Sorry, you need to enable JavaScript to visit this website.

വളപട്ടണത്ത് നിയന്ത്രണം വിട്ട ആംബുലന്‍സിടിച്ച് രണ്ട് മരണം

കണ്ണൂര്‍- നിയന്ത്രണം വിട്ട ആംബുലന്‍സ് വാനിടിച്ച് വഴിയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. രോഗിയടക്കം രണ്ടുപേര്‍ക്ക് പരിക്കേറ്റു. വളപട്ടണം കീരിയാട് ലക്ഷംവീട് കോളനിയിലെ ബുഖാരി മസ്ജിദിനടുത്ത് താമസിക്കുന്ന കെ.എന്‍ ഹൗസില്‍ അഷ്റഫ്, ആശാരിപ്പണിക്കാരനായ തിരുവനന്തപുരം സ്വദേശി ബീരയ്യന്‍ സ്വാമി (60) എന്നിവരാണ് മരിച്ചത്.

http://malayalamnewsdaily.com/sites/default/files/2019/07/06/ashrafdeath.jpeg

മരിച്ച അഷ്‌റഫ്‌

രാവിലെ എട്ടു മണിയോടെ വളപട്ടണം ടോല്‍ ബൂത്തിനടുത്താണ് അപകടം. പരിക്കേറ്റവരെ ഉടന്‍ എ കെ ജി ആശുപത്രിയിലെത്തിച്ചെങ്കിലും ബീരയ്യന്‍ സ്വാമി മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ അഷറഫിനെയും ആംബുലന്‍സിലുണ്ടായിരുന്ന കാന്‍സര്‍ രോഗിയായ രാജപുരത്തെ ഫിലിപ്പ് കുര്യ(60)ന്റെ ഭാര്യ മിനി ഫിലിപ്പി(46)നെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അഷ്‌റഫിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
കാന്‍സര്‍ രോഗിയെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുവരവെയാണ് ആംബുലന്‍സ് നിയന്ത്രണം വിട്ട് കാറിനുരസിയ ശേഷം റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ ചാരിനിന്ന് സംസാരിക്കുകയായിരുന്ന ബീരയ്യ സ്വാമിയുടെയും അഷ്റഫിന്റെയും ദേഹത്തിടിച്ചത്. തുടര്‍ന്ന് സമീപത്തെ പൂട്ടിയിട്ട തട്ടുകടയിലിടിച്ചാണ് ആംബുലന്‍സ് നിന്നത്. പരിക്കേറ്റ ഫിലിപ്പ് കുര്യനെ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വളപട്ടണം മത്സ്യമാര്‍ക്കറ്റിലെ വ്യാപാരിയായ തട്ടാമുറ്റത്ത് മഹമൂദ്-ആസീമ ദമ്പതികളുടെ മകനാണ് അഷറഫ്. സഹോദരങ്ങള്‍: നസീമ, സക്കീന.
ചിത്രയാണ് ബീരയ്യന്‍ സ്വാമിയുടെ ഭാര്യ. രണ്ട് മക്കളുണ്ട്. കഴിഞ്ഞ നാലുവര്‍ഷമായി കീരിയാട്ടെ ഫര്‍ണിച്ചര്‍ നിര്‍മ്മാണക്കടയില്‍ ജോലി ചെയ്തുവരികയാണ് ബീരയ്യന്‍സ്വാമി.

 

Latest News