Sorry, you need to enable JavaScript to visit this website.

മർകസ് നോളജ് സിറ്റി പുതിയ തലമുറയെ ആഗോള പൗരന്മാരാക്കുന്നു -മുഖ്യമന്ത്രി 

മർകസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബൽ സ്‌കൂൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. കാന്തപുരം എ.പി അബൂബക്കർ മുസ്‌ല്യാർ, പി.ടി.എ റഹീം എം.എൽ.എ, കാരാട്ട് റസാഖ് എം.എൽ.എ എന്നിവർ സമീപം.

കോഴിക്കോട് - ദേശീയ മുഖ്യധാരയിൽ നിന്ന് ചരിത്രപരമായ കാരണങ്ങളാൽ അവഗണിക്കപ്പെട്ടവരെ കൈപ്പിടിച്ചുയർത്തുന്നതിൽ ശ്രദ്ധേയമായ ഇടപെടലുകളാണ് മർകസ് സ്ഥാപനങ്ങൾ നിർവഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 
പുതിയ തലമുറയെ ആഗോള പൗരന്മാക്കി മാറ്റാൻ നോളജ് സിറ്റിയിലൂടെ നവീനമായ പദ്ധതികൾ കേരളത്തിലേക്ക് കൊണ്ടുവരുന്ന കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ സേവനങ്ങൾ അഭിനന്ദനാർഹമാണ്. മർകസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബൽ സ്‌കൂൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 3000 കോടി മുതൽ മുടക്കിൽ വിദ്യാഭ്യാസവും ഗവേഷണവും ചരിത്ര സംരക്ഷണവും പാർപ്പിടവും ചികിത്സയും വാണിജ്യവും ഉൾക്കൊള്ളുന്ന നോളജ് മഹാനഗരി ഒരുക്കുന്ന മർകസ് ജ്ഞാനം പകരുന്നതിലും നിർധനർക്കുള്ള സന്നദ്ധ പ്രവർത്തനങ്ങളിലും ശോഭനീയമായി നിലകൊള്ളുന്നു. 
ബഹുസ്വരമായ മൂല്യങ്ങൾ നമ്മുടെ സമൂഹത്തിൽ ശക്തമാവുകയും ഒറ്റപ്പെടുത്തലുകളുടെ ഛിദ്രശക്തികൾ പ്രതിരോധിക്കപ്പെടുകയും വേണം. എല്ലാ ജാതി മത സമൂഹങ്ങൾക്കും  വിദ്യാഭ്യസവും ജീവകാരുണ്യ സഹായങ്ങളും ചെയ്യുന്ന മർകസ് പ്രസ്ഥാനം മാതൃകയാണ്. പൊതുവിദ്യാഭ്യാസത്തെ ശക്തമാക്കുന്നതിന്റെ ഭാഗമായി എൽ.പി, യു.പി സ്‌കൂളുകളിലേക്ക് കൂടി ഹൈടെക് സംവിധാനം നടപ്പിലാക്കും -മുഖ്യമന്ത്രി പറഞ്ഞു. മർകസ് നോളജ് സിറ്റി ചെയർമാൻ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ലോകത്തിന്റെ വൈജ്ഞാനികവും സാങ്കേതികവും ശാസ്ത്രീയവുമായ മുന്നേറ്റത്തിനൊത്തു ജ്ഞാനവും അനുഭവവും നേടി വരാനിരിക്കുന്ന തലമുറയെ ആഗോളമായി നിയന്ത്രിക്കുന്ന പ്രതിഭകൾ രൂപപ്പെടുന്ന ഇടമാവും മർകസ് നോളജ് സിറ്റിയെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ 125 ഏക്കർ സ്ഥലത്ത് ആരംഭിക്കുന്ന മർകസ് നോളജ് സിറ്റിയിലെ വിശാലവും ഹരിതാഭവുമായ കാമ്പസിലാണ് അലിഫ് ഗ്ലോബൽ സ്‌കൂൾ നിലവിൽ വന്നിരിക്കുന്നത്. കേരളത്തിൽ നിലവിലുള്ള പാരമ്പര്യ വിദ്യാഭ്യാസ രീതിശാസ്ത്രത്തിൽ നിന്ന് ഭിന്നമായി ഒട്ടേറെ നൂതന സാങ്കേതിക വിദ്യകൾ സമന്വയിപ്പിച്ചാണ് അലിഫ് ഗ്ലോബൽ സ്‌കൂളിന് തുടക്കമിടുന്നത്. 
സിദ്ധാന്തങ്ങളേക്കാൾ പ്രായോഗിക പാഠങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന പാഠ്യപദ്ധതി പുതിയ അനുഭവമാകും. രാജ്യാന്തര രംഗത്ത് ഒരു ദശകമായി പ്രവർത്തിക്കുന്ന അലിഫ് എജ്യുകെയർ ട്രസ്റ്റിന്റെ കീഴിലാണ് അലിഫ് ഗ്ലോബൽ സ്‌കൂൾ. റിയാദിലെ അലിഫ് ഇന്റർനാഷണൽ സ്‌കൂൾ ആണ് ട്രസ്റ്റിന്റെ ആദ്യ സംരംഭം. 
മൈസൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന, ഇന്ത്യയിലും വിദേശത്തുമായി 20,000 ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന എക്‌സൽ സോഫ്റ്റ് ആണ് അലിഫ് ഗ്ലോബൽ സ്‌കൂളിന്റെ അക്കാദമിക പങ്കാളി.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും  വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നതിനാൽ ഉയർന്ന നിലവാരമുള്ള ഹോസ്റ്റൽ സൗകര്യങ്ങളാണ് ഒരുക്കുന്നത്.  
ദൈനംദിന ജീവിത രീതികൾ ചിട്ടപ്പെടുത്തുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, മികച്ച പരിശീലനം ലഭിച്ച അധ്യാപകർ, വിപുലമായ ലാബ് സൗകര്യം, ദൈനംദിന പാഠ്യവിഷയങ്ങൾ പരിശീലിപ്പിക്കുന്നതിന് വർക്‌ഷോപ്പുകൾ, ഇക്കോ ഫ്രന്റ്‌ലി നിർമിതികൾ, എല്ലാ കുട്ടികൾക്കും ബ്രേക്ക് ഫാസ്റ്റ്, ലഞ്ച് സൗകര്യം, ലോകപ്രശസ്തരും പരിചയ സമ്പന്നരുമായ വിദ്യാഭ്യാസ വിചക്ഷണർ നേതൃത്വം നൽകുന്ന അക്കാദമിക് ബോർഡ്, മൾട്ടിപ്പിൾ ഇന്റലിജൻസ് ഡവലപ്‌മെന്റ് പ്രോഗ്രാമുകൾ, ഹയർ സെക്കണ്ടറി വിദ്യാർഥികൾക്ക് മെഡിക്കൽ എൻജിനീയറിംഗ് ഉൾപ്പെടെ വിവിധ മത്സര പരീക്ഷകൾക്കുള്ള പരിശീലനം, ശിതീകരിച്ച ക്ലാസ്മുറികളും ഹോസ്റ്റലുകളും, വിവിധ ഭാഷാ പഠനങ്ങൾ തുടങ്ങിയ സവിശേഷതകൾ അലിഫിനെ വേറിട്ടുനിർത്തും.
അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂൾ കാമ്പസിൽ വിവിധ സംസ്‌കാരങ്ങൾ അടുത്തറിയാനും പഠിക്കാനും അവസരമുണ്ടാകും. തെരഞ്ഞെടുത്ത നിർധനരും കഴിവുറ്റവരുമായ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് സംവിധാനവും ഒരുക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ, സാംസ്‌കാരിക, നഗര പദ്ധതിയായ മർകസ് നോളജ് സിറ്റിയിലെ ഏക വിദ്യാലയമാണ് അലിഫ് ഗ്ലോബൽ സ്‌കൂൾ. നോളജ് സിറ്റിയിലെ മറ്റു സ്ഥാപനങ്ങളിൽ അലിഫ് വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് മുൻഗണനയുണ്ടാകും. അന്താരാഷട്ര വേദികളിൽ വിവിധ മത്സരങ്ങൾക്കുള്ള പരിശീലനവും അവസരങ്ങളും ലഭിക്കുന്ന അലിഫ് വിദ്യാർഥികൾക്ക് വിവിധ അന്തർദേശീയ യൂനിവേഴ്‌സിറ്റികളുമായുള്ള മർകസിന്റെ അക്കാദമിക ധാരണകൾ കൂടുതൽ അവസരങ്ങൾ ഒരുക്കും.
സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി. മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി ആമുഖപ്രഭാഷണം നടത്തി. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കെ.കെ അഹ്മദ്കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, മർകസ് നോളജ് സിറ്റി സി.ഇ.ഒ ഡോ.അബ്ദുൽ സലാം, ജോർജ് എം.തോമസ് എം.എൽ.എ, പി.ടി.എ റഹീം എം.എൽ.എ, റസാഖ് കാരാട്ട് എം.എൽ.എ, സ്വാമി തച്ചോലത്ത് ഗോപാലൻ, ഫാദർ ബെന്നി മുണ്ടനാട്ട്, മോഹനൻ മാസ്റ്റർ, ഹബീബ് തമ്പി, വി.കെ ഹുസൈൻകുട്ടി, അലിക്കുഞ്ഞി മുസ്‌ലിയാർ, ലുഖ്മാൻ പാഴൂർ, അമീർ ഹസൻ പ്രസംഗിച്ചു.

Latest News