Sorry, you need to enable JavaScript to visit this website.

പുത്തുമലയിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം പന്ത്രണ്ടായി

കൽപറ്റ -മേപ്പാടി പഞ്ചായത്തിലെ പച്ചക്കാട്ടട് ഉരുൾപൊട്ടി മണ്ണിൽ പുതഞ്ഞ പുത്തുമലയിൽനിന്നു കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം പന്ത്രണ്ടായി. 
ഏറ്റവും ഒടുവിൽ ഇന്നലെ ഉച്ചയോടെ സ്ത്രീയുടെ മൃതദേഹമാണ്   കണ്ടെത്തിയത്. ഞായറാഴ്ച പുരുഷന്റെ മൃതദേഹം കണ്ടെത്തിയ ഏലവയൽ ഭാഗത്താണ് സ്ത്രീയുടെ മൃതദേഹം ഉണ്ടായിരുന്നത്. മേപ്പാടി ഡി.എം. വിംസ് ആശുപത്രി ഫ്രീസറിലേക്കു മാറ്റിയ മൃതദേഹം ആരുടേതാണെന്നു സ്ഥിരീകരിക്കുന്നതിനു ഡി.എൻ.എ പരിശോധന നടത്തും. പുത്തുമലയിൽ കണ്ടെത്താനുള്ളവരുടെ പട്ടികയിൽ എടക്കണ്ടത്തിൽ നബീസ (72), സുവർണയിൽ ലോറൻസിന്റെ ഭാര്യ ഷൈല (32) എന്നീ സ്ത്രീകളാണ് ഉള്ളത്. ഞായറാഴ്ച കണ്ടെത്തിയ പുരുഷന്റെ മൃതദേഹവും തിരിച്ചറിഞ്ഞിട്ടില്ല. 
ഹാരിസൺ സെന്റിനൽ റോക്ക് എസ്‌റ്റേറ്റ് പുത്തുമല ഡിവിഷൻ സ്റ്റോർകീപ്പർ അണ്ണയ്യന്റേതാണെന്ന (54) അനുമാനത്തിൽ ബന്ധുക്കൾ മരണാനന്തര കർമങ്ങൾ നടത്തി സംസ്‌കരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് മൃതദേഹം തമിഴ്‌നാട്  പൊള്ളാച്ചി സ്വദേശി ഗൗരി ശങ്കറിന്റേതാണെന്ന സംശയം ചിലർ പ്രകടിപ്പിച്ചത്. ഈ സാഹചര്യത്തിൽ മൃതദേഹം ഡി.എൻ.എ പരിശോധനയ്ക്കായി ശ്മശാനത്തിൽനിന്നു പുറത്തെടുത്തു ഡി.എം. വിംസ് ആശുപത്രിയിലെ ഫ്രീസറിലേക്കു മാറ്റുകയായിരുന്നു. 
പൊള്ളാച്ചിയിൽനിന്നു പുത്തുമലയിൽ വെൽഫെയർ ഓഫീസറുടെ അതിഥികളായി എത്തിയ അഞ്ചംഗ സംഘത്തിൽ പെട്ടയാളാണ് ഗൗരി ശങ്കർ. 
ഇതേ സംഘത്തിലെ അംഗമാണ്  മരണമടഞ്ഞ കാർത്തിക്. ഔദ്യോഗിക കണക്കനുസരിച്ച് പുത്തുമലയിൽ അഞ്ചു പേരെയാണ് ഇനി കണ്ടെത്താനുള്ളത്.  ഇന്നു തിരച്ചിലിനു റഡാർ സംവിധാനം ഉപയോഗപ്പെടുത്തും. 

 

Latest News