Sorry, you need to enable JavaScript to visit this website.

പത്തിൽ താഴെ വിദ്യാർത്ഥികളുമായി  പ്രവർത്തിക്കുന്നത്  130 സ്‌കൂളുകൾ

കൊണ്ടോട്ടി-സംസ്ഥാനത്ത് പത്തിൽ താഴെ വിദ്യാർത്ഥികളുമായി പ്രവർത്തിക്കുന്നത് 130 സ്‌കൂളുകൾ. ഇവയിൽ 37 എണ്ണം സർക്കാർ സ്‌കൂളുകളും, 93 എണ്ണം എയ്ഡഡ് സ്‌കൂളുകളുമാണ്. സർക്കാർ സ്‌കൂളുകളിൽ 252 വിദ്യാർത്ഥികൾക്കായി 103 അധ്യാപകരും എയ്ഡഡ് സ്‌കൂളുകളുകളിൽ 552 വിദ്യാർത്ഥികൾക്കായി 227 അധ്യാപകരും ജോലി ചെയ്യുന്നുമുണ്ട്. വയനാട്, കാസർകോട് ഒഴികെയുളള ജില്ലകളിലാണ് ഇൗ സ്‌കൂളുകളത്രയും പ്രവർത്തിക്കുന്നത്.
ഒരു വിദ്യാർത്ഥിയും ഒരു അധ്യാപകനുമായി സർക്കാർ, എയ്ഡഡ് മേഖലകളിൽ ഓരോ വിദ്യാലയങ്ങളാണ് സംസ്ഥാനത്തുളളത്. മലപ്പുറം ജില്ലയിലെ നിലമ്പൂർ നെടുങ്കയം ജി.ടി.എൽ.പി സ്‌കൂൾ സർക്കാർ മേഖലയിലും, ആലപ്പുഴയിലെ പുതുക്കാരി പി.കെ.ഇ.ടി എൽ.പി സ്‌കൂളുകൾ എയ്ഡഡ് മേഖലയിലും പ്രവർത്തിക്കുന്നു.
പത്തിൽ താഴെ വിദ്യാർത്ഥികളുളള സ്‌കൂളുകൾ ഏറെയുളളത് പത്തനംതിട്ട ജില്ലയിലാണ്. സർക്കാർ മേഖലയിൽ എട്ടും,എയ്ഡഡ് മേഖലകളിൽ 28 സ്‌കൂളുകളുമാണ് ജില്ലയിലുളളത്. കോട്ടയം,ആലപ്പുഴ ജില്ലകളിൽ 7, പാലക്കാട്, എറണാകുളം ജില്ലകളിൽ മൂന്ന് സ്‌കൂളും, മലപ്പുറം, കോഴിക്കോട്, കൊല്ലം ജില്ലകളിൽ 2 സ്‌കൂളുകളും, തൃശൂർ, ഇടുക്കി, തിരുവനന്തപുരം ജില്ലകളിൽ ഓരോ സ്‌കൂളുകളുമാണ് സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നത്. എയ്ഡഡ് മേഖലയിൽ കണ്ണൂർ 16, തൃശൂർ 12, ആലപ്പുഴ 10, എറണാകുളം, കോട്ടയം 7, കോഴിക്കോട്, പാലക്കാട് 4,കൊല്ലം, ഇടുക്കി രണ്ട്, തിരുവനന്തപുരത്ത് ഒരു സ്‌കൂളും പത്തിൽ താഴെ വിദ്യാർത്ഥികളുമായി പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളുടെ കുറവിൽ സ്‌കൂളുകൾ അടച്ചു പൂട്ടൽ, മറ്റു സ്‌കൂളുകളുമായി ലയിപ്പിക്കൽ തുടങ്ങിയവക്ക് സർക്കാർ മുതിരാത്തതിനാലാണ് വിരലിലെണ്ണാവുന്ന വിദ്യാർത്ഥികളുമായി 130 വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത്.

Latest News