Sorry, you need to enable JavaScript to visit this website.

കയ്യേറ്റത്തിന്റെ പാരമ്പര്യം

കടൽ കയ്യേറിയതും വീതിച്ചു കൊടുത്തതുമായിരുന്നു പരശുരാമന്റെ അവസാനത്തെ വിക്രമം. കേരളത്തിന്റെ ഗുരുവും രക്ഷകനുമായ പരശുരാമന്റെ വീരസ്യം കെട്ടടങ്ങുന്നത് അതിനു മുമ്പ് പല വട്ടം കണ്ടിരുന്നു. കാർത്തവീര്യന്മാരെ കശാപ്പു ചെയ്തുവിട്ട ബ്രാഹ്മണയോദ്ധാവ് പിന്നീടൊരിക്കൽ കുമാരനായ ഒരുരാമനോട് ഏറ്റു തോൽക്കുകയുണ്ടായി. 
മിഥിലയിൽ കല്യാണം കഴിഞ്ഞ് അയോധ്യയിലേക്കു മടങ്ങുകയായിരുന്നു ദാശരഥി രാമൻ. വീര്യവും വിനയവും ഒരു പോലെ ഉള്ളിൽ നിറഞ്ഞ യുവാവ്. ആ കീർത്തി അപ്പാടേ സമ്മതിച്ചു കൊടുക്കാൻ തയ്യാറായിരുന്നില്ല അഹങ്കാരവും ആയുധബലവും തികഞ്ഞ സീനിയർ രാമൻ. 'ഞാനൊഴിഞ്ഞുണ്ടോ രാമൻ ഇത്രിഭുവനത്തിങ്കൽ?' എന്നാക്രോശിച്ചുകൊണ്ടായിരുന്നു പരശുവേന്തിയ ബ്രാഹ്മണന്റെ മുന്നേറ്റം. 
ആ ധാർഷ്ട്യവും അഹന്തയും വെല്ലുവിളിയുമൊക്കെ ദാശരഥിക്കൊരു പരീക്ഷണമായേ ഉദ്ദേശിച്ചിരുന്നുള്ളുവെന്ന് പരശുരാമനെ വെള്ള പൂശാം. ദാശരഥിയുടെ സ്വത്വവും ദൗത്യവും എന്തെന്നു നേരത്തെ പരശുരാമന് അറിയാമായിരുന്നു. അതൊന്നു വാക്കുകളെക്കൊണ്ട് വായുവിൽ ഉരച്ചുനോക്കിയതേയുള്ളു. എന്തായാലും
പരശുരാമക്ഷേത്രത്തിലെ പുത്തൻകൂറ്റുകാർ പരിചയിച്ചിരിക്കുന്നത് വെണ്മഴുവേന്തുകയും വെല്ലുവിളിക്കുകയും വെട്ടിക്കൊല്ലുകയും ചെയ്യുന്ന ഗുരുവിനെത്തന്നെ. ആ വീരകഥയുടെ ഉപസംഹാരമായിരുന്നു പടിഞ്ഞാറൻ കടലിലേക്ക് വെണ്മഴു ആഞ്ഞെറിഞ്ഞതും അവിടെ പൊങ്ങി വന്ന ഭൂഭാഗം ഇഷ്ടന്മാർക്ക് പങ്കിട്ടുകൊടുത്തതും.
കുന്നിനും കടലിനുമിടയിൽ ഉരുണ്ടുയർന്ന പ്രദേശം പങ്കിട്ട ഫോർമുല എല്ലാവർക്കും രസിച്ചെന്നു വരില്ല. നേരേ നോക്കിയാൽ, എല്ലാവർക്കും സമ്മതമായ ഒരു ഭാഗപത്രം ആരെങ്കിലും എവിടെയെങ്കിലും എഴുതിയതായി കേട്ടിട്ടുണ്ടോ? ഒരു കാര്യത്തിൽ തർക്കമില്ല.  
കടലിനെ പിന്നോക്കം തള്ളി മാറ്റുകയും ദേവവ്രതനെയും കുഞ്ഞിരാമനെയും ഒരു കൈ നോക്കാൻ വിളിക്കുകയും ചെയ്ത ഗുരുവിന്റെ വീമ്പ് പാരമ്പര്യമായി കിട്ടിയവരാണ് പരശുരാമക്ഷേത്രത്തിലെ പിന്മുറക്കാർ. 
ആവേശത്തോടെയും ഒട്ടൊക്കെ ആത്മാർഥതയോടെയും കടൽ കയ്യേറി പുതിയ ഭൂമി സൃഷ്ടിക്കുന്ന യജ്ഞത്തിൽ മുഴുകിയിരിക്കുന്നു പരശുരാമന്റെ ശിഷ്യഗണം.  ഗുരു പശ്ചാത്താപത്താൽ കടലിലേക്ക് ആഞ്ഞെറിഞ്ഞതാണ് ചോര പുരണ്ട മഴുവെന്നത്രേ വിശ്വാസം. പക്ഷേ പേടിയോ പശ്ചാത്താപമോ ലേശം പോലും ഏശാത്തതാണ് ചോര പുരണ്ട മഴുവിന്റെയും കടൽ നികത്തിയെടുത്ത വസ്തുവിന്റെയും ഓർമ്മ.  കേരളത്തിലെ കയ്യേറ്റത്തിന്റെ ചരിത്രത്തിൽ ആ വീര്യവും വസ്തുഭ്രമവും തെളിഞ്ഞു കാണാം.
പരശുരാമന്റെ കാലത്ത് നിലനിന്നിരുന്നതല്ല ഇന്നത്തെ കേരളത്തിലെ അളവും കോലും. അന്ന് കാതവും യോജനയുമായിരുന്നെങ്കിൽ ഇന്ന് അടിയും ഇഞ്ചുമായി പോലും കയ്യേറ്റം തിട്ടപ്പെടുത്തി നോക്കുന്നു. അറുപതുകളുടെ തുടക്കത്തിൽ സാഗരധ്വര എന്നു വിളിക്കാവുന്ന 'സീ ലോർഡ്' ആയിരുന്നു എറണാകുളത്തെ ഒരു ഭൂചിഹ്നം. 
സാഗരധ്വരയിൽ നിന്ന് ആറടി പടിഞ്ഞാട്ടു നടന്നാൽ ഒരു മതിൽ കാണാം. മതിലിനുതാഴെ കിണുങ്ങിക്കുണുങ്ങിക്കിടക്കുന്ന കായൽ. കായൽ കടലുമായി ഇണ ചേർന്ന് അനന്തതയിലേക്ക് നീളുന്നു. ഒരു കാലത്ത് കായൽ ഓളം വെട്ടിയിരുന്നിടത്ത് ഇപ്പോൾ വാസസ്ഥലങ്ങളും വാണിഭകേന്ദ്രങ്ങളും തല ഉയർത്തി വെട്ടിച്ചു നോക്കുന്നു. സഹ്യാദ്രിയിൽനിന്ന് പരശുരാമൻ ആഞ്ഞെറിഞ്ഞ മഴു സാഗരധ്വരക്കു താഴെവരെയേ വന്നുള്ളു എന്നുണ്ടോ? ഏതായാലും അവിടത്തെ കായലിൽനിന്നും കടലിൽനിന്നും ആവും പോലെ ഭൂമി കയ്യേറിപ്പിടിക്കാൻ തന്നെയാണ് പരശുരാമക്ഷേത്രോപജീവികളുടെ വാശി. 
കൊച്ചിയിൽ എവിടെയൊക്കെ, എത്രയേറെ, ഭൂമി വീണ്ടെടുത്തിരിക്കുന്നു! പരശുരാമന്റെ പിൻമുറക്കാരുടെ സാഹസികതയോ  ആത്മാർഥതയോ കാരണം, താഴോട്ടേ ഒഴുകൂ എന്ന് സ്വന്തം നിയമം നടപ്പാക്കുന്ന വെള്ളത്തെ വറ്റിച്ചോ വഴി തിരിച്ചുവിട്ടോ എത്രയെത്ര ഭൂമി വീണ്ടെടുത്തിരിക്കുന്നു, കോടിക്കണക്കിനു രൂപയുടെ വസ്തു രൂപപ്പെടുത്തിയിരിക്കുന്നു! പഴയ വിമാനത്താവളത്തിന്റെ മുന്നിലുണ്ടായിരുന്ന മൂളിപ്പാട്ടു പാടുന്ന കായൽ ജലം ഇന്ന് ഓർമ്മ മാത്രം.  പുതിയ വിമാനത്താവളം പണിയുമ്പോൾ വെള്ളത്തെയും വായുവിനെയും കടത്തിവെട്ടാമെന്ന് ഊറ്റം കൊണ്ടവർ, പത്തു പന്ത്രണ്ടു കൊല്ലമേ വേണ്ടി വന്നുള്ളു, വെള്ളം വെള്ളം സർവത്ര എന്നു വിലപിച്ച് നെട്ടോട്ടമോടുകയായി. രണ്ടു ദിവസത്തെ മഴയിൽ വിമാനത്താവളം മുങ്ങി. മൂന്നോ നാലോ രാപകൽ മുടങ്ങാതെ പെയ്താലോ? താഴേക്കു മാത്രം ഒഴുകുക എന്ന സ്വന്തം നിയമം കർശനമായി പാലിക്കുന്ന വെള്ളം ആരെയും വെറുതെ വിടില്ല.  
മഹാബലറാവു കൊച്ചി പോർട് ട്രസ്റ്റിന്റെ അധ്യക്ഷനായിരിക്കേ, ഞാൻ അദ്ദേഹത്തോട് ചോദിച്ചു. വെള്ളം വറ്റിച്ചും വഴി മാറ്റി ഒഴുക്കിയും അദ്ദേഹത്തിന്റെ സ്ഥാപനം വൻ തോതിൽ മുതൽക്കൂട്ടിയപ്പോൾ, വഴി മുട്ടിയ വെള്ളം എപ്പോഴെങ്കിലും കോപിക്കുമെന്ന് കരുതിയിട്ടുണ്ടോ?  വണ്ണവും പൊക്കവും ഏറെയുള്ള മഹാബലറാവു പറഞ്ഞു: അതൊക്കെ ആലോചിച്ചും അളന്നുനോക്കിയും ചെയ്തതാവും. ഇനിയിപ്പോൾ പിന്നോക്കം നോക്കേണ്ട കാര്യമില്ല. പക്ഷേ ഒളിച്ചുകളിച്ചും ഓതിരം മറിഞ്ഞും വരുന്ന വെള്ളം എവിടെയൊക്കെ അടി തകർക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. സുപ്രീം കോടതി പറഞ്ഞാലേ എന്തെങ്കിലും ചെയ്തുപോയ ആപത്തിനെപ്പറ്റി ആലോചിക്കുകയുള്ളുവെന്നാണെങ്കിൽ, അതും കർക്കശമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. 
നിയമം മുറിച്ച് പണിതിട്ടുള്ള ഗഗനചുംബികൾ പൊളിച്ചുമാറ്റാൻ ഇനി ഒരു മണിക്കൂർ പോലും വൈകിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ സുപ്രീം കോടതി എത്തിച്ചേർന്നത് ഒരു രാത്രി കൊണ്ടല്ല.  നാലോ അഞ്ചോ കൊല്ലമായി നടക്കുന്ന ആ നിർമാണഹോമത്തിന് ആ വഴിയേ കാറിലും പറന്നും പോകുന്ന കൊച്ചി നഗരം സജീവസാക്ഷിയായിരുന്നു.
കെട്ടിടത്തിലെ പാവം താമസക്കാരുടെ പേരിൽ കണ്ണീരൊഴുക്കുന്നവരാണെല്ലാവരും, എൻജിനീയർമാരും ഐ.എ.എസ് ധ്വരമാരും രാഷ്ട്രീയരാജാക്കന്മാരും.  വേണമെങ്കിൽ പൊളിക്കാൻ പോകുന്ന കെട്ടിടം പണിയാതിരിക്കാമായിരുന്നു.
വെട്ടിപ്പിൽ  എല്ലാവർക്കും പങ്ക് കാണും. അതുകൊണ്ടാകും, സുപ്രീം കോടതി വന്ന വഴിയേ ഉടമസ്ഥരുടെ ദുര്യോഗത്തെപ്പറ്റി വിലാപമായി. ആ വ്യവഹാരത്തിന്റെ കാലാനുക്രമണികയും നാൾവഴിയും വാർത്താ പ്രാധാന്യത്തോടെ പുറത്തുവന്നിട്ടില്ല.  ഉടമസ്ഥതയെയും നിരാണത്തെയും പറ്റിയുള്ള ആർ, എന്ത്, എങ്ങനെ, എവിടെ, എപ്പോൾ എന്നീ പഴഞ്ചൻ ചോദ്യങ്ങൾ ഇനിയും ഉത്തരം തേടി കിടക്കുന്നു. ഇത്ര കാലമെടുത്തും പണം മുടക്കിയും പണിത, പണിയാൻ പാടില്ലായിരുന്ന, വസതികളിൽ അമ്പതെണ്ണം ആരുടെയാണെന്ന് ആർക്കും അറിയില്ലത്രേ.  അത് അറിവിന്റെ സ്വഭാവം ആകുന്നു, ആരും അറിയണമെന്ന് ആഗ്രഹിക്കാത്തത് തെളിഞ്ഞുവരില്ല. ഉടമസ്ഥരില്ലാത്ത ആ രമ്യഹർമ്യങ്ങളെപ്പറ്റി ന്യൂസ് അവർ പൊടിപൊടിക്കുന്നത് എന്നാണാവോ?
കടലും കായലും കയ്യേറുന്നതിനെപ്പറ്റി ഇപ്പോഴേ വാക്കുകൊണ്ടുള്ള കസർത്ത് തുടങ്ങിയുള്ളു.  കുന്നും കാടും കയ്യേറുന്നതിനെപ്പറ്റി പണ്ടേക്കു പണ്ടേ ഉള്ളതാണ് ചർച്ച. നമ്മൾ പലതിനും ശപിച്ചു ശീലിച്ച ഇന്ദിരാ ഗാന്ധി ചെയ്ത പുണ്യം കാരണം സൈലന്റ് വാലി രക്ഷപ്പെട്ടു.  രക്ഷപ്പെടാതെ പോയത് ഉള്ളുടഞ്ഞുവീണ വയനാടൻ കുന്നുകളിൽ അമർന്നുപോയിക്കാണും. 
വയനാടൻ മഞ്ഞളിന്റെ മഹിമ കേട്ടറിഞ്ഞ് മല വെട്ടിപ്പിടിക്കാൻ തെക്ക് മറ്റൊരു മലഞ്ചെരുവിൽനിന്നു പുറപ്പെട്ടിറങ്ങിയവരുടെ ദൈന്യം നേരത്തേ കണ്ടറിഞ്ഞയാളാണ് പ്രസാദാത്മകത്വത്തിനു പേരു കേട്ട പൊറ്റെക്കാട്. അമ്മയെ ഓപ്പോൾ എന്നു വിളിച്ചു പോന്ന കുട്ടിയുടെ വാശിക്കാരനും അധ്വാനശീലനുമായ അച്ഛനായി ചമഞ്ഞ പഴയ പട്ടാളക്കാരനും വഴങ്ങാത്ത ഭൂമിയെ വരുതിയിൽ നിർത്താൻ ശ്രമിക്കുന്ന ആൾ തന്നെ. 
പരശുരാമക്ഷേത്രത്തിലെ സാഹിത്യത്തിന്റെ വരദാനങ്ങളാണ് ഓപ്പോൾ എന്ന കഥയും വിഷകന്യക എന്ന നോവലും. പിന്നെ 'ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുവനത്തിങ്കൽ'എന്നാക്രോശിക്കുന്ന കഥാപാത്രം കേന്ദ്രബിന്ദുവായ പുരാവൃത്തവും. കയ്യേറ്റത്തിന്റെയും കാട്ടുകൊള്ളയുടെയും നിലക്കാത്ത ആവർത്തനത്തിൽ അതൊക്കെ ഒന്നു വിലയിരുത്താനും വരാനിരിക്കുന്ന വിപത്ത് ലഘൂകരിക്കാനും പ്രേരകമായി, സാഹിത്യം പോരെങ്കിൽ, സുപ്രീം കോടതി കൽപന നമുക്ക് വഴികാട്ടിയായിട്ടുണ്ട്.
 

Latest News