Sorry, you need to enable JavaScript to visit this website.

ബസില്‍ നഷ്ടപ്പെട്ട കൊലുസ് തിരിച്ചു കിട്ടാന്‍ കെ.എസ്.ആര്‍.ടി.സി ഈടാക്കിയത് 4000 രൂപ!

തിരുവനന്തപുരം- പരീക്ഷ എഴുതാന്‍ പോകുന്നതിനിടെ ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ നഷ്ടപ്പെട്ട സ്വര്‍ണ കൊലുസ് തിരിച്ചു കിട്ടാന്‍ വിദ്യാര്‍ഥിനിക്ക് 4000 രൂപ നല്‍കേണ്ടി വന്നു. ഒപ്പം ആള്‍ജാമ്യവും മുദ്രപ്പത്രത്തിലെ ഉറപ്പും. കെ.എസ്.ആര്‍.ടി.സിയുടേതാണ് തമാശ.
കോതമംഗലം സ്വദേശിയായ പെണ്‍കുട്ടിയാണ് കെ.എസ്.ആര്‍.ടി.സിയുടെ നടപടിക്രമങ്ങള്‍ക്ക് ഇരയായത്. സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നതിനായി തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിലാണു പെണ്‍കുട്ടിക്ക് ഒന്നരപ്പവന്റെ പാദസരം നഷ്ടമായത്.
കണിയാപുരം ഡിപ്പോയുടെ ബസിലായിരുന്നു പെണ്‍കുട്ടി യാത്ര ചെയ്തത്. കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം അടുത്ത സീറ്റിലെ യാത്രക്കാരി കെ.എസ്.ആര്‍.ടി.സിയെ ഏല്‍പ്പിച്ചു. അവര്‍ വിവരം ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തതോടെ പെണ്‍കുട്ടി ഡിപ്പോയില്‍ എത്തി. എന്നാല്‍ പാദസരം വാങ്ങാനെത്തിയ പെണ്‍കുട്ടിയില്‍ നിന്നു 4000 രൂപക്ക് പുറമേ മുദ്രപത്രത്തില്‍ സത്യവാങ്മൂലവും ആള്‍ജാമ്യവും അധികൃതര്‍ ആവശ്യപ്പെട്ടു.
നഷ്ടപ്പെട്ട വസ്തുവിന്റെ വിപണി മൂല്യം കണക്കാക്കി 10 ശതമാനം സര്‍വീസ് ചാര്‍ജ് വാങ്ങണമെന്ന നിയമം നടപ്പിലാക്കിയെന്നാണ് ആനവണ്ടിക്കാരുടെ ന്യായം.

 

Latest News