Sorry, you need to enable JavaScript to visit this website.

കുരച്ചാൽ കടിക്കാത്ത പോലീസോ?

സഖാക്കൾക്കിടയിൽ പോലും അത്ര ജനപ്രിയം നേടാത്ത ഒരു പ്രസ്താവം നടത്തുകയുണ്ടായി ഇ എം എസ് ഒരിക്കൽ. അതിന്റെ താൽപര്യം ഉൾക്കൊള്ളാനാകാതെ പാർട്ടി കുഞ്ഞാടുകൾ അന്തിച്ചിരുന്നപ്പോൾ അദ്ദേഹം തന്നെ വ്യാഖ്യാനത്തിനെത്തി. അദ്ദേഹമായിരുന്നല്ലോ എന്നും പാർട്ടിയിലെ ഏറ്റവും വലിയ അഭ്യസ്തവിദ്യൻ. 
വാദവും ചിരിയും ഒരു പോലെ തൊടുത്തുവിട്ട ആ പ്രസ്താവം ഇതായിരുന്നു: 'പ്രതിവിപ്ലവം അമർച്ച ചെയ്യാനുള്ളതു തന്നെയാണ് പോലീസും പട്ടാളവും.' ബീജിംഗിലെ ടിയാനൻമെൻ ചത്വരത്തിലേക്ക് ബഹളം വെക്കുന്ന ചെറുപ്പക്കാർ ഇരച്ചു കയറിയപ്പോൾ അവരെ ഒതുക്കാൻ ചൈനയിലെ പട്ടാളം ടാങ്കുകൾ ഇറക്കിയതായിരുന്നു കാലം. രോഷാകുലരായ യുവാക്കളെ ടാങ്കുകൾ കൊണ്ട് അരച്ചുകളഞ്ഞതിന്റെ വിവരണം കമ്യൂണിസ്റ്റിതര പത്രികകളിൽ വരികയുണ്ടായി. അതായിരുന്നു ഇ. എം.എസിന്റെ പ്രസ്താവത്തിന്റെ പശ്ചാത്തലം. 
ബീജിംഗിൽ പട്ടാളത്തിന്റെ പെരുമാറ്റത്തെപ്പറ്റി എന്തു പറയുന്നു എന്നായിരുന്നു ചോദ്യം. എന്തു പറയാൻ എന്നു പറയുമായിരുന്നു ഇ എം എസ് അല്ലാത്ത ഒരാൾ. അസൗകര്യമുള്ളതൊന്നും പറയാൻ മടിക്കാത്ത അദ്ദേഹത്തിന് പോലീസിന്റെയും പട്ടാളത്തിന്റെയും പാർട്ടിയുടെയും ചുമതല നന്നായറിയാമായിരുന്നു. പ്രതിവിപ്ലവത്തിന്റെ സ്വഭാവത്തിലെ വൈരുധ്യം വിശദീകരിക്കുമ്പോഴേ ഒരു പക്ഷേ ഇ എം തന്റെ വാക്കുകൾ  വിറപ്പിച്ചിരുന്നുള്ളൂ. 
ജനസമൂഹത്തിനു സമാധാനം ഉറപ്പാക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ പോലീസും ആന്തരമോ ബാഹ്യമോ ആയ ആക്രമണവുമായെത്തുന്ന ശത്രുക്കളിൽനിന്ന് വ്യവസ്ഥാപിത ഭരണകൂടത്തെ രക്ഷിക്കാൻ പട്ടാളവും ചുമതലപ്പെട്ടിരിക്കുന്നു. ദേശീയവും വൈദേശികവുമായ ആ ശക്തികളുടെ നീക്കങ്ങളെ പ്രതിവിപ്ലവമായി കണക്കാക്കണമോ, അങ്ങനെ ക്ലാസിക്കൽ സങ്കൽപത്തിൽ കണക്കാക്കപ്പെടുന്ന രാഷ്ട്രീയ പ്രക്ഷോഭങ്ങൾ അടിച്ചൊതുക്കാൻ പട്ടാളത്തിനെന്തൊക്കെ ചെയ്യാം എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ആളും തരവും പോലെ മാറിക്കൊണ്ടിരിക്കും. എൽദോ എബ്രഹാം എന്ന സി പി ഐ എം എൽ എക്ക് പോലീസിന്റെ അടി കിട്ടിയോ ഇല്ലയോ എന്ന ദാർശനിക പ്രശ്‌നത്തെപ്പറ്റി
കാനം രാജേന്ദ്രനും പാർട്ടിയിലെ മറ്റു ചിലരും തമ്മിലുള്ള അഭിപ്രായം മാറുന്നതു പോലെ. 
നിയമത്തിന്റെ വഴി വിട്ടു നടക്കുന്നവരെ നിലയ്ക്ക് നിർത്തുന്നതാണ് പോലീസിന്റെ ജോലി. അത്യാവശ്യം വേണ്ട നേരത്ത് കായികബലം ഉപയോഗിക്കാനുള്ള അനുവാദത്തിന്റെ ഭാഗമാണ് വടിയും വലയും വെള്ളവുമൊക്കെ. തള്ളിക്കേറി വരുന്ന ജനത്തെ ഒതുക്കുമ്പോൾ മുറിവേൽക്കുന്നത് ആവുന്നത്ര കുറക്കാനാണ് കണ്ണീർ വാതകവും ജലപീരങ്കിയും കുരുമുളക് പൊടിയും മറ്റും ഉൾച്ചേർത്തുള്ള പരിപാടി. കൊല്ലാൻ പോയിട്ട് തല്ലാൻ പോലും അധികാരമില്ലാത്തവരാണ് പോലീസുകാർ. എന്നിട്ടും അവർ തല്ലുന്നു, ചിലപ്പോൾ കൊല്ലുന്നു.
നിയമം പാലിക്കാൻ ചിലപ്പോൾ നിയമം ലംഘിക്കേണ്ടിവരുമെന്നതാണ് സത്യം. കുറ്റക്കാരനെന്ന് തികഞ്ഞ സംശയമുള്ള ഒരാളെ, വിശേഷിച്ചും ഹീനമായ കുറ്റം ചെയ്തിട്ടുള്ള പുള്ളിയെ, അയാൾ പോലീസിനെ വിരട്ടാൻ കൂടി പോന്നവനാണെങ്കിൽ, ഒന്നു നോവിച്ചാൽ കുറ്റം പറയാത്തവരാവും അധികവും. 'ഒന്നു നോവിക്കാൻ' ഉള്ള അധികാരത്തിന്റെ ഗർവിൽ കായബലത്തിൽ അഭിരമിക്കുന്ന പോലീസുകാരൻ ചിലപ്പോൾ തടവുകാരനെ തല്ലിക്കൊന്നെന്നു വരും. തല്ലിക്കൊന്നതല്ല, ശവം ജനൽക്കമ്പിയിലോ ഫാനിലോ കയറി തൂങ്ങിയതോ മറ്റോ ആണെന്ന രസവാദവും രഹസ്യ വാദവും അടുത്ത അധ്യായത്തിൽ പെടും.
കുറ്റം എന്ന വസ്തുത. അതു നിയന്ത്രിക്കാനുള്ള ചുമതല. അതിന്റെ ഭാഗമായി ചോദ്യം ചെയ്യാനും കുറച്ചിട തടവിലാക്കാനും നിയമം അനുശാസിക്കുന്ന വ്യവസ്ഥ അതൊക്കെയാകുമ്പോൾ പുള്ളിയെ ഒന്നു നോവിക്കാനുള്ള തിരക്കഥ തയാറായി. 
അതിനെല്ലാം പുറമേയാണ് തന്റെ വരുതിയിൽ പെട്ടുപോകുന്ന ഇരയെ പല തരത്തിൽ ദ്രോഹിക്കാനുള്ള മനുഷ്യന്റെ അഹംഭാവവും അലംഭാവവും. മനുഷ്യനുള്ളിടത്തോളം കാലമുണ്ടാവും ആ ധാർഷ്ട്യവും കുറ്റവാസനയും. അതിന്റെ വിപത്ത് ലഘൂകരിക്കണമെങ്കിൽ, പഴയ മൊഴി അനുശാസിക്കുന്നതു പോലെ, നിതാന്ത ജാഗ്രത പാലിക്കുകയും നിരന്തരമായ പരിശോധനക്ക് ഏർപ്പാടുണ്ടാക്കുകയും കുറ്റാന്വേഷണത്തിന്റെ പ്രസക്തമായ തലങ്ങളിൽ സുതാര്യത ഉറപ്പ് വരുത്തുകയും വേണം. 
പണ്ടൊരിക്കൽ തമിഴകത്തുനിന്നു വന്ന ഒരു പോലീസ് ഐ ജി, ശിങ്കാരവേലു, പോലീസിന് ചങ്ങാത്തത്തിന്റെ ചന്തം ചാർത്താൻ ഒരു ശ്രമം നടത്തുകയുണ്ടായി. പിന്നീടുണ്ടായ ജനമൈത്രിയുടെ കഥ വിലയിരുത്തുന്നത് രസാവഹമായിരിക്കും. 
ശിങ്കാരവേലുവിന്റെ സൗമനസ്യമുളളവർ അദ്ദേഹത്തിനു മുമ്പോ പിമ്പോ  അധികാരക്കസേരകളിലോ പോലീസ് തലപ്പത്തോ പത്രമോഫീസുകളിലോ സ്ഥലം പിടിച്ചിരുന്നില്ല എന്നല്ല.  അപ്രിയമായ മാനുഷിക യാഥാർഥ്യങ്ങളുമായി ഇടപഴകുന്ന സാധാരണ നിയമ പാലകന് ധർമ പ്രബോധനത്തിന്റെ വഴിയേ നടക്കാൻ പലപ്പോഴും വിഷമമാകുമെന്നേ അതിനർഥമുള്ളൂ. മുഖ്യമന്ത്രി വിജയൻ തന്നെ ആ വൈപരീത്യം തുറന്നു പറഞ്ഞല്ലോ. അടിയന്തരാവസ്ഥയിലെ അക്രമങ്ങൾക്കു നേരേ സമരം ചെയ്തതിന്റെ വാർഷികം ആചരിക്കുമ്പോൾ അതിക്രമങ്ങളുടെ വിശദീകരണവും
പശ്ചാത്താപവുമായി നിയമസഭയിലെത്താൻ തനിക്ക് അവസരമുണ്ടായത് എന്തൊരു വൈപരീത്യം എന്ന് മുഖ്യമന്ത്രി തുറന്നു പറഞ്ഞു. പോലീസിന് രാഷ്ട്രീയ നിർദേശം നൽകുന്നവർ കൂടുതൽ കൂടുതൽ സത്യസന്ധവും ന്യായവുമായ നിലപാട് എടുക്കാൻ ശ്രദ്ധിക്കണമെന്നേ സുഭാഷിതം ചൊല്ലുന്നവർക്കും മുഖപ്രസംഗം എഴുതുന്നവർക്കും പറയാനുണ്ടാകൂ. 
കുറ്റത്തിന്റെ കാഠിന്യം നോക്കിയല്ലാതെ അതു നിയന്ത്രിക്കുമ്പോഴുണ്ടാകുന്ന മാരകമായ പാകപ്പിഴകളെ വിലയിരുത്താനാവില്ല. 
നിയമ വ്യവസ്ഥയെയും ക്രമസമാധാനത്തെയും തകിടം മറിക്കുന്നത് നയമായി സ്വീകരിച്ചിട്ടുള്ള ആളുകളും സംഘടനകളും അഴിഞ്ഞാടുമ്പോൾ ലാത്തിയിൽ കൂടുതൽ എന്തെങ്കിലും വേണ്ടിവരും സാധാരണ സ്ഥിതി പുനഃസ്ഥാപിക്കാൻ. ചില ഘട്ടങ്ങളിൽ കശ്മലന്മാരെന്നു മുദ്ര ചാർത്തപ്പെട്ട നിയമപാലകർ ആരാധ്യരായ വീരസാഹസികരായി മാറുന്നതു കാണാം. ഹിംസയുടെ രാഷ്ട്രീയം ബംഗാളിലും ആന്ധ്രയിലും മിസോറമിലും പഞ്ചാബിലും ഒരിടക്ക് ഇങ്ങു കേരളത്തിലും ഗ്രാമാന്തരങ്ങളിൽ പടർന്നു പിടിച്ചപ്പോൾ കർശനത്വത്തിനു പേരുകേട്ട ചില പോലീസ് ഉദ്യോഗസ്ഥന്മാർക്ക് ജനമധ്യത്തിൽ കൈവന്ന സ്വീകാര്യത ആരും നിഷേധിക്കുകയില്ല.
ഒരൊറ്റ ഉദാഹരണം. കെ പി എസ് ഗിൽ. ഭീകര രാഷ്ട്രീയം ഒതുക്കുന്നതിൽ ഗിൽ വഹിച്ച പങ്ക് വലുതു തന്നെ.  അത്ര തന്നെ വലുതും അസ്വാസ്ഥ്യജനകവുമാണ് ഭീകരരെ പാട്ടു പാടി ഉറക്കുന്നതിലപ്പുറം എന്തൊക്കെയോ അദ്ദേഹം ചെയ്തു എന്ന സത്യവും.  
വീരപുരുഷൻ തന്നെ ഖലനായകനാകുന്നതു നോക്കുക. പോലീസുകാരനെ സാധാരണ മനുഷ്യനായി കണ്ടാൽ മതി. കയ്യിൽ കിട്ടുമ്പോൾ അധികാരം നൊട്ടിനുണയുന്ന സാധാരണക്കാരൻ. ചെറിയ പ്രകോപനങ്ങൾ കാണുമ്പോൾ അയാൾ തെറി വിളിക്കാം, തല്ലാം, കൊല്ലണമെന്നില്ല. അയാളെ പ്രശംസിക്കുകയും ശിക്ഷിക്കുകയും ചെയ്യാൻ ബാധ്യതയുള്ളവരുടെ സത്യസന്ധതയും ന്യായബോധവുമാകും പോലീസിന്റെ
പെരുമാറ്റത്തിനു നിയാമകം.
ഇളകി മറിഞ്ഞു വരുന്ന ആൾക്കൂട്ടത്തെ നേരിടുമ്പോൾ മുഖം നോക്കിയും ഐ ഡി പരിശോധിച്ചും ലാത്തി വീശാൻ പറ്റിയെന്നു വരില്ല. അതിനവസരമുണ്ടെന്നു വരികിൽ സ്വന്തം ക്ഷേമത്തിൽ താൽപര്യമുള്ള ഒരു കാക്കിക്കാരനും സ്വാധീനവും അധികാരവുമുള്ള മുഖത്തിന്റെ ഉടമയെ രണ്ടു പൂശുകയില്ല. ഭരിക്കുന്ന കക്ഷിയുടെ നിയമസഭാംഗത്തെ ചുമ്മാ കയറി തല്ലിയാൽ വിവരമറിയുമെന്ന് അറിയാത്തവരുണ്ടോ? എന്നാലും അതിക്രമത്തിന്റെ പേരിൽ പോലീസിനെ കൂട്ടിൽ കേറ്റുന്നതാണ് നമ്മുടെ രാഷ്ട്രീയത്തിന്റെ വഴക്കം. യാഥാർഥ്യത്തോടു മുഖം തിരിഞ്ഞുള്ള പോക്ക് പോലീസിന്റെ തേർവാഴ്ച കടുപ്പിക്കാനേ ഉതകൂ.

Latest News