Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വന്‍കിട പദ്ധതികള്‍ വരുന്നു; റോഡ് ടോള്‍ ഉടനില്ല

റിയാദ്- അടുത്ത വർഷാവസാനം വരെ സൗദിയിൽ റോഡ് ടോൾ നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി ഡോ. നബീൽ അൽആമൂദി പറഞ്ഞു. റോഡ് ടോൾ നടപ്പാക്കുന്നതിന് നിയമ നിർമാണം നടത്തുകയും ഇത് ഉന്നതാധികൃതർ അംഗീകരിക്കേണ്ടതുമുണ്ട്.

ഹോം ഡെലിവറി മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കാൻ ഗതാഗത മന്ത്രാലയവും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളും നിലവിൽ ഏകോപനം നടത്തിവരികയാണ്. 


ഗതാഗത, ലോജിസ്റ്റിക് മേഖലയുമായി ബന്ധപ്പെട്ട ഏതാനും വൻകിട പദ്ധതികൾ ഉടൻ പ്രഖ്യാപിക്കും. ഈ പദ്ധതികൾ സാമ്പത്തിക, നിക്ഷേപ മേഖലകളിൽ ഉത്തേജനമുണ്ടാക്കും. ദമാം, ജിദ്ദ, റിയാദ് നഗരങ്ങളിലാണ് പുതിയ പദ്ധതികൾ പ്രഖ്യാപിക്കുക. റിയാദിൽ പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കുന്നതിനുള്ള നിയമാവലി ഒരു മാസത്തിനകം പ്രഖ്യാപിക്കും. 


പ്രാദേശിക വിപണിയുടെ ആവശ്യത്തിന്റെ 50 ശതമാനത്തിലേറെ അധിക ശേഷി സൗദിയിലെ തുറമുഖങ്ങൾക്കുണ്ട്. ഇത് ചരക്ക് നീക്കം വർധിപ്പിക്കാൻ ലോജിസ്റ്റിക് കേന്ദ്രങ്ങളും സാമ്പത്തിക മേഖലകളും സ്ഥാപിക്കുന്നതിന് സഹായകരമാണ്.


ജിദ്ദ ഇസ്‌ലാമിക് പോർട്ടിനു സമീപം ഖുംറയിൽ പുതിയ ലോജിസ്റ്റിക് കേന്ദ്രവും ഉടൻ പ്രഖ്യാപിക്കും. ഈ വർഷാവസാനത്തിനു മുമ്പായി ദമാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്തിനു സമീപവും ലോജിസ്റ്റിക് കേന്ദ്രം പ്രഖ്യാപിക്കും. ജിസാൻ, റാബിഗ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ ലോജിസ്റ്റിക് കേന്ദ്രങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സാധ്യതാ പഠനങ്ങൾ തുടരുകയാണ്. 


സൗദിയിലെ എയർപോർട്ടുകൾ, റെയിൽവേ പദ്ധതികൾ, റോഡുകൾ, തുറമുഖങ്ങൾ എന്നിവ അടക്കമുള്ള പശ്ചാത്തല സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ലോജിസ്റ്റിക് സേവനങ്ങൾ വികസിപ്പിക്കുന്നതിന് സ്വകാര്യ മേഖലക്ക് നിക്ഷേപാവസരങ്ങൾ ഒരുക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ചരക്ക് നീക്കത്തിന് ആവശ്യമായ ഗോഡൗണുകൾ, പേക്കിംഗ് അടക്കമുള്ള സേവനങ്ങളും സൗകര്യങ്ങളും ലോജിസ്റ്റിക് കേന്ദ്രങ്ങളിലുണ്ടാകും. ഇത്തരം കേന്ദ്രങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് പ്രത്യേക ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കും.

 
സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേക്ക് സമാന്തരമായി പുതിയ കടൽപാലം നിർമിക്കുന്നതിനെ കുറിച്ച് വിശദമായ പഠനം നടത്തുന്നതിനുള്ള കൺസൾട്ടൻസികളെ രണ്ടാഴ്ചക്കുള്ളിൽ നിർണയിക്കും. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയാണ് പുതിയ കടൽപാലം നിർമിച്ച് പ്രവർത്തിപ്പിക്കുക. ഗൾഫ് റെയിൽവേ ശൃംഖലയുടെ ആദ്യ ഘട്ടം യു.എ.ഇയിലൂടെ ആരംഭിച്ചിട്ടുണ്ട്. സൗദിയിലെ ഏതാനും വിമാനത്താവളങ്ങൾ നവീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. വ്യോമയാന വ്യവസായ മേഖലക്ക് മുൻ ദശകങ്ങളിൽ സൗദി ഭരണകൂടം വലിയ ശ്രദ്ധയാണ് നൽകിയത്. ചില എയർപോർട്ടുകളിൽ വീണ്ടും നിക്ഷേപങ്ങൾ നടത്തുന്നതിന് ഇപ്പോൾ സമയമായിട്ടുണ്ടെന്നും ഡോ. നബീൽ അൽആമൂദി പറഞ്ഞു.


 

Latest News