Friday , February   28, 2020
Friday , February   28, 2020

ഫെഡറലിസത്തിനായി പിണറായി രംഗത്തിറങ്ങുമോ?

ഇന്ത്യയിലെ സമ്പന്നമായ വൈവിധ്യങ്ങളെയെല്ലാം കുഴിച്ചുമൂടി ഒരൊറ്റ രാജ്യം, ഒറ്റ ജനത എന്ന ലക്ഷ്യവുമായി മുന്നോട്ടു പോകാനാണ് തങ്ങളുടെ ലക്ഷ്യമെന്ന് അടിവരയിട്ടു പ്രഖ്യാപിക്കുന്നതായിരുന്നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെയ്ത പ്രസംഗം. വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയ ഒരു ഭരണാധികാരിയുടെ അഹന്തയോടെയുള്ള ഈ പ്രഖ്യാപനത്തിനെതിരെ കാര്യമായ പ്രതിഷേധമൊന്നും ഉണ്ടാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അതിനിടയിൽ ഫെഡറലിസം നിലനിർത്താനായി ശബ്ദമുയർത്തുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം സ്വാഗതാർഹമാണെങ്കിലും ആ ദിശയിൽ മുന്നോട്ടു പോകാനുള്ള ആർജവമോ കരുത്തോ പിന്തുണയോ അദ്ദേഹത്തിനുണ്ടോ എന്നത് കാത്തിരുന്നു കാണേണ്ടിവരും.
കശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ഭരണഘടനാ അനുഛേദമായ 370 റദ്ദാക്കിയതിലൂടെ  കശ്മീർ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് സഫലീകരിച്ചതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ യാഥാർത്ഥ്യമെന്താണെന്ന് രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി മാധ്യമങ്ങൾ പുറത്തു കൊണ്ടുവരുന്നുണ്ട്. കശ്മീരിലെ ജനകീയ നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കിയാണ് രാജ്യം സ്വാതന്ത്ര്യദിനമാഘോഷിച്ചത് എന്നതാണ് വസ്തുത. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പറഞ്ഞ് വിഘടനവാദത്തിനെതിരെ പൊരുതിയ മൂന്ന് മുൻ മുഖ്യമന്ത്രിമാരും തടവിലാണ്. ഇതെല്ലാം ചെയ്യുന്നത് കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയതിന്റെ കരാറായ 370 ാം വകുപ്പ് ഏകപക്ഷീയമായി റദ്ദാക്കിയും ഒരു സാധാരണ സംസ്ഥാനത്തിനുള്ള അവകാശങ്ങൾ പോലും നിഷേധിച്ച് കേന്ദ്ര ഭരണത്തിൻ കീഴിലാക്കിയും വെട്ടിമുറിച്ചും. ഇനിയും തങ്ങളുടെ പ്രവർത്തനങ്ങൾ ഈ ദിശയിലാകുമെന്ന സൂചന തന്നെയാണ് പ്രധാനമന്ത്രി നൽകുന്നത്. ജി.എസ്.ടി നടപ്പാക്കിയതും ഒരു രാജ്യം, ഒരു നിയമം എന്ന വീക്ഷണത്തിനനുസൃതമായാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യമെന്നും മോഡി കൂട്ടിച്ചേർത്തു. 'ഒരു രാജ്യം, ഒരു നിയമം' എന്ന ന്യായീകരണത്തിൽ വരും ദിനങ്ങളിൽ എന്തൊക്കെ നിയമങ്ങളായിരിക്കും കേന്ദ്ര സർക്കാർ അടിച്ചേൽപിക്കാൻ പോകുന്നതെന്ന സൂചന തന്നെയാണ് മോഡി നൽകുന്നത്. റോജി എം. ജോൺ എം.എൽ.എ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാണിച്ച പോലെ, ഈ ന്യായീകരണത്തിൽ നാളെ ഭരണഘടന അനുശാസിക്കുന്ന സംവരണം എടുത്തു കളയാം. ഒരു രാജ്യത്തെ ചില പൗരൻമാർക്ക് എന്തിനാണ് സംവരണം എന്ന ചോദ്യത്തിന് പലരും കയ്യടിക്കും. അത്തരമൊരു സൂചന ആർ.എസ്.എസ് മേധാവിയും ഇന്നലെ നൽകിക്കഴിഞ്ഞു.
പിന്നെ ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ ഇല്ലാതെയാക്കും. യൂനിഫോം സിവിൽ കോഡ് നടപ്പിലാക്കും. അപ്പോഴും എന്തിനാണ് പ്രത്യേക അവകാശങ്ങൾ, ഒരു രാജ്യവും ഒരു നിയമവും അല്ലേ എന്ന ന്യായീകരണം ഉയരും. പിന്നെ ദളിത്, ആദിവാസി വിഭാഗങ്ങൾക്കുള്ള അവകാശങ്ങൾ അവസാനിപ്പിക്കും. ഭക്ഷണ രീതികളിലെ വൈജാത്യങ്ങൾ അവസാനിപ്പിച്ച് ഒരു രാജ്യത്തിന് ഒരു ഭക്ഷണ രീതി പോരെ എന്ന് ചോദിക്കും. പിന്നീട് ഒരു രാജ്യത്ത് എന്തിനാണ് പല ഭാഷകൾ എന്നു ചോദിച്ച് ഒരു ഭാഷ അടിച്ചേൽപിക്കും. കരട് വിദ്യാഭ്യാസ നയത്തിൽ ഇത് പരാമർശിക്കപ്പെട്ടു കഴിഞ്ഞു. പിന്നീട് എല്ലാവരും 'ജയ് ശ്രീറാം' മാത്രം വിളിച്ച് ആരാധിച്ചാൽ മതിയെന്നു പറയും. എന്തിനാണ് ഒരു രാജ്യത്ത് വ്യത്യസ്തമായ മതങ്ങളും ആചാരങ്ങളുമെന്ന് ചോദിക്കും. കഴിഞ്ഞില്ല, ഒരു രാജ്യത്തിന് എന്തിനാണ് പല സംസ്ഥാനങ്ങൾ, കേന്ദ്രത്തിൽ ഒരു ഭരണകൂടം മതി, പല മന്ത്രിമാർ വേണ്ട, ഒരു പ്രസിഡന്റ് മാത്രം മതി എന്നു പറയും. അപ്പോഴും ഒരു രാജ്യം, ഒരു ജനത, ഒരു നിയമം എന്നു പറഞ്ഞ് നാം കയ്യടിക്കും. 
അതിശയോക്തിപരമാണെങ്കിലും ഈ ദിശയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. അനന്തമായ വൈവിധ്യങ്ങളും, ഭാഷകളും, സംസ്‌കാരങ്ങളും, മതങ്ങളും, ജീവിത രീതികളും ഭക്ഷണ ശൈലികളും, ആരാധനാക്രമങ്ങളുമൊക്കെയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്ത് എന്ന യാഥാർത്ഥ്യമാണ് ഇവിടെ കുഴിച്ചുമൂടുന്നത്. നിർഭാഗ്യവശാൽ അതിനെതിരെ ശക്തമായ പ്രതിരോധമൊന്നും ഉയരുന്നില്ല. പ്രാദേശിക രാഷ്ട്രീയവും ദളിത് പിന്നോക്ക രാഷ്ട്രീയവുമൊക്കെ ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങളെല്ലാം നിശ്ശബ്ദരാവുന്ന കാഴ്ചയാണ് കാണുന്നത്. 
ഈ സാഹചര്യത്തിലാണ് ദൽഹിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തോടൊപ്പം തിരുവനന്തപുരത്തു നടന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം ശ്രദ്ധേയമാകുന്നത്. ഭരണഘടനയുടെ ജീവസത്തയാണ് ഫെഡറൽ സ്പിരിറ്റെന്നും വൈവിധ്യത്തെ ഏകശിലാ രൂപമായ യൂനിറ്ററി സംവിധാനം കൊണ്ട് പകരം വെയ്ക്കാനുള്ള ശ്രമം ഭരണഘടനാ തത്വത്തിന്റെ ലംഘനമായേ കാണാനാകൂ എന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ പേരിൽ വിവേചനമുണ്ടാക്കാനുള്ള ശ്രമങ്ങൾ രൂക്ഷമാകുന്നു എന്നും ജാതിയുടെ പേരിൽ പൗരന്മാർക്ക് നീതി നിഷേധിക്കപ്പെടുന്നു എന്നും ഭരണഘടനയുടെ മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കണമെന്നതാണ് ഈ സ്വാതന്ത്ര്യ ദിനം നൽകുന്ന സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെ കൃത്യമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. പക്ഷേ ഈ വിഷയമുന്നയിച്ച് ഒരു കാമ്പയിന് അദ്ദേഹം തയാറുണ്ടോ എന്നതാണ് ചോദ്യം. ഫെഡറലിസത്തിനെതിരായ കടന്നാക്രമണങ്ങൾക്കെതിരെ ഒരു മുഖ്യമന്ത്രി എന്ന നിലയിൽ മറ്റു മുഖ്യമന്ത്രിമാരുമായി ബന്ധപ്പെടാനും പ്രചാരണങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കാനും നേതൃത്വം നൽകാൻ പിണറായി തയാറാകുമോ? ഭരണവും സമരവും എന്ന മുദ്രാവാക്യമുയർത്തി കേന്ദ്രത്തിനെതിരെ നിരവധി പ്രക്ഷോഭങ്ങൾ നയിച്ച പാരമ്പര്യം അദ്ദേഹത്തിന്റെ മുൻഗാമികൾക്കുണ്ട്. ഇപ്പോൾ ചരിത്രപരമായ ആ ഉത്തരവാദിത്തമാണ് പിണറായിക്കു മുന്നിലുള്ളത്. കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയിലെ 370 ാം വകുപ്പ് എടുത്തു കളയുകയല്ല, എല്ലാ സംസ്ഥാനങ്ങൾക്കും അത് ബാധകമാക്കി യഥാർത്ഥ ഫെഡറലിസം നടപ്പാക്കുകയാണ് വേണ്ടത് എന്നുറക്കെ വിളച്ചു പറയാനുള്ള ആർജവമാണ് അദ്ദേഹമിപ്പോൾ കാണിക്കേണ്ടത്. എങ്കിൽ ജനാധിപത്യത്തിലും മതേതരത്വത്തിലും ഫെഡറലിസത്തിലും സാമൂഹ്യ നീതിയിലും വിശ്വസിക്കുന്ന മുഴുവൻ പേരും അദ്ദേഹത്തിനാപ്പം അണിനിരക്കുമെന്നുറപ്പ്. 

Latest News