Sorry, you need to enable JavaScript to visit this website.

കോഴിക്കോടിന് വളർച്ചയുടെ പൊൻതൂവൽ

മലബാറിന്റെ തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന കോഴിക്കോട് നഗരം അപൂർവ്വമായൊരു ബഹുമതിയുടെ പൊൻതൂവൽ അണിഞ്ഞിരിക്കുകയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരമെന്ന ബഹുമതിയാണ് സത്യത്തിന്റെ തുറമുഖമായ കോഴിക്കോടിന് ലഭിച്ചിരിക്കുന്നത്. നഗരവാസികളുടെ ജനസംഖ്യയിലുള്ള വർധനവ്, സമീപ പ്രദേശങ്ങളിലേക്കുള്ള നഗരത്തിന്റെ വളർച്ച എന്നിവയുടെ കാര്യത്തിലാണ് കോഴിക്കോട് ഈ ദേശീയ ബഹുമതി നേടിയിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഹാബിറ്റാറ്റിന്റെയും ലണ്ടൻ സ്‌കൂൾ ഓഫ് ലാന്റ് പോളിസിയുടെയും സഹകരണത്തോടെ ന്യൂയോർക്ക് യൂനിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ നഗര വികാസത്തിന്റെ ഭൂപടത്തിലാണ് (അറ്റ്‌ലസ് ഓഫ് അർബൻ എക്‌സ്പാൻഷൻ) കോഴിക്കോട് നഗരം ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യയിലെ 17 നഗരങ്ങളാണ് ഭൂപടത്തിൽ ഇടം പിടിച്ചിട്ടുള്ളത്. വളർച്ചയുടെ കാര്യത്തിൽ രണ്ടാം സ്ഥാനം പൂനെ നഗരത്തിനാണ്.
നഗരത്തിലെയും പരിസരങ്ങളിലെയും ജനസംഖ്യയിലുണ്ടായ വൻവർധനവാണ് കോഴിക്കോടിനെ ദേശീയ ശ്രദ്ധയിലേക്കെത്തിക്കുന്നത്. 2001 മുതൽ 2014 വരെയുള്ള കണക്കാണ് പഠനത്തിന് ഉപയോഗിച്ചത്. 2001 ൽ 4,40,242 ജനങ്ങൾ ഉണ്ടായിരുന്നിടത്ത് 2014 ആയപ്പോഴേക്കും 11,71,852 ആയി വർധിച്ചു. മറ്റു പ്രദേശങ്ങളിൽനിന്ന് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ചേക്കേറിയവരും ഇതിൽ ഉൾപ്പെടും. നഗര വിസ്തൃതിയിലും വൻ കുതിപ്പുണ്ടായി. 2015 ന് ശേഷം കോഴിക്കോട് നഗരം വലിയ തോതിൽ വളർന്നതായും പഠനത്തിൽ കണ്ടെത്തി. കോഴിക്കോട് കോർപറേഷൻ പരിധിക്കപ്പുറത്തേക്കുള്ള നഗരത്തിന്റെ വളർച്ചയും ഇതിൽ ഉൾപ്പെടും. 2001 ൽ കോഴിക്കോട് നഗരത്തിന്റെ വിസ്തൃതി 3316 ഹെക്ടറായിരുന്നെങ്കിൽ 2014 ൽ അത് 23,641 ആയി വർധിച്ചു. 
ജനസംഖ്യയിലും വിസ്തൃതിയിലും നഗരം വികസിക്കാനുണ്ടായ പ്രധാന കാരണം നഗരത്തിന് പുറത്തുനിന്നുള്ളവരുടെ കുടിയേറ്റമാണെന്നും കണ്ടെത്തിയിട്ടുണ്ട്. നഗരത്തോട് ചേർന്നു കിടക്കുന്ന ഫറോക്ക്, രാമനാട്ടുകര, ഒളവണ്ണ, കടലുണ്ടി പഞ്ചായത്തുകൾ അതിവേഗം നഗരത്തിന്റെ ഭാഗമായി മാറുന്നതായാണ് പഠനത്തിലെ കണ്ടെത്തൽ.
ഈ നൂറ്റാണ്ടിന്റെ ആദ്യഘട്ടങ്ങളിൽ ഉണ്ടായ വളർച്ചയാണ് കോഴിക്കോട് നഗരത്തെ പട്ടികയിൽ മുന്നിലെത്തിച്ചത്.
 പ്രത്യേകിച്ച് നഗരത്തിന് സമാന്തരമായി നിർമിക്കപ്പെട്ട രാമനാട്ടുകര ബൈപാസിന്റെ വളർച്ച കോഴിക്കോടിന്റെ വളർച്ചയിൽ പ്രധാന പങ്കിവഹിച്ചു. കണ്ണൂർ, വയനാട് എന്നിവിടങ്ങളിലേക്ക് നഗരത്തിൽ കയറാതെ യാത്ര ചെയ്യാൻ ഈ പാത ഏറെ സഹായകമായി. ഇതോടെ കോഴിക്കോട് നഗരം വൻതോതിൽ പുറത്തേക്ക് വളർന്നു. ഈ പാതയിൽ സ്വകാര്യ മേഖലയിൽ നിന്നുണ്ടായ നിക്ഷേപം നഗരത്തിന്റെ മുഖഛായ തന്നെ മാറ്റിമറിച്ചു. ബഹുനില കെട്ടിടങ്ങളും മാളുകളും ഫഌറ്റുകളുമൊക്കെയായി പുതിയൊരു കോഴിക്കോടാണ് ബൈപാസിൽ ഉയർന്നു വന്നത്.  
ദേശീയ തലത്തിൽ വളർച്ച നേടുമ്പോഴും ആസൂത്രണത്തിലെ പോരായ്മകൾ ഇവിടെ ഉയർന്നു നിൽക്കുന്നുണ്ട്. വികസനം ആസൂത്രിതമല്ല എന്നതാണ് പ്രധാന പോരായ്മ. സ്വകാര്യ മേഖലയുടെ വളർച്ചയെ ആസൂത്രിതമാക്കാൻ കോർപറേഷനോ സംസ്ഥാന പൊതുമരാമത്ത് വിഭാഗത്തിനോ ഇപ്പോഴും പ്രത്യേക പദ്ധതിയില്ല. അതോടൊപ്പം തന്നെ വളരുന്ന ജനസംഖ്യക്കനുസരിച്ചുള്ള മാലിന്യ സംസ്‌കരണം, റോഡ് വികസനം, കുടിവെള്ള സ്രോതസ്സുകൾ എന്നിവ പര്യാപ്തമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇക്കാര്യങ്ങളിൽ ഇനിയും ആസൂത്രണം വൈകിയാൽ വളർച്ചക്കൊപ്പം പല തരത്തിലുള്ള വെല്ലിവിളികളും നഗരത്തിന് ഭീഷണിയായി വളരുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
പുതിയ റോഡുകളാണ് അന്താരാഷ്ട്ര തലത്തിൽ തന്നെ ഓരോ നഗരത്തിന്റെയും വികസനത്തിൽ പ്രധാന പങ്കുവഹിക്കുന്നത്. തിരക്കേറിയ ബൈപാസ് റോഡ് പോലും ഇപ്പോൾ കോഴിക്കോട് നഗരത്തിന് പര്യാപ്തമല്ലാതായി മാറിയിരിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തു കൂടി നഗരത്തിന് സമാന്തരമായി കൂടുതൽ വിശാലമായ റോഡ് നിർമിക്കേണ്ടതിന്റെ ആവശ്യകത ഉയർന്നു കഴിഞ്ഞു. 
വലിയ നഗരങ്ങളിലെ നാഴികക്കല്ലുകളാണ് വിമാനത്താവളങ്ങൾ. മലപ്പുറം ജില്ലയിലെ കരിപ്പൂരിൽ സ്ഥിതി ചെയ്യുന്ന കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള പാതയുടെ വികസനം ഇപ്പോഴും കടലാസിലാണ്. വിമാനത്താവളത്തിലേക്ക് നാലുവരിപ്പാത എന്നതാണ് അന്താരാഷ്ട്ര നിലവാരം. എന്നാൽ ഇപ്പോൾ കോഴിക്കോട്ടുനിന്ന് പാലക്കാട്ടേക്കുള്ള ഇടുങ്ങിയ ദേശീയ പാതയാണ് വിമാനത്താവളത്തിലേക്കുള്ള പ്രധാന പാത. ഇത് വിമാനത്താവളം വരെയെങ്കിലും നാലുവരിപ്പാതയിയായി മാറേണ്ടതുണ്ട്.
വിമാനത്താവളത്തിന്റെയും റെയിൽവേ സ്റ്റേഷന്റെയും സമഗ്ര വികസനവും റോഡ് സൗകര്യങ്ങളും ഉൾപ്പെടുത്തിയുള്ള വികസനമാണ് പുതിയ പഠനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് നഗരത്തിന് ആവശ്യം. ഇതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും സ്വകാര്യ നിക്ഷേപകരുടെയും പങ്കാളിത്തത്തോടെയുള്ള ആസൂത്രിത പദ്ധതി അനിവാര്യമാണ്. നഗരം സമീപ പഞ്ചായത്തുകളിലേക്ക് വളരുന്നതിനനുസരിച്ച് ആസൂത്രിത നഗരമെന്ന സങ്കൽപത്തിലേക്ക് സംസ്ഥാന സർക്കാരും ജനപ്രതിനിധികളും കടക്കേണ്ടതുണ്ട്. വ്യാവസായിക മേഖല പ്രത്യേകമായി അടയാളപ്പെടുത്തണം. കെട്ടിട നിർമാണങ്ങളുടെ കാര്യത്തിൽ ചിട്ടയായ ആസൂത്രണം ആവശ്യമാണ്. കോർപറേഷൻ പഠനം നടത്തി തയാറാക്കുന്ന പ്രത്യേക പ്ലാൻ അനുസരിച്ചായിരിക്കണം നഗരത്തിന്റെ ഇനിയുള്ള വികസനം.
ജനസംഖ്യ വർധിക്കുന്നതിനനുസരിച്ച് പ്രത്യേക ശ്രദ്ധ ആവശ്യമുള്ള ഒന്നാണ് മാലിന്യ സംസ്‌കരണം. നിലവിലുള്ള സംവിധാനങ്ങൾ പര്യാപ്തമല്ലെന്ന് വർധിച്ചുവരുന്ന രോഗങ്ങളും അണുബാധകളും തെളിയിക്കുന്നു. 
ഇക്കാര്യത്തിൽ കർശനമായ ചട്ടങ്ങൾ ഉണ്ടാകുകയും അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം. പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കാര്യക്ഷമമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ നിരവിൽ വരേണ്ടതുണ്ട്.
ന്യൂയോർക്ക് സർവകലാശാലയുടെ പഠനം കോഴിക്കോട് നഗരത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നവർക്കും സംസ്ഥാന സർക്കാരിനും ഒരു ചൂണ്ടുപലകയാണ്. നഗര വികസനത്തിന്റെ അനന്ത സാധ്യതകൾ ചൂണ്ടിക്കാട്ടുന്നതോടൊപ്പം എതെല്ലാം മേഖലകളിൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പും ഈ പഠനം നൽകുന്നുണ്ട്. മികച്ച ആസൂത്രണത്തിലൂടെ മലബാറിന്റെ തലസ്ഥാനത്തിന് ഒരു മെട്രോ പദവിയിലേക്ക് വളരാനാകുമെന്നാണ് തിരിച്ചറിയേണ്ടത്. കേരളത്തിലെ മറ്റു നഗരങ്ങൾക്ക് കൂടി മാതൃകയാകാൻ മികച്ച ആസൂത്രണത്തിലൂടെ കോഴിക്കോടിന് കഴിയണം. 
 

Latest News