Sorry, you need to enable JavaScript to visit this website.

കമന്ററി രംഗത്ത്  സെഞ്ചുറി  തികയ്ക്കാനൊരുങ്ങി ജോസ് മാഷ് 

കോഴിക്കോട്  - ടെലിവിഷനും സോഷ്യൽ മീഡിയകളും സജീവമാകുന്നതിന് മുമ്പ് റേഡിയോ ശ്രോതാക്കളെ കളിപറഞ്ഞ് കേൾപ്പിച്ച ജോസ് മാഷ് കമന്ററി രംഗത്ത് സെഞ്ചുറി തികയ്ക്കാനൊരുങ്ങുന്നു. 24 ന് കൊൽക്കത്തയിലെ സാൾട്ട് ലേക് സ്റ്റേഡിയത്തിൽ നടക്കുന്ന 129-ാം ഡ്യൂറന്റ് കപ്പിന്റെ ഫൈനൽ മത്സരം ആകാശവാണി കേരള നിലയങ്ങൾക്കായി കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ വി.എ ജോസ് തത്സമയം ദൃക്‌സാക്ഷി വിവരണം നൽകും.
ഇതിനകം നിരവധി ദേശീയ, അന്തർദേശീയ ഫുട്‌ബോൾ, വോളിബോൾ മത്സരങ്ങളുടെ വിവരണം നൽകിയ സ്‌പോർട്‌സ് സംഘാടകനും റഫറിയുമായ വി.എ ജോസ് 1990 ൽ കോഴിക്കോട് നാഗ്ജി ഫുട്‌ബോൾ ടൂർണമെന്റിലൂടെയാണ് കമന്ററി രംഗത്ത്  അരങ്ങേറ്റം കുറിച്ചത്. പിന്നീട് ജി.വി രാജ, ഫെഡറേഷൻ കപ്പ്, നെഹ്‌റു ട്രോഫി, ദേശീയ ഗെയിംസ്, സന്തോഷ്‌ട്രോഫി, സിസേഴ്‌സ് കപ്പ്, ഇന്ത്യ-ഒമാൻ മത്സരം, പയ്യന്നൂരിൽ നടന്ന ദേശീയ വോളി, ഫെഡറേഷൻ കപ്പ് വോളി മത്സരങ്ങളുടേയും വിവരണങ്ങൾ നൽകിയിട്ടുണ്ട്. ദൂരദർശന് വേണ്ടിയും സ്വകാര്യ ചാനലുകൾക്ക് വേണ്ടിയും അദ്ദേഹം ശബ്ദം പകർന്നിട്ടുണ്ട്. ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. അധ്യാപകനായ അദ്ദേഹം കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെപ്റ്റിന്റെ കോ-ഓർഡിനേറ്ററായും പ്രവർത്തിച്ചു വരുന്നു. ഡ്യൂറന്റ് കപ്പിൽ 22 വർഷത്തിന് ശേഷം കേരള ടീം ഫൈനലിൽ കളിക്കുന്ന അസുലഭ മുഹൂർത്തം ശ്രോതാക്കൾക്ക് അനുഭവ വേദ്യമാക്കാനുള്ള തയാറെടുപ്പിനായി അദ്ദേഹം ഇന്ന് കൊൽക്കത്തയിലേക്ക് തിരിക്കും.

 

Latest News