Sorry, you need to enable JavaScript to visit this website.

പിള്ള മനസ്സിലെ കള്ളം

ചെറിയ ചെറിയ കള്ളങ്ങൾ വലിയ വിപത്തിലേക്ക് വഴിവെക്കുമെന്നാണ് മലപ്പുറം ജില്ലയിലെ ഓമാനൂരിൽ അടുത്തിടെയുണ്ടായ സംഭവം കാണിച്ചു തരുന്നത്. നിരുപദ്രവകരമെന്ന് ഒറ്റനോട്ടത്തിൽ തോന്നാവുന്ന വിദ്യാർഥിയുടെ കള്ളംപറച്ചിൽ രണ്ട് യുവാക്കൾ ദാരുണമായി ആക്രമിക്കപ്പെട്ട സംഭവത്തിലാണ് കലാശിച്ചത്. കാളപെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന സോഷ്യൽമീഡിയക്കാരും അക്രമോൽസുകരായ പുതുയുവത്വവും ചേർന്ന് ഒരു നുണക്ക് സത്യത്തിന്റെ പരിവേഷവും നൽകി. തെരുവിൽ ആക്രമിക്കപ്പെട്ട രണ്ട് യുവാക്കളായിരുന്നു ആ നുണയുടെ ഇരകൾ. പിള്ള മനസിൽ കള്ളമില്ലെന്നാണ് പഴമൊഴി. എന്നാൽ ഇവിടെ കുരുന്നു മനസ്സിൽ മൊട്ടിട്ട ഒരു കള്ളം രണ്ട് യുവാക്കൾക്ക് നേരെ ആൾക്കൂട്ട ആക്രമണം നടത്തുന്നതുവരെയെത്തി.
സ്‌കൂൾ കാലത്ത് വിദ്യാർഥികൾ അപൂർവ്വമായെങ്കിലും ചെറിയ കള്ളങ്ങൾ പറയാറുണ്ട്. സ്‌കൂളിൽ പോകാൻ മടി തോന്നുമ്പോൾ വയറു വേദനിക്കുന്നുവെന്നും പനിയാണെന്നും പറയുന്നത് കുട്ടിക്കാലത്തെ നിഷ്‌കളങ്കമായ നുണകളാണ്. അത് എല്ലാ നാട്ടിലും ഉണ്ടാകാറുമുണ്ട്. എന്നാൽ അടുത്ത കാലത്ത് തട്ടികൊണ്ടു പോകൽ കഥകളാണ് കുട്ടികൾ പ്രചരിപ്പിച്ചു വരുന്നത്. സ്‌കൂളിൽ പോകുമ്പോൾ, അല്ലെങ്കിൽ കടയിൽ പോയി വരുമ്പോൾ കാറിലെത്തിയ ആൾക്കാർ തന്നെ പിടിച്ചു കൊണ്ടു പോയെന്നും കുറച്ചകലെ ഇറക്കിവിട്ടെന്നുമൊക്കെയാണ് കഥകൾ. സ്‌കൂളിൽ പോകാനുള്ള മടി കൊണ്ടോ മനഃശാസ്ത്രപരമായ കാരണങ്ങൾ കൊണ്ടോ ആകാം കുട്ടികൾ ഇത്തരം നുണകൾ പറയുന്നതെന്നാണ് അനുമാനം. എന്നാൽ ഇത്തരം പ്രചാരണങ്ങൾ പൊതുസമൂഹത്തിന് തമാശയായി കാണാൻ കഴിയില്ല. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിനെതിരെ ജനരോഷം ഉയരുന്നത് സ്വാഭാവികമാണ്. എന്നാൽ ആ പ്രചാരണം വലിയൊരു നുണയാണെന്ന് തിരിച്ചറിയുമ്പോഴേക്കും വാർത്ത ലോകത്തിന്റെ പല മൂലകളിലും എത്തിയിരിക്കും.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് ഓമാനൂരിൽ കഴിഞ്ഞ ദിവസം നടന്നതും അത്തരത്തിലുള്ള ഒരു നുണപ്രചാരണമായിരുന്നു. 14 കാരനായ വിദ്യാർഥി നാട്ടുകാരോട് പറഞ്ഞ ഒരു കള്ളം മൂലം രണ്ട് നിരപരാധികളായ യുവാക്കളാണ് ആൾക്കൂട്ട ആക്രമണത്തിന് ഇരകളായത്. താൻ നടന്നു വരുമ്പോൾ കാറിലെത്തിയ രണ്ടു പേർ തന്നെ കാറിലേക്ക് വലിച്ചു കയറ്റാൻ ശ്രമിച്ചെന്നായിരുന്നു കുട്ടി പറഞ്ഞത്. ഉടനെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി വഴിയരികിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിക്കുകയും ദൃശ്യങ്ങളിൽ കണ്ട ഒരു കാർ കുട്ടി തിരിച്ചറിയുകയും ചെയ്തു. കാറിന്റെ നമ്പർ ഉടൻ തന്നെ സോഷ്യൽമീഡിയയിലൂടെ ഈ മേഖലയിൽ പ്രചരിപ്പിക്കപ്പെട്ടു. കാറിന്റെ ഉടമസ്ഥന്റെ വിവരങ്ങൾ ശേഖരിച്ച പോലീസ് ഇയാളെ ഫോണിൽ ബന്ധപ്പെടുകയും ഉടനെ കാറുമായി പോലീസ് സ്‌റ്റേഷനിലെത്താൻ ആവശ്യപ്പെടുകയും ചെയ്തു. കാറുമായി പോലീസ് സ്‌റ്റേഷനിലേക്ക് തിരിച്ച രണ്ട് യുവാക്കളെ ഓമാനൂരിൽ വെച്ച് ജനങ്ങൾ തടയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇരുവരും ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ടു.ആക്രമണം നടത്തിയ നാൽപത് പേർക്കെതിരെ പോലീസ് കേസെടുത്തു.
പിന്നീട് പോലീസ് വിദ്യാർഥിയെ ചോദ്യം ചെയ്തതോടെയാണ് അവൻ പറഞ്ഞത് കള്ളമായിരുന്നെന്ന് തെളിഞ്ഞത്. സ്‌കൂളിലെ പരീക്ഷയിൽനിന്ന് രക്ഷപ്പെടാൻ അവൻ മെനഞ്ഞുണ്ടാക്കിയ ഒരു കള്ളം. എന്നാൽ അതിന്റെ പേരിൽ രണ്ട് യുവാക്കൾ ദാരുണമായി ആക്രമിക്കപ്പെടുകയായിരുന്നു. അക്രമങ്ങളെല്ലാം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് ആ കുട്ടി സത്യം വെളിപ്പെടുത്തിയത്. അപ്പോഴേക്കും ആൾക്കൂട്ടം അവർ നിശ്ചയിച്ച വിധി നടപ്പാക്കി കഴിഞ്ഞിരുന്നു. ഏറെയൊന്നും ചിന്തിക്കാതെ ഒരു കള്ളം പറഞ്ഞ ആ വിദ്യാർഥിയും ആ കള്ളത്തെ സമൂഹത്തിലേക്ക് പ്രചരിപ്പിക്കാൻ വഴിയൊരുക്കിയ പോലീസും വിവേകമില്ലാതെ ആക്രമണം അഴിച്ചു വിട്ട ജനങ്ങളും ചേർന്നാണ് ഓമാനൂരിൽ ആ ആക്രമണത്തിന് വഴിമരുന്നിട്ടത്.
തട്ടികൊണ്ടു പോകൽ കഥകൾ ഇന്ന് സോഷ്യൽമീഡിയയിൽ നിത്യവാർത്തയായിരിക്കുന്നു. അതിൽ പലതും കള്ളമാണെന്ന് പിന്നീട് തെളിയുകയും ചെയ്തിട്ടുണ്ട്. താൽകാലികമായ നേട്ടങ്ങൾക്ക് വേണ്ടിയാണ് കുട്ടികൾ ഇത്തരം കഥകൾ മെനയുന്നത്. സ്‌കൂളിൽ പോകാനുള്ള മടിയാണ് ഇതിൽ പ്രധാനം. ഇത്തരം കഥകൾക്ക് സമൂഹത്തിൽ ഏറെ സ്വീകാര്യതയും വിശ്വാസ്യതയും ലഭിക്കുന്നുവെന്ന തിരിച്ചറിവാണ് അവരെ ഇത് പറയാൻ പ്രേരിപ്പിക്കുന്നത്. സ്ഥിരമായി ഇത്തരം കഥകൾ കേട്ട് മനസ്സിൽ കടന്നു കൂടുന്ന ഭയമാണ് ഇത്തരം നുണപ്രചാരണങ്ങൾക്ക് മറ്റുചില കുട്ടികളെ പ്രേരിപ്പിക്കുന്നത്. അടുത്ത ഗ്രാമത്തിൽ നടന്നതോ അല്ലെങ്കിൽ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കപ്പെട്ടതോ ആയ തട്ടിക്കൊണ്ടു പോകൽ വാർത്തകൾ കണ്ട് ഭയപ്പെടുന്ന കുട്ടികളിൽ, തന്നെ ആരോ തട്ടിക്കൊണ്ടു പോകാൻ വരുന്നുവെന്ന ഭീതി വളരും. നടന്നു പോകുമ്പോൾ അടുത്തു കൂടി പോകുന്ന വാഹനങ്ങൾ സ്പീഡ് കുറക്കുന്നത് പോലും ഇവരിൽ സംശയവും പരിഭ്രാന്തിയും വളർത്തും. വാഹനങ്ങൾ കണ്ട് കുട്ടികൾ വെറുതെ ഓടിയൊളിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ജനശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമമായും ഇത്തരം കള്ളങ്ങൾ മാറാറുണ്ട്. സമാനസ്വഭാവമുള്ള വാർത്തകളിൽ ഉൾപ്പെടുന്ന കുട്ടികൾക്ക് ലഭിക്കുന്ന പബ്ലിസിറ്റിയും സഹാനുഭൂതിയും തനിക്കും ലഭിക്കുമെന്ന പ്രതീക്ഷയോടെ ചില കുട്ടികൾ ഇത്തരം തട്ടിക്കൊണ്ടു പോകൽ കഥകൾ പ്രചരിപ്പിക്കാറുണ്ടെന്ന് മനഃശാസ്ത്രപരമായി കണ്ടെത്തിയിട്ടുണ്ട്. 
ഇത്തരം കള്ളക്കഥകൾ സമൂഹത്തിൽ പഴയ ചെന്നായയുടെ കഥയെ അനുസ്മരിപ്പിക്കുന്നതു കൂടിയാണ്. ചെന്നായ വരുന്നുവെന്ന് നിലവിളി കേട്ട് ജനം തടിച്ചു കൂടും. ചെന്നായ ഇല്ലെന്നറിയുമ്പോൾ അവർ പിരിഞ്ഞു പോകും. പിന്നീടൊരിക്കൽ യഥാർഥത്തിൽ ചെന്നായ എത്തുമ്പോൾ ഓടിയെത്താൻ ആരുമുണ്ടാകണമെന്നില്ല. തട്ടിക്കൊണ്ടു പോകലിനെ കുറിച്ചുള്ള കള്ളക്കഥകൾക്കും അത്തരമൊരു മറുവശമുണ്ട്. സത്യമേത് നുണയേത് എന്ന് പോലും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ് കൊച്ചു കുട്ടികളുടെ നുണകൾ പ്രചരിക്കുന്നത്. യഥാർഥ തട്ടിക്കൊണ്ടു പോകൽ സംഘങ്ങൾക്ക് മാത്രമാണ് ഇത് സഹായകമാകുക. കുട്ടികളെ വികലമായ ഇത്തരം മാനസികാവസ്ഥകളിൽ നിന്ന് പിന്തിരിപ്പിക്കേണ്ട ചുമതല രക്ഷിതാക്കൾക്കും അധ്യാപകർക്കുമാണുള്ളത്.
ഓമാനൂർ സംഭവം ആൾക്കൂട്ട ആക്രമണങ്ങൾക്ക് നേരെയുള്ള ചൂണ്ടുപലക കൂടിയാണ്. നിയമം കയ്യിലെടുക്കാൻ ആർക്കും അനുവാദം നൽകിയിട്ടില്ല.തെറ്റായ പ്രചാരണങ്ങളുടെ പേരിൽ മറ്റുള്ളവർ ആക്രമണത്തിന് മുതിരുമ്പോൾ അവരെ നയിക്കേണ്ടത് ആവേശമോ വികാരങ്ങളോ അല്ല. വിവേകമാണ്. രണ്ട് യുവാക്കളെ കാറിൽ കണ്ടെത്തിയപ്പോൾ അവരെ തടഞ്ഞു നിർത്തി കാര്യങ്ങൾ അന്വേഷിക്കുന്നത് വരെ മാത്രമാണ് ആൾക്കൂട്ടത്തിന് അനുവദിക്കപ്പെട്ട സാമൂഹികമായ സ്വാതന്ത്ര്യം. പൊതുബോധമുള്ളവർ ചെയ്യേണ്ടത് വിവരം പോലീസിന് കൈമാറലാണ്. യുവാക്കളെ ആക്രമിക്കാൻ ആരും അവരെ ചുമതലപ്പെടുത്തിയിട്ടില്ല. മാത്രമല്ല, ഒരു നുണയുടെ പേരിലാണ് തങ്ങൾ യുവാക്കളെ ആക്രമിച്ചതെന്ന് ആ അക്രമി സംഘം തിരിച്ചറിയുമ്പോൾ എന്ത് പ്രായശ്ചിത്തമാണ് അവർക്ക് ചെയ്യാനാകുക. വിവേകമില്ലാത്ത നടപടിയുടെ പേരിലാണ് നാൽപതോളം പേർ ഇന്ന് കേസ് നേരിടുന്നത്.
ക്ഷണികമായ ചിന്തകളുടെ ആകെത്തുകയാണ് ഓമാനൂർ സംഭവം. പരീക്ഷയെഴുതുന്നതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി കുട്ടിയും സമൂഹത്തിന്റെ രക്ഷകരാണെന്ന് നടിക്കാൻ ആൾക്കൂട്ടവും നടത്തിയ ക്ഷണികമായ ആലോചനയുടെ ബാക്കി പത്രം. ഇതിനിടയിൽ അവർ മറന്നു പോയത് ഒന്നുമാത്രം. സാമാന്യബോധം. സ്വബോധമുള്ള ഒരു തലമുറ വളർന്നുവരുമ്പോൾ അവർക്കുള്ള ഓർമ്മപ്പെടുത്തലായി ഓമാനൂരും ഇവിടെയുണ്ടാകണം.  

Latest News