Sorry, you need to enable JavaScript to visit this website.

അന്ന് മക്കയിൽ ഇത്രയ്ക്ക്  ചൂടില്ലായിരുന്നു; പഴയകാലം ഓര്‍ത്തെടുത്ത് ഇബ്രാഹിം ഹാജി

ഇബ്രാഹിം ഹാജി കെ.എം.സി.സി വളണ്ടിയേഴ്‌സ് ക്യാപ്റ്റൻ ഉമ്മർ അരിപ്പാമ്പ്രയ്‌ക്കൊപ്പം 

ജിദ്ദ-ലോകത്തിന്റെ പല ഭാഗങ്ങളിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്‌നം നേരിട്ടു വരികയാണ്. പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലും ഈ വർഷം പതിവിലും കൂടിയ താപനിലയാണ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച സൗദി അറേബ്യയിൽ ഏറ്റവും കൂടിയ ഉഷ്ണം അനുഭവപ്പെട്ടത് മക്കയിലാണ്. നാല് ദശകങ്ങൾക്കപ്പുറം ബോംബെയിൽ നിന്ന് കപ്പൽ കയറിയെത്തി ഹജ് ചെയ്ത കണ്ണൂർ തിരുവട്ടൂർ സ്വദേശി ഇബ്രാഹിം ഹാജി ഈ വർഷം വിമാനത്തിൽ പറന്ന് യാത്ര ചെയ്യാനെത്തിയിട്ടുണ്ട്. മക്ക അസീസിയയിലെ ഹജ് മിഷന്റെ 147 ാം നമ്പർ കെട്ടിടത്തിലിരുന്ന് ഇബ്രാഹിം ഹാജി ഓർമകൾ അയവിറക്കി. മദീനയിലും മക്കയിലും ജിദ്ദയിലും വിസ്മയിപ്പിക്കുന്ന വികസനമുണ്ടായെന്ന് പറഞ്ഞ അദ്ദേഹം അക്കാലത്ത് ഇത്രയ്‌ക്കൊന്നും ഉഷ്ണമുണ്ടായിരുന്നില്ലെന്ന് ഓർത്തെടുത്തു. 
നാൽപത് വർഷം മുൻപ് ഉമ്മ പരേതയായ  ഖദീജയോടൊപ്പം  കപ്പലിലാണ് ദുബായിലെ മുൻ പ്രവാസിയായ ഇബ്രാഹിം ഹാജി ഹജിനെത്തിയത്.  
നാട്ടിൽ നിന്ന് രണ്ട് ദിവസത്തെ ബോംബെ യാത്ര.   എട്ട് ദിവസം ബോംബെയിൽ താമസിച്ചു. തുടർന്ന് എം.വി അക്ബർ എന്ന കപ്പലിൽ പത്ത് ദിവസം യാത്ര ചെയ്താണ് ജിദ്ദ ഇസ്‌ലാമിക തുറമുഖത്തെത്തിയത്. മുന്നൂറ് പേരായിരുന്നു രണ്ട് കപ്പലുകളിൽ. തീർഥാടകരെ പരിചരിക്കാൻ നഴ്‌സുമാരും ഡോക്ടർമാരുമുണ്ടായിരുന്നു. ജിദ്ദ തുറമുഖത്തിറങ്ങി ടാക്‌സി പിടിച്ചാണ് മക്കയിലേക്ക് യാത്ര തുടർന്നത്. മുപ്പത് റിയാലായിരുന്നു നാൽപത് വർഷം മുമ്പ്  ടാക്‌സിയ്ക്ക് നൽകിയത്. അഞ്ച് പേർ പങ്കിട്ടെടുത്തു. 
തൊണ്ണൂറ് ദിവസമായിരുന്നു അന്നത്തെ ഹജ്   വിസയുടെ  കാലാവധി.  മക്കയിലെ പരിശുദ്ധ ഹറമിലെ ബാബുൽ ഉംറക്ക് സമീപമാണ് ജിദ്ദയിൽ നിന്ന് പുറപ്പെട്ട ടാക്‌സി ഇറക്കിയത്. ഇറങ്ങിയ സ്ഥലത്ത് ഇന്ത്യൻ ഹജ്  ഉദ്യോഗസ്ഥർ പാസ്‌പോർട്ട് ആവശ്യപ്പെട്ടപ്പോൾ റൂം കാണിച്ചു തരാതെ പാസ്‌പോർട്ട് തരില്ലെന്ന് വാശി പിടിച്ചു. അപ്പോൾ മറ്റൊരാൾ ഇടപെട്ട് റൂം കാണിച്ചു കൊടുത്തത് ഇബ്രാഹിം ഓർത്തെടുത്തു. അതു വെച്ചുനോക്കുമ്പോൾ   ഇപ്പോൾ ഹാജിമാർക്ക് മികച്ച സൗകര്യമാണ് ലഭിക്കുന്നതെന്ന് സംശയമില്ലാതെ പറയാം. 
അക്കാലത്ത് ഹജ് കമ്മിറ്റിക്ക് 15,000 രൂപ അടച്ചാണ് പുറപ്പെട്ടത്. ഇവിടെ എത്തിയപ്പോൾ 2100 റിയാൽ നൽകി. ഇപ്പോൾ രണ്ടര ലക്ഷം രൂപ അടച്ചു വന്നപ്പോഴും തിരികെ ലഭിച്ചത് 2100 റിയാൽ. അന്നൊക്കെ മുറി വാടകയും ഗതാഗത ചെലവും ഹാജിമാർ വഹിക്കണമായിരുന്നു. മലയാളി വളണ്ടിയർമാരുടെ സേവനം ഇപ്പോഴത്തെ പോലെ അന്നുണ്ടായിരുന്നില്ല -അദ്ദേഹം പറഞ്ഞു. ഹജിന്റെ ചടങ്ങായ മിനായിലെ കല്ലേറിന് അന്നൊക്കെ ഒരു പാലം മാത്രം. വരവും പോക്കും ഒരേ ദിശയിൽ. സൗദി സർക്കാർ കോടികൾ മുടക്കി ഹറമുകളും മിനായും മറ്റും വികസിപ്പിച്ചത് ലോകത്തിന്റെ നാനാഭാഗത്തു നിന്നുമെത്തുന്ന തീർഥാടകർക്ക് സൗകര്യപ്രദമാണെന്ന് സൗദി കെ.എം.സി.സി ഹജ് വളണ്ടിയേഴ്‌സ് ക്യാപ്റ്റൻ ഉമ്മർ അരിപ്പാമ്പ്രയുടെ ബന്ധു കൂടിയായ ഇബ്രാഹിം ഹാജി പറഞ്ഞു. 
മിനായിൽ നിന്ന് അറഫ വരെ കിട്ടുന്ന വാഹനത്തിലും വാഹനത്തിന്റെ മുകളിലും കാൽനടയായും ഹാജിമാർ യാത്ര തിരിക്കും. അക്കാലത്തും പ്രവാസികളായ നാട്ടുകാർ സഹായത്തിനു വരാറുണ്ടെന്ന്  ഇബ്രാഹിം പറഞ്ഞു. എന്നാൽ ഇന്ന് ഹാജിമാർക്ക് മികച്ച സേവനമാണ് ലഭ്യ മാകുന്നത്. കഴിഞ്ഞ വർഷം െ്രെപവറ്റ് ഗ്രൂപ്പിൽ ഹജിന് പുറപ്പെടാൻ തയാറായെങ്കിലും അവസാന നിമിഷം യാത്രാ അനുമതി കിട്ടിയില്ല. ഈ വർഷം ഗവണ്മെന്റ് ക്വാട്ടയിൽ ഹജിന് അവസരം ലഭിച്ച്  വരുമ്പോൾ അത് കാണാൻ ഭാര്യ ജീവിച്ചിരിപ്പില്ലെന്നതാണ് ഇബ്രാഹിം ഹാജിയുടെ സങ്കടം. 

Latest News