Sorry, you need to enable JavaScript to visit this website.

ഈജിപ്തില്‍ സീസിക്കെതിരെ അപ്രതീക്ഷിത പ്രകടനം; നിരവധി പേര്‍ അറസ്റ്റില്‍

കയ്‌റോ- ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനമായ കയ്‌റോയിലും മറ്റു ഈജിപ്ഷ്യന്‍ നഗരങ്ങളിലും പ്രതിഷേധ പ്രകടനം. വെള്ളിയാഴ്ച രാത്രി അപ്രതീക്ഷിതമായി നടന്ന പ്രകടനങ്ങള്‍ വളരെ വേഗം പിരിച്ചുവിട്ട അധികൃതര്‍ നിരവധി പേരെ അറസ്റ്റ് ചെയ്തതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സീസി രാജിവെക്കുകയെന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം മുഴക്കിയും വെള്ളിയാഴ്ച രാത്രി വൈകിയാണ്  നൂറുകണക്കിനാളുകള്‍ തെരുവിലിറങ്ങിയത്. രാത്രി തന്നെ ചുരുങ്ങിയത് 74 പേരെയെങ്കിലും അറസ്റ്റ് ചെയ്തതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
2013 ലെ നിയമപ്രകാരം പ്രതിഷേധ പ്രകടനങ്ങള്‍ നിരോധിച്ച ഈജിപ്തില്‍   അടിയന്തരാവസ്ഥ ഇപ്പോഴും പ്രാബല്യത്തിലുണ്ട്. 2011 ല്‍ ഹുസ്‌നി മുബാറക്കിനെ പുറന്തള്ളിയ വിപ്ലവത്തിന്റെ പ്രഭവകേന്ദ്രമായ തഹ്‌രീര്‍ സ്‌ക്വയറില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇവിടെ  സേനയെ വിന്യസിച്ചിട്ടുമുണ്ട്.
സീസിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നാടുകടത്തപ്പെട്ട ഈജിപ്ഷ്യന്‍ വ്യവസായി മുഹമ്മദ് അലി നടത്തിയ ഓണ്‍ലൈന്‍ ആഹ്വാനത്തെ തുടര്‍ന്നാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. സീസിയും സൈന്യവും വ്യാപകമായ അഴിമതി നടത്തുകയാണെന്ന് ആരോപിച്ച് നിര്‍മാണ കരാറുകാരനായ മുഹമ്മദ് അലി സ്‌പെയിനില്‍നിന്ന് പോസ്റ്റ് ചെയ്യുന്ന വിഡിയോകള്‍ സെപ്റ്റംബര്‍ ആദ്യം മുതല്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
കഴിഞ്ഞയാഴ്ച യുവജന സമ്മേളനത്തില്‍ പങ്കെടുത്ത സീസി ആരോപണങ്ങള്‍ നിഷേധിക്കുകയും താന്‍ സത്യസന്ധനും വിശ്വസ്തനുമാണെന്ന് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
സൂപ്പര്‍ കപ്പില്‍  അല്‍അഹ് ലിയും  സമാലെക്കും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരത്തിന് ശേഷം തെരുവിലിറങ്ങാന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പോസ്റ്റ് ചെയ്ത വിഡിയോയില്‍ മുഹമ്മദ് അലി ആഹ്വാനം ചെയ്തിരുന്നു.
അലക്‌സാണ്ട്രിയ, അല്‍മഹല്ല, ദാമിയേറ്റ, മന്‍സൂറ, സൂയസ് എന്നിവിടങ്ങളില്‍ നടന്ന പ്രകടനങ്ങളുടെ ദൃശ്യങ്ങള്‍ ആയിരങ്ങള്‍ ഷെയര്‍ ചെയ്തു. പ്രകടനം നടന്ന പ്രദേശങ്ങളില്‍ സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതിരുന്നത്  സുരക്ഷാ ഏജന്‍സികള്‍ തമ്മിലുള്ള ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നങ്ങളാണെന്ന് പലരും അഭിപ്രായപ്പെട്ടു.
2013 ല്‍ ഇസ്്‌ലാമിസ്റ്റ് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കി അധികാരം പിടിച്ച സീസി  ആയിരക്കണക്കിന് ഇസ്്‌ലാമിസ്റ്റുകളേയും മതേതര പ്രവര്‍ത്തകരെയും ജനപ്രിയ ബ്ലോഗര്‍മാരെയും ജയിലിലടച്ചിരുന്നു.
അഴിമതി ആരോപണങ്ങള്‍ നിഷേധിച്ച് യുവജന സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ പ്രതിഷേധിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് സീസി ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

Latest News