Sorry, you need to enable JavaScript to visit this website.

പ്രളയ ബാധിതരുടെ  ഉയിർത്തെഴുന്നേൽപ്

ഒരു ദുരിതപ്പെയ്ത്ത് കൂടി കടന്നുപോയിരിക്കുന്നു. കേരളം കണ്ട മഹാപ്രളയത്തിന് ഒരു വർഷം തികയുന്നതിനു തൊട്ടുമുമ്പ് മലയാളികളുടെ ജീവിതത്തിലേക്ക് മറ്റൊരു ദുരന്തം കൂടി മലയിറങ്ങി വന്നിരിക്കുന്നു. ഇത്തവണ മലബാർ മേഖലയാണ് നാശത്തിന് കൂടുതൽ ഇരയായത്. മലപ്പുറം, വയനാട് ജില്ലകളിൽ ദുരന്തം ഒരിക്കലും മായ്ക്കാനാകാത്ത ശോകപ്പാടുകളാണ് ബാക്കിവെച്ചത്. മലപ്പുറം നിലമ്പൂരിലെ കവളപ്പാറയും വയനാട്ടിലെ പുത്തുമലയും മരണക്കളമായി മാറി. ഇപ്പോഴും എല്ലാ മൃതദേഹങ്ങളും മണ്ണിനടിയിൽനിന്ന് പുറത്തെടുത്ത് കഴിഞ്ഞിട്ടില്ല. നൂറിലേറെ പേരുടെ ജീവൻ അപഹരിച്ച ഇത്തവണത്തെ പ്രളയം ബാധിച്ച പ്രദേശങ്ങൾ നിരവധിയാണ്. പലയിടത്തും വീടുകൡ വെള്ളം കയറി തകർന്നുവീണു. ജീവിത കാലം മുഴുവൻ സമ്പാദിച്ചുണ്ടാക്കിയ വീടും വീട്ടുപകരണങ്ങളും വെള്ളത്തിൽ നശിക്കുന്ന കാഴ്ച കണ്ണീരണിയിക്കുന്നതായിരുന്നു. 
കഴിഞ്ഞ വർഷത്തെ പ്രളയത്തിന്റെ ഭീകര മുഖം വീണ്ടും ഓർമിപ്പിച്ചാണ് പ്രളയം ഇത്തവണയും എത്തിയത്. പുഴകൾ കര കവിഞ്ഞൊഴുകിയും മലകൾ ഇടിഞ്ഞു തൂങ്ങിയും മനുഷ്യ ജീവന് മേൽ വലിയ ആഘാതങ്ങളാണ് ഉണ്ടായത്. കവളപ്പാറയിലും പുത്തുമലയിലും ഉരുൾപൊട്ടലാണ് വില്ലനായതെങ്കിലും മലബാറിലെ ഒട്ടുമിക്ക പുഴകളും കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറുകയും വീട്ടുപകരണങ്ങളും മറ്റും നശിക്കുകയും ചെയ്തു. കഴിഞ്ഞ തവണത്തെ പ്രളയത്തിൽ നശിച്ച വീടുകളാണ് ഇത്തവണയും പ്രളയത്തിന് ഇരകളായതെന്നത് ഇരട്ട ദുരന്തത്തിന്റെ വേദനയാണ് വീട്ടുകാർക്ക് സമ്മാനിച്ചത്.
ഇത്തവണ മഴയുടെ അളവിലുണ്ടായ വർധനയാണ് പ്രളയത്തിന് കാരണമായതെന്നാണ് പ്രധാന അനുമാനം. സാധാരണയായി കേരളത്തിൽ മഴക്കാലത്ത് ലഭിക്കുന്ന മഴയേക്കാൾ അഞ്ഞൂറ് ശതമാനം വരെ മഴ അധികമായി ചില മേഖലകളിൽ ഉണ്ടായി എന്നാണ് ദേശീയ ഭൗമപഠന കേന്ദ്രത്തിലെ വിദഗ്ധർ മലപ്പുറത്തും വയനാട്ടിലും നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. മലബാറിന്റെ പല പ്രദേശങ്ങളിലും ഈ അധിക മഴ മൂലമാണ് ദുരിതങ്ങളുണ്ടായത്. അതിവർഷത്തെ തുടർന്ന് മലകളുടെ മുകൾ ഭാഗം കുത്തനെ ഇടിഞ്ഞു പോന്നതാണ് കവളപ്പാറയിലും പുത്തുമലയിലും സംഭവിച്ചതെന്നും വിദഗ്ധർ പറയുന്നു. സമതല പ്രദേശങ്ങളിൽ ഈ അതിവർഷം വെള്ളപ്പൊക്കമായും രൂപപ്പെട്ടു. 
അതിവർഷമുണ്ടാകുമ്പോൾ വെള്ളത്തെ പരമവാധി ശേഖരിച്ചു നിർത്തിയിരുന്നത് നമ്മുടെ പരമ്പരാഗത ജലാശയങ്ങളായിരുന്നു. പുഴകൾ, തോടുകൾ, വയലുകൾ എന്നിവ ഈ ജലസംഭരണത്തിൽ മുഖ്യ പങ്കാണ് വഹിച്ചു വന്നിരുന്നത്. പുഴകളിൽ കയ്യേറ്റത്തെ തുടർന്നും പുൽക്കാടുകൾ വളർന്നും ജലം സംഭരിച്ചു നിർത്താനുള്ള ശേഷി കുറഞ്ഞു വരികയാണ്. രണ്ടു പതിറ്റാണ്ടു മുമ്പ് ശേഖരിക്കപ്പെട്ടിരുന്ന വെള്ളത്തിന്റെ പകുതി പോലും സംഭരിക്കാനുള്ള ശേഷി ഇന്ന് പുഴകൾക്കില്ലാതായി. രണ്ടു വർഷം മുമ്പു വരെ മഴ കുറവായിരുന്നതു മൂലം ഈ പ്രശ്‌നം ഗൗരവമായ ചർച്ചയായിരുന്നില്ല. കഴിഞ്ഞ വർഷത്തെ പ്രളയത്തോടെയാണ് പുഴകൾക്ക് സംഭവിച്ച നാശം കേരളത്തെ എത്ര വലിയ ദുരിതത്തിലേക്കാണ് തള്ളിവിട്ടതെന്ന യാഥാർഥ്യം തെളിഞ്ഞു വന്നത്. മഹാഭൂരിഭാഗം തോടുകളും ഇന്ന് അപ്രത്യക്ഷമായി. 
കേരളത്തിന്റെ ഒരറ്റം മുതൽ മറ്റൊരറ്റം വരെ നീണ്ടുകിടന്നിരുന്ന കനോലി കനാൽ വലിയൊരു ജലസംഭരണിയും കടലിലേക്ക് വെള്ളം ഒഴുക്കിവിടാനുള്ള ജലപാതയുമായിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് ഏറെ ദീർഘവീക്ഷണത്തോടെ സംരക്ഷിച്ചു പോന്ന ഈ കനാൽ ഇന്ന് പകുതിയിലേറെ അപ്രത്യക്ഷമായി. വീടുകൾക്കും കെട്ടിടങ്ങൾക്കുമായി കനാൽ മണ്ണിട്ട് നികത്തപ്പെട്ടു. സർക്കാർ സ്വത്തായിട്ടു പോലും കനോലി കനാൽ എങ്ങനെ സ്വകാര്യ വ്യക്തികളാൽ ഇല്ലായ്മ ചെയ്യപ്പെട്ടുവെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്.
കേരളത്തിലെ വലിയ ജലസംഭരണിയായ വയലുകൾ ഇല്ലാതായതാണ് പ്രളയത്തിലേക്ക് നയിച്ച മറ്റൊരു ഘടകം. വയലുകളിലേറെയും മണ്ണിട്ട് നികത്തിയതും നെൽവയലുകളിൽ കൃഷി ചെയ്യാതെ പുൽക്കാടുകൾ വളർന്നു കിടക്കുന്നതും മഴക്കാലത്ത് വലിയ വിപത്തായി മാറിക്കൊണ്ടിരിക്കുകയാണ്. വയലുകളിൽ ഏറിയ പങ്കും തോടുകളുമായും അതുവഴി പുഴകളുമായും ബന്ധിക്കപ്പെട്ടവയാണ്. കൃഷി ചെയ്യാതെ പുൽക്കാടുകൾ മൂടിക്കിടക്കുന്ന വയലുകളിൽ വെള്ളം പെട്ടെന്ന് നിറയുകയും തോടുകളിലൂടെ ഒഴുകിപ്പോകാൻ കഴിയാതെ വെള്ളക്കെട്ടായി മാറുകയും ചെയ്യുന്നു. ഇതോടെ ജലനിരപ്പുയർന്ന് വീടുകളിൽ പോലും വെള്ളം കയറുകയും ചെയ്യുന്നു. വയലുകൾ മണ്ണിട്ടു നികത്തിയതു മൂലം നഷ്ടമായത് ജലം സംഭരിച്ചു നിർത്താനുള്ള വലിയ പ്രദേശങ്ങളാണ്. 
സംസ്ഥാനത്തെ ഡാം മാനേജ്‌മെന്റ് ഇപ്പോഴും കാര്യക്ഷമമല്ലെന്നാണ് ഇക്കഴിഞ്ഞ പ്രളയവും നമുക്ക് കാണിച്ചു തന്നത്. കഴിഞ്ഞ പ്രളയത്തിൽ പ്രധാന വില്ലനായത് ഡാമുകളായിരുന്നെങ്കിലും ഇത്തവണയും പുഴകളിലെ ജസസംഭരണികളുടെ പ്രവർത്തനം കാര്യക്ഷമമല്ലാതായത് പ്രളയത്തിന് ഇടയാക്കി. സാധാരണയായി ജൂൺ മാസത്തിൽ മഴ ആരംഭിക്കുന്നതോടെ ജലസംഭരണികളിൽനിന്ന് വെള്ളം കുറഞ്ഞ തോതിൽ കടലിലേക്ക് ഒഴുക്കിവിടാറാണ് പതിവ്. എന്നാൽ ഇത്തവണ ഏറെ വൈകിയാണ് ഡാമുകൾ തുറന്നു വെച്ചത്. ഭാരതപ്പുഴയിലെ തൃത്താല വെള്ളിയാങ്കല്ല് പാലത്തിന്റെ ഷട്ടറുകളിൽ പലതും തുറക്കാൻ പോലും കഴിയാതെ പോയത് ഈ മേഖലയിൽ പ്രളയത്തിനിടയാക്കി. കഴിഞ്ഞ പ്രളയ കാലത്ത് ഈ ഷട്ടറുകൾ ഉയർത്താനാകാത്ത വിധം സാങ്കേതിക തകരാറിലാണെന്ന് കണ്ടെത്തിയിരുന്നു. ഒരു വർഷം ലഭിച്ചിട്ടും അതിന്റെ അറ്റകുറ്റപ്പണി നടത്താൻ പൊതുമരാമത്ത് വകുപ്പ് തയാറായില്ല. ഫലമോ ഇത്തവണ കൂടുതൽ ഭൂപ്രദേശത്തെ പ്രളയത്തിലാഴ്ത്താൻ അധികൃതരുടെ അനാസ്ഥ കാരണമായി. റെഗുലേറ്ററിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്ത് സർക്കാർ നടപടിയെടുത്തെങ്കിലും മേഖലയിലെ ജനങ്ങൾക്കുണ്ടായ കോടിക്കണിക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ആരു സഹിക്കുമെന്ന ചോദ്യം ബാക്കിയാണ്. 
കേരളത്തിലെ എൻജിനീയറിംഗ് സമൂഹത്തിന് ഒട്ടേറെ മുന്നറിയുപ്പുകളും പാഠങ്ങളും നൽകിയാണ് രണ്ടാമത്തെ പ്രളയവും വിട വാങ്ങിയിരിക്കുന്നത്. വീടുകളുടെയും കെട്ടിടങ്ങളുടെയും നിർമാണത്തിൽ അവലംബിച്ചു പോരുന്ന രീതികളിൽ മാറ്റം വേണമോ എന്ന ചിന്ത വളർന്നു വരേണ്ടതുണ്ട്. സർക്കാർ ഇക്കാര്യത്തിൽ പഠനം നടത്തി നയം രൂപീകരിക്കണം. അതേസമയം സ്വകാര്യ മേഖലയിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളിൽ എൻജിനീയർമാർ പുനരാലോചനകൾ നടത്തേണ്ടതുണ്ട്. കൃഷി യോഗ്യമായി, ജലസംഭരണികളായി സംസ്ഥാനത്ത് അവശേഷിക്കുന്ന വയലുകൾ നികത്തിയുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് ഇനിയും പ്രോൽസാഹനം പാടില്ല. കുന്നുകൾ ഇടിച്ചു നിരത്തിയുള്ള കെട്ടിട നിർമാണത്തിനും നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ട്. നിർമാണ പ്രവൃത്തികളുടെ അസംസ്‌കൃത വസ്തുക്കളിൽ പ്രധാനം പാറകളാണ്. കുന്നിടിച്ച് പാറകൾ പുറത്തെടുക്കുമ്പോൾ ഭാവിയിൽ വരാനിരിക്കുന്ന ദുരന്തങ്ങളെ കുറിച്ച് ആഴത്തിൽ ചിന്തിക്കണം. കെട്ടിട നിർമാണ മേഖലയിൽ സുരക്ഷിതമായ ബദലുകളെ കുറിച്ച് ചിന്തിക്കേണ്ട സമയം കടന്നുപോകുകയാണ്.
ദുരന്ത മേഖലകളുടെ തിരിച്ചുവരവിന് ഇനിയും കാലങ്ങളെടുക്കും. കാരണം ദുരന്തത്തിന്റെ ആഴം അത്രയേറെ വലുതാണ്. വയനാട്, മലപ്പുറം ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഉരുൾപൊട്ടിയ മേഖലകളിൽ വീടുകളുടെ അടിത്തറ പോലും ബാക്കിയില്ല. ജീവിത കാലം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ വീട് ശവപ്പറമ്പു പോലെ തകർന്നു കിടക്കുന്ന കാഴ്ചയാണിവിടെ. ഈ കുടുംബങ്ങളുടെ ഭാവി ഇരുളടഞ്ഞതാണ്. അവരുടെ പുനരധിവാസം സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. അവർക്ക് സ്വന്തമായി വീടുണ്ടാക്കി മാറ്റിപ്പാർപ്പിക്കാൻ സർക്കാരും സന്നദ്ധ സംഘടനകളും നടത്തുന്ന ശ്രമങ്ങളിൽ ഒരോ മലയാളിയും തന്നാലാവുന്ന വിധം പങ്കാളിയാകേണ്ടതുണ്ട്.

Latest News