Sorry, you need to enable JavaScript to visit this website.

കെ.എം.മാണിയുടെ വീടിന് മുന്നിൽ എൽ.ഡി.എഫ് പ്രകടനം, സംഘർഷം

ഇടതു മുന്നണിയുടെ വിജയാഹ്ലാദ പ്രകടനം കെ.എം.മാണിയുടെ വീടിന് മുന്നിലൂടെ കടന്നുപോകുന്നതിനിടെ വാഹനം തടഞ്ഞതിനെ തുടർന്ന് എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം. 

കോട്ടയം- മാണി സി.കാപ്പന്റെ വിജയം ഉറപ്പായതോടെ കെ.എം.മാണിയുടെ വീടിനു മുന്നിൽ സംഘർഷം. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ മാണി സി.കാപ്പന് വ്യക്തമായ ലീഡ് വന്നതറിഞ്ഞ് എൽ.ഡി.എഫ് പ്രവർത്തകർ കെ.എം.മാണിയുടെ വീടിന് മുന്നിലൂടെ നടത്തിയ ആഹ്ലാദ പ്രകടനമാണ് സംഘർഷത്തിനിടയാക്കിയത്. 
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്കെത്തുമ്പോഴായിരുന്നു സംഭവം. ജോസ് ടോമിന്റെ പരാജയം ഏതാണ്ട് ഉറപ്പായതിന്റെ ദു:ഖത്തിലായിരുന്നു മാണിയുടെ വീട്ടിൽ ഫലമറിയാൻ കാത്തിരുന്ന കേരളാ കോൺഗ്രസ് പ്രവർത്തകർ. ഈ സമയം അതു വഴി വാഹനങ്ങളിലെത്തിയ എൽ.ഡി.എഫ് പ്രവർത്തകർ മാണിയുടെ വീടിന് മുന്നിൽ നിർത്തി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു. ഇതോടെ പ്രകോപിതരായ കേരളാ കോൺഗ്രസ് പ്രവർത്തകർ പുറത്തിറങ്ങി വാഹനങ്ങൾ തടയുകയായിരുന്നു. ഇതേതുടർന്ന് എൽ.ഡി.എഫ് പ്രവർത്തകർ വാഹനങ്ങളിൽ നിന്നിറങ്ങി കേരളാ കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്തു. ഈ സമയം നാമമാത്രമായ പോലീസുകാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. പിന്നീട് ഡിവൈ.എസ്.പി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസെത്തുകയും എൽ.ഡി.എഫ് പ്രവർത്തകരെ ശാന്തരാക്കുകയുമായിരുന്നു. ഇതോടൊപ്പം സ്ഥലത്തെത്തിയ മുതിർന്ന എൽ.ഡി.എഫ് നേതാക്കളും പ്രവർത്തകരെ പിന്തിരിപ്പിച്ചു. ഇതോടെയാണ് സംഘർഷം അവസാനിച്ചത്. തുടർന്ന് കെ.എം.മാണിയുടെ വീടിന് മുന്നിൽ കൂടുതൽ പോലീസ് സുരക്ഷ ഏർപ്പെടുത്തി. 


 

Latest News