Sorry, you need to enable JavaScript to visit this website.

ജീപ്പില്‍ നിന്ന് തെറിച്ചു വീണ പിഞ്ചു കുഞ്ഞ് രാത്രി നടുറോഡില്‍; രക്ഷകരായത് വനപാലകര്‍

ഇടുക്കി- മൂന്നാറിനടുത്ത രാജമലയില്‍ ശനിയാഴ്ച രാത്രി ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ ഒരു വയസ്സുകാരി വനമേഖലയിലെ നടു റോഡിലൂടെ ഇഴഞ്ഞു നീങ്ങുന്ന ദൃശ്യം പുറത്തു വന്നു. തമിഴ്‌നാട്ടിലെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ മടങ്ങി വരികയായിരുന്ന കുടുംബം സഞ്ചരിച്ച ജീപ്പില്‍ നിന്നാണ് കുഞ്ഞ് പുറത്തേക്കു തെറിച്ചു വീണത്. രാത്രി സമയം എല്ലാവരും ഉറക്കമായതിനാല്‍ കുഞ്ഞ് വീണത് ആരും അറിഞ്ഞതുമില്ല. ആളില്ലാത്ത വനമേഖലയിലെ റോഡില്‍ വീണ കുഞ്ഞ് ചെക്ക് പോസ്റ്റിനടുത്തേക്ക് ഇഴഞ്ഞു നീങ്ങുന്നത് ഒരു ഫോറസ്റ്റ് ഗാര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് തുണയായത്. കുഞ്ഞിനെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിനെ പിന്നീട് രക്ഷിതാക്കള്‍ക്കു കൈമാറി.

ഏറെ ദൂരം പിന്നിട്ട ശേഷമാണ് കുഞ്ഞിനെ കാണാതായ കാര്യം കുടുംബം അറിയുന്നത്. തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തൊട്ടടുത്ത പോലീസില്‍ കുഞ്ഞിനെ കാണാതായെന്ന് പരാതിയും നല്‍കി. ഇതിനിടെ കുഞ്ഞിനെ ലഭിച്ച വനംവകുപ്പ് എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയിരുന്നു. കുഞ്ഞ് വീണിടത്തു നിന്നും ആറു കിലോമീറ്റര്‍ അകലെയുള്ള പോലീസ് സ്റ്റേഷനിലാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് രക്ഷിതാക്കളെ വിളിച്ചു വരുത്തുകയും കുഞ്ഞിനെ തിരിച്ചറിയുകയും ചെയ്തു. പ്രഥമ ശ്രുശ്രൂഷകള്‍ക്കു ശേഷം കുഞ്ഞിനെ മാതാപിതാക്കള്‍ക്കു കൈമാറുകയും ചെയ്തു. വീഴിചയില്‍ നെറ്റിയില്‍ ചെറിയ മുറിവ് മാത്രമെ കുഞ്ഞിന് പറ്റിയുള്ളൂ.

രാത്രി 9.40നാണ് കുഞ്ഞിനെ ലഭിച്ച വിവരം അറിഞ്ഞത്. 10 മണിയോടെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. 11 മണി ആയപ്പോഴേക്കും കുഞ്ഞിനെ കാണാതായെന്ന രക്ഷിതാക്കളുടെ പരാതി തൊട്ടടുത്ത സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തതായി അറിഞ്ഞു. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി കുഞ്ഞിനെ കൈമാറുകയായിരുന്നുവെന്ന് എസ് ഐ സന്തോഷ് കുമാര്‍ പറഞ്ഞു.
 

Latest News