Sorry, you need to enable JavaScript to visit this website.

ഒടിഞ്ഞ കാലുമായി വെറും കൈയോടെ മുഹമ്മദാലി നാട്ടിലേക്കു മടങ്ങി

ദമാം- ജോലിയും ശമ്പളവുമില്ലാതെ ഒരു വര്‍ഷത്തെ കൊടിയ യാതനകള്‍ക്കൊടുവില്‍ രാജസ്ഥാന്‍ ജുംജുനു സ്വദേശി മുഹമ്മദാലി ഒടിഞ്ഞ കാലുമായി വെറും കയ്യോടെ നാട്ടിലേക്കു മടങ്ങി. മൂന്നു വര്‍ഷം മുന്‍പാണ് ദമാമിലെ ഒരു സ്വകാര്യ കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ മേസന്‍ ജോലിക്കായി എത്തിയത്. ഭേദപ്പെട്ട ശമ്പളവും കൃത്യമായ ജോലിയും വാഗ്ദാനം നല്‍കിയാണ് ബന്ധുവും നാട്ടുകാരനും പറഞ്ഞതനുസരിച്ച് ഭീമമായ തുക വിസക്ക് നല്‍കി ഇവിടെയെത്തിയത്. ആദ്യത്തെ വര്‍ഷം ജോലിക്കോ ശമ്പളത്തിനോ പ്രശനമില്ലായിരുന്നു. പിന്നീടങ്ങോട്ട് കമ്പനിക്ക് പുതിയ കരാറില്ലാതെയും സാമ്പത്തിക പ്രയാസങ്ങളാലും ജോലി ഇല്ലാതായി. തുടര്‍ന്ന് ശമ്പളം മാസങ്ങളോളം നീണ്ടു പോയി. നാലുമാസത്തിനു ശേഷം ഒരു മാസത്തെ ശമ്പളം നല്‍കി പരമാവധി കമ്പനിയിലെ തൊഴിലാളികളെ തൃപ്തിപ്പെടുതാനുള്ള കമ്പനിയുടെ ശ്രമകരമായ പ്രയത്‌നത്തിനൊടുവില്‍ ഒരു വര്‍ഷത്തിനു ശേഷം ശമ്പളം പൂര്‍ണമായും നിലച്ചു. ഇതോടെ നാട്ടിലേക്ക് തിരിച്ചു പോകാനാവാതെയും ഇഖാമ കാലാവധി അവസാനിക്കുകയും ചെയ്തു.  രോഗികളായ നിരവധി പേര്‍ ചികിത്സ പോലും ലഭിക്കാതെ പ്രയാസപ്പെട്ടു. തുടര്‍ന്ന് പതിനാലു പേര്‍ ദമാം ലേബര്‍ കോടതിയില്‍ പരാതി നല്‍കി. കേസ് നടത്തുന്നതിനിടയില്‍ ഈ ഗ്രൂപ്പിലുള്ള ബീഹാര്‍ സ്വദേശി പോലീസ് പിടിയിലാവുകയും തര്‍ഹീല്‍ വഴി നാട്ടിലേക്കു പോവുകയും ചെയ്തു

ഇതിനിടയില്‍ വാപ്പയും ഉമ്മയും അടക്കമുള്ള മുഹമ്മദലിയുടെ കുടുംബം ദാരിദ്ര്യത്തിലായി. മക്കളുടെ വിദ്യഭ്യാസത്തിനു പോലും പണമില്ലാതെ പഠനം നിര്‍ത്തി. ഇതോടെ മാനസികമായി മുഹമ്മദാലി തളര്‍ന്നു. നിത്യ ചിലവിനു വഴി കണ്ടെത്തുന്നതിനായി പുറത്തു ജോലി ചെയ്തു കൊണ്ടിരിക്കെ കാല്‍ വഴുതി വീഴുകയും കാലിലെ എല്ലിനു സാരായ പരിക്കേറ്റ് അല്‍ കോബാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയെങ്കിലും ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ലാത്തതിനാല്‍ ചികിത്സ ലഭിച്ചില്ല. പിന്നീട് ദമാം സീക്കോക്ക് സമീപമുള്ള സ്വകാര്യ മെഡിക്കല്‍ സെന്ററിലെത്തി ചികിത്സ തേടി. കയ്യിലുണ്ടായിരുന്നതും സുഹൃത്തുക്കളില്‍ നിന്നു കടം വാങ്ങിയുമാണ് ഒടിഞ്ഞ കാലിന്  പ്ലാസ്റ്ററിട്ടത്. ജോലിയും ശമ്പളവും ഇല്ലാതെയുള്ള കഷ്ടപ്പാടും കാലിലെ അസഹ്യ വേദനയും മൂലം മാനസികമായും ശാരീരികമായും തളര്‍ന്ന മുഹമ്മദലി സുഹൃത്തുക്കളുടെ സഹായത്തോടെ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തെ സമീപിച്ച് സഹായം തേടുകയായിരുന്നു.
ഇതിനിടെ കടുത്ത വേദനയെ തുടര്‍ന്ന് ദമാം ബദര്‍ മെഡിക്കല്‍ സെന്ററില്‍ അസ്ഥിരോഗ വിദഗ്ദനെ കണ്ട് സൗജന്യമായി ചികിത്സ ലഭ്യമാക്കി. അതിനു ശേഷം നാസ് വക്കം തന്റെ താമസ സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി ഭക്ഷണവും താമസവും നല്‍കി. തുടര്‍ന്ന് മുഹമ്മദാലിയുടെ വിഷയം ദമാം തര്‍ഹീല്‍ മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതോടെ നാട്ടിലേക്കു പോകുന്നതിനുള്ള വഴി തുറക്കപ്പെടുകയായിരുന്നു. ദമാം ലേബര്‍ കോടതിയില്‍ കേസിന്റെ തുടര്‍ നടപടികള്‍ക്കായി സഹപ്രവര്‍ത്തകനും നാട്ടുകാരനുമായ മുഹമ്മദ് സലീമിനു ഉത്തരവാദിത്വം നല്‍കിയാണ് മുഹമ്മദാലി കഴിഞ്ഞ ദിവസം നാട്ടിലേക്കു മടങ്ങിയത്.
 

 

Latest News