലെ രണ്ടത്താണിയിലാണ് സംഭവം. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കിലെത്തിയ പ്രതിയെ എം.വി.ഐ കൈകാണിച്ചു നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇതു വകവയ്ക്കാതെ ബൈക്ക് കൊണ്ടു എം.വി.ഐയെ ഇടിച്ചു തെറിപ്പിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ എം.വി.ഐ അമ്പലപ്പുഴ കക്കാട് വടവടച്ചിറയില്‍ അസീമിനു ഗുരുതരമായി പരിക്കേറ്റിരുന്നു. ഇടതുകാലിന്റെ മുട്ടും തലയോട്ടിയുടെ വലതു ഭാഗവും പൊട്ടിയ അസീം ചികിത്സയിലാണ്. എതിര്‍വശത്തു നിന്ന് വന്ന കാറിനും സംഭവത്തില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. കാടാമ്പുഴ പോലീസാണ് കേസ് അന്വേഷിക്കുന്നത്.

 

Latest News