ദുബായ് - മുന്‍ ഇന്ത്യന്‍ നായകന്‍ സചിന്‍ ടെണ്ടുല്‍ക്കറെയും മുന്‍ ദക്ഷിണാഫ്രിക്കന്‍ പെയ്‌സ്ബൗളര്‍ അലന്‍ ഡൊണാള്‍ഡിനെയും മുന്‍ ഓസ്‌ട്രേലിയന്‍ വനിതാ പെയ്‌സ്ബൗളര്‍ കാതറിന്‍ ഫിറ്റ്‌സ്പാട്രിക്കിനെയും ഐ.സി.സി ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പെടുത്തി. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് മൂവര്‍ക്കും ഐ.സി.സി ഹാള്‍ ഓഫ് ഫെയിം അംഗത്വം സമ്മാനിച്ചത്. മുന്‍കാല പ്രമുഖ കളിക്കാരെയാണ് ഹാള്‍ ഓഫ് ഫെയിമില്‍ അംഗത്വം നല്‍കി ആദരിക്കുന്നത്.
ചുരുങ്ങിയത് അഞ്ചു വര്‍ഷം മുമ്പെങ്കിലും വിരമിച്ചവരെയാണ് ഹാള്‍ ഓഫ് ഫെയിമില്‍ ഐ.സി.സി ഉള്‍പ്പെടുത്തുക. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത സചിന് അഞ്ചു വര്‍ഷ കാലാവധിയാവാന്‍ കാത്തിരിക്കുകയായിരുന്നു ഐ.സി.സി. 2013 നവംബറിലാണ് സചിന്‍ വിരമിച്ചത്.
ഐ.സി.സി ഹാള്‍ ഓഫ് ഫെയിം അംഗത്വം കിട്ടുന്ന ആറാമത്തെ ഇന്ത്യന്‍ കളിക്കാരനാണ് സചിന്‍. സുനില്‍ ഗവാസ്‌കര്‍, ബിഷന്‍ സിംഗ് ബേദി, കപില്‍ദേവ്, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് അംഗത്വം കിട്ടിയ മറ്റു കളിക്കാര്‍.