Sorry, you need to enable JavaScript to visit this website.

'അസ്വീകാര്യന്‍' ബെയ്ല്‍ റയലിന്റെ വിജയശില്‍പി

മേരിലാന്റ് - കോച്ച് സിനദിന്‍ സിദാന് അസ്വീകാര്യനായ ഗാരെത് ബെയ്ല്‍ ആഴ്‌സനലിനെതിരായ പ്രി സീസണ്‍ ഫുട്‌ബോള്‍ മത്സരത്തില്‍ റയല്‍ മഡ്രീഡിനെ വിജയത്തിലേക്കു നയിച്ചു. ബെയ്ല്‍ പകരക്കാരനായി ഇറങ്ങിയതോടെയാണ് റയലിന് ജീവന്‍ വെച്ചതും സമനില നേടിയതും. രണ്ടു ഗോളിന് പിന്നിലായ ശേഷം 2-2 സമനില നേടിയ റയല്‍ ഷൂട്ടൗട്ടില്‍ വിജയിച്ചു. 
കഴിഞ്ഞയാഴ്ച ബയേണ്‍ മ്യൂണിക്കിനെതിരായ കളിയില്‍ ബെയ്‌ലിനെ സിദാന്‍ കളിപ്പിച്ചിരുന്നില്ല. ബെയ്‌ലിനായി മറ്റൊരു ക്ലബ്ബിനെ തേടുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ട്രാന്‍സ്ഫര്‍ ചര്‍ച്ച നടക്കുന്നതിനാല്‍ ബയേണിനെതിരെ പകരക്കാരനായി ഇറങ്ങാന്‍ ബെയ്ല്‍ തയാറായില്ലെന്നും പിന്നീട് സിദാന്‍ വിശദീകരിച്ചു. എന്നാല്‍ ആഴ്‌സനലിനെതിരായ മത്സരത്തില്‍ ഇടവേളക്കു ശേഷം ബെയ്ല്‍ പകരക്കാരനായി വന്നു. 
അലക്‌സാണ്ടര്‍ ലെക്കാസറ്റെയുടെയും പിയറി എമറിക് ഓബമെയാംഗിന്റെയും ഗോളുകളില്‍ ആഴ്‌സനല്‍ മുന്നിലെത്തി. ബെയ്ല്‍ ഇറങ്ങുന്നതു വരെ ആഴ്‌സനലിനായിരുന്നു കളിയില്‍ ആധിപത്യം. ആഴ്‌സനലിന്റെ സോക്രട്ടിസ് പാപാസ്റ്റാതൊപൗലോസും റയലിന്റെ നാചൊ ഫെര്‍ണാണ്ടസും ചുവപ്പ് കാര്‍ഡ് കണ്ടു. അമ്പത്താറാം മിനിറ്റില്‍ ബെയ്‌ലും മൂന്നു മിനിറ്റിനു ശേഷം മറ്റൊരു പകരക്കാരന്‍ മാര്‍ക്കോ അസന്‍സിയോയും ഗോള്‍ മടക്കി. 
 

Latest News