Sorry, you need to enable JavaScript to visit this website.

സൗദിയിൽ എണ്ണായിരത്തിലേറെ വിദേശ സ്ഥാപനങ്ങൾ

റിയാദ്- കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് 8,442 വിദേശ കമ്പനികളും സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതായി സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി അറിയിച്ചു. ഇത്രയും വിദേശ കമ്പനികളും സ്ഥാപനങ്ങളുമാണ് സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ലൈസൻസോടെ രാജ്യത്ത് പ്രവർത്തിക്കുന്നത്. 
ഈ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ആകെ മൂലധനം 68,160 കോടി റിയാലാണ്. വിദേശ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും കീഴിൽ ആകെ 6,15,700 തൊഴിലാളികളുണ്ട്. വിദേശ കമ്പനികളിൽ 5,801 എണ്ണം സേവന മേഖലയിലും 2,008 എണ്ണം വ്യവസായ മേഖലയിലും 243 എണ്ണം വാണിജ്യ മേഖലയിലുമാണ് പ്രവർത്തിക്കുന്നത്. 
കഴിഞ്ഞ വർഷം 15,424 പുതിയ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വാണിജ്യ, നിക്ഷേപ മന്ത്രാലയം കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകൾ അനുവദിച്ചു. 2017 ൽ 13,987 കമ്പനികളും സ്ഥാപനങ്ങളുമാണ് രാജ്യത്ത് സ്ഥാപിച്ചത്. കഴിഞ്ഞ വർഷം കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളുടെ എണ്ണത്തിൽ 10.3 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളുള്ള 1,53,100 കമ്പനികളും സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. 
രാജ്യത്ത് ഏറ്റവും കൂടുതൽ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളുള്ളത് റിയാദ് പ്രവിശ്യയിലാണ്. ആകെയുള്ള കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളിൽ 40.5 ശതമാനവും റിയാദിലാണ്. രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയിൽ 23.7 ശതമാനവും മൂന്നാം സ്ഥാനത്തുള്ള കിഴക്കൻ പ്രവിശ്യയിൽ 18.3 ശതമാനവും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളുണ്ട്. 
കഴിഞ്ഞ വർഷം ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് അനുവദിച്ച കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളുടെ എണ്ണത്തിൽ 64 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇലക്‌ട്രോണിക്‌സ് സ്ഥാപനങ്ങൾക്ക് 3,192 കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകൾ അനുവദിച്ചു. 2017 ൽ ഈ വിഭാഗത്തിൽ പെട്ട 1,940 സ്ഥാപനങ്ങൾക്കാണ് കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകൾ അനുവദിച്ചത്. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം 9,148 ഇലക്‌ട്രോണിക് സ്ഥാപനങ്ങൾക്ക് ലൈസൻസുണ്ട്. റിയാദിൽ 1,433 ഉം മക്ക പ്രവിശ്യയിൽ 817 ഉം കിഴക്കൻ പ്രവിശ്യയിൽ 471 ഉം ഇലക്‌ട്രോണിക് സ്ഥാപനങ്ങൾക്ക് കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളുണ്ട്.
 

Latest News