Sorry, you need to enable JavaScript to visit this website.

ചിത്രകലയുടെ വേറിട്ട സന്ദേശം

ഓരോ കലാരൂപങ്ങൾക്കും സമൂഹത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്കുണ്ട്. ഇരുളടഞ്ഞ മനസ്സുകളിലേക്ക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചമെത്തിക്കുന്നതിൽ കലയുടെ മാന്ത്രിക ഭാവങ്ങൾ എന്നും വലിയ പങ്കു വഹിച്ചിട്ടുണ്ട്. സംഗീതവും ചിത്രകലയും സാഹിത്യ രചനകളും സമൂഹത്തിന്റെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനുള്ള മരുന്നുകളായാണ് വിശേഷിപ്പിക്കപ്പെടുന്നത്. കലയെ തിരിച്ചറിയുന്ന ഒരു സമൂഹത്തിന് സാംസ്‌കാരികമായ വളർച്ച നേടിയെടുക്കുക എളുപ്പമായിരിക്കും. അതിന് മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ വേർതിരിവുകൾ ആവശ്യവുമില്ല. 
ചിത്രങ്ങൾ വർഗീയതയുടെ വിത്തുകൾ വിതക്കുന്നുമില്ല. പുത്തൻ സാങ്കേതിക വിദ്യകളുടെ വരവോടെ ആസ്വാദനത്തിന്റെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ടുകൊണ്ടിരിക്കുന്ന ചിത്രകലക്കും സമൂഹത്തിന് വേറിട്ട പല സന്ദേശങ്ങളും നൽകാനാകുമെന്നാണ് മലപ്പുറത്ത് ഈയിടെ നടന്ന ചിത്രകലാ ക്യാമ്പിൽ നിന്ന് തെളിയുന്നത്.
ആശുപത്രിയിൽ ചിത്രങ്ങൾക്കെന്ത് സ്ഥാനമെന്ന ചോദ്യം ഉയർന്നേക്കാം. എന്നാൽ ആശുപത്രികൾ രോഗത്തെ കുറിച്ച് മാത്രമുള്ള ചിന്തകൾ ഉണർത്തേണ്ട ഇടങ്ങളല്ലെന്നാണ് മലപ്പുറത്ത് ഒത്തുചേർന്ന ഒരു കൂട്ടം ചിത്രകാരൻമാർ പറഞ്ഞത്. ആശുപത്രിയിൽ സംസാരിക്കേണ്ടത് രോഗത്തെ കുറിച്ചും മരണത്തെ കുറച്ചും മാത്രമല്ല; ജീവിതത്തെ കുറിച്ചും അതിന്റെ വർണ ഭാവങ്ങളെ കുറിച്ചും കൂടിയാണ്. നമ്മുടെ ചിന്തകളുടെ നേർവരകളെ മാറ്റിവരക്കാനാണ് ഒരു കൂട്ടം മനുഷ്യ സ്‌നേഹികളായ കലാകാരൻമാർ ശ്രമിച്ചത്. 
അതായത് രോഗങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുന്ന ആശുപത്രികളിലെ വാർഡുകളിൽ പെയിന്റിംഗുകൾ പ്രദർശിപ്പിക്കുകയും അതു കണ്ട് രോഗികൾ രോഗത്തെ കുറിച്ച് മറക്കുകയും ജീവിതത്തിലെ പ്രതീക്ഷകളെ കുറിച്ച് ഓർമിക്കുകയും വേണം. ഇതാണ് ആ ചിത്രകാരൻമാരുടെ വേറിട്ട ആശയം. അവരുടെ ശ്രമങ്ങൾക്ക് സമൂഹത്തിന്റെ ശ്രദ്ധ ലഭിക്കേണ്ടതുണ്ട്. അംഗീകരിക്കപ്പെടേണ്ടതുണ്ട്.
മഞ്ചേരി മെഡിക്കൽ കോളേജിലെ വാർഡുകൾ, കേരളത്തിലെ ഏതൊരു സർക്കാർ ആശുപത്രി വാർഡുകളെയും പോലെ രോഗത്തെ കുറിച്ചുള്ള ഭയാശങ്കകൾ മാത്രം ഉണർത്തുന്നതാണ്. രോഗം വരുന്ന വഴികൾ, അതുണ്ടാക്കുന്ന ദുരന്തങ്ങൾ, രക്ഷപ്പെടാനുള്ള വഴികൾ തുടങ്ങി അസ്വസ്ഥമായ വിവരണങ്ങളാണ് ചുമരുകളിലെങ്ങും. മുന്നറിയുപ്പുകളും ബോധവൽക്കരണവുമാണ് ഇതിലൂടെ ആരോഗ്യ വകുപ്പ് ഉദ്ദേശിക്കുന്നത്. എന്നാൽ രോഗത്തിന്റെ ആശങ്കളുമായി എത്തുന്നവരെ കൂടുതൽ ഭയചകിതരും രോഗികളുമാക്കുക മാത്രമാണ് ഇതിലൂടെ ചെയ്യുന്നതെന്ന് ചിത്രകാരൻമാർ ചൂണ്ടിക്കാട്ടുന്നു. 
ദുഃഖമുള്ളിടത്ത് നാം ദുഃഖത്തെ കുറിച്ച് തന്നെ സംസാരിക്കുന്നതിൽ കാര്യമില്ല. സന്തോഷത്തിന്റെ സാധ്യതകളും നാം കണ്ടെത്തണം. ആശുപത്രി ചുമരുകളിൽ തൂക്കുന്ന ഒരു പെയിന്റിംഗിന് ചിലപ്പോൾ ഒരു രോഗിയുടെ മനോനിലകളെ ആശ്വാസത്തിന്റെ തലങ്ങളിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞേക്കും. സംഗീതം കൊണ്ട് മനസ്സിനെ ശാന്തമാക്കാൻ കഴിയുമെന്ന് പറയുന്നതു പോലെ.
തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ നിന്നായി അറുപത് ചിത്രകാരൻമാരാണ് മലപ്പുറത്തെ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഹാളിൽ ഒത്തുചേർന്നത്. മഞ്ചേരി മെഡിക്കൽ കോളേജ് വാർഡുകളിലേക്കായി നൂറ് ചിത്രങ്ങൾ വരച്ചു കൊടുക്കുകയാണ് അവർ ചെയ്യുന്നത്. കേരള ലളിത കലാ അക്കാദമിയുടെ സഹായത്തോടെ മലപ്പുറത്തെ ചിത്രകാരൻമാരുടെ കൂട്ടായ്മയായ വരകൂട്ടമാണ് ഈ സംരംഭമൊരുക്കിയത്. മുതിർന്നവരും യുവാക്കളുമായ ചിത്രകാരൻമാരും ചിത്രകാരികളും ഒരു സാമൂഹ്യ സേവനം ചെയ്യുന്നതു പോലെ ഒത്തുചേർന്ന ക്യാമ്പ്. സാമ്പത്തിക ലാഭത്തെ കുറിച്ച് ചിന്തിക്കാതെ സമൂഹത്തിന്റെ നന്മക്കു വേണ്ടിയുള്ള കൂടിച്ചേരൽ.
സമൂഹത്തിന്റെ പൊതു ഇടങ്ങളിൽ നിന്ന് കലയുടെ നിർമിതിയും പരിശീലനവും അപ്രത്യക്ഷമാകുന്ന ഒരു കാലത്താണ് മലപ്പുറത്തെ ഒത്തുചേരൽ എന്നത് ശ്രദ്ധേയമാണ്. ഏറ്റെടുക്കാൻ ആരുമില്ലാത്ത ഒരു അനാഥത്വം ചിത്രകലയെ വല്ലാതെ തളർത്തുന്നുണ്ട്. സമൂഹത്തിന് അത്യാവശ്യമായ ഒന്നാണ് കലകൾ എന്ന പഴയകാല ചിന്തികളിൽ നിന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും സ്ഥാപനങ്ങളും എന്തിന് വ്യക്തികൾ പോലും അകലങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. കല കലാകാരന് വേണ്ടി മാത്രമാണെന്ന രീതിയിലേക്കാണ് കാര്യങ്ങൾ വളരുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിലൂടെയും സപര്യയിലൂടെയും അവർ മിനുക്കിയെടുത്ത കലയുടെ നിർമല ഭാവങ്ങളെ അവഗണിക്കുന്നതാണ് ഇന്നത്തെ സമൂഹം. ആ അവഗണനയിൽ പിന്തള്ളപ്പെടുന്നത് കലാകാരൻമാർ മാത്രമല്ല, നമ്മുടെ സാംസ്‌കാരികമായ സൽരൂപങ്ങൾ കൂടിയാണെന്ന് കൂടി സമൂഹം തിരിച്ചറിയേണ്ടതുണ്ട്.
മലപ്പുറത്ത് കണ്ട നൂതനാശയം ഒരു മാതൃകയായി വളരേണ്ടതുണ്ട്. സർക്കാർ ആശുപത്രികൾക്ക് പുറമെ സർക്കാർ സ്ഥാപനങ്ങളിൽ പെയിന്റിംഗുകൾ പ്രദർശിപ്പിക്കാൻ സർക്കാർ തലത്തിൽ തീരുമാനമുണ്ടാകണം. അത് കോടികൾ ചെലവു വരുന്ന പദ്ധതിയൊന്നുമല്ല. പാഴാക്കിക്കളയുന്ന പണത്തിന്റെ എത്രയോ മടങ്ങ് കുറച്ച് മാത്രം ചെലവു വരുന്ന ഒരു ആശയമാണിത്. സർക്കാർ ഓഫീസുകൾ ജനങ്ങൾക്ക് സമ്മാനിക്കുന്ന നെഗറ്റീവ് എനർജിയെ മാറ്റിമറിക്കാൻ ഒരുപക്ഷേ ആ ചുമരിൽ തൂങ്ങുന്ന പെയിന്റിംഗിന് കഴിയും. ഓഫീസുകൾക്ക് സാംസ്‌കാരികമായ മുഖം നൽകാനും അത് സഹായിക്കും. വർഷങ്ങൾക്ക് മുമ്പ് മലപ്പുറത്ത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്ന ഇത്തരത്തിലുള്ള ഒരു ശ്രമവും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. ജില്ലയിലെ ഓഫീസുകളിലും വീടുകളിലും ഒരു പെയിന്റിംഗ് സൂക്ഷിക്കുകയെന്ന ആശയം ഏറെ പ്രതീക്ഷകളോടെയാണ് കലാലോകം കണ്ടത്. എന്നാൽ അത് നടപ്പാക്കുന്നതിൽ വന്ന വീഴ്ചയും ജനങ്ങളുടെ നിഷേധ നിലപാടും പദ്ധതിയെ ഏറെ മുന്നോട്ടു കൊണ്ടുപോയില്ല. ഇക്കാര്യത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നിലപാടുകൾ നിർണായകമാണ്.
പൊതു ഇടങ്ങളിൽ പെയിന്റിംഗുകൾ പ്രദർശിപ്പിക്കുന്നതിന് കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ പദ്ധതിക്ക് രൂപം നൽകണം. സാംസ്‌കാരിക വകുപ്പിന്റെ സഹായത്തോടെ ഈ പദ്ധതി നടപ്പാക്കാൻ കഴിയണം. സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഒരു പെയിന്റിംഗ് വീതമെങ്കിലും പ്രദർശിപ്പിക്കണം. ഇക്കാര്യത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും പിന്തുണ നൽകാനാകും. 
സ്വകാര്യ കമ്പനികൾക്കും വ്യക്തികൾക്കും ഇക്കാര്യത്തിൽ ഒട്ടേറെ ചെയ്യാനുണ്ട്. പല വലിയ ഹോട്ടലുകളിലും മറ്റു സ്വകാര്യ സ്ഥാപനങ്ങളിലും ഇന്ന് പെയിന്റിംഗുകൾ പ്രദർശിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള ഹോട്ടലുകൾ പെയിന്റിംഗുകൾക്ക് വലിയ പരിഗണന നൽകുന്നുണ്ട്. 
എന്നാൽ ചെറുപട്ടണങ്ങളിലും ഈ സംസ്‌കാരം വളർന്നു വരേണ്ടതുണ്ട്. വീടുകളുടെ അലങ്കാരത്തിന് പെയിന്റിംഗ് എറെ ഗുണകരമാണെങ്കിലും ഇനിയും അത്തരത്തിൽ ഏറെ പേരും ചിന്തിക്കുന്നില്ല. ലക്ഷങ്ങൾ മുടക്കി വീടുകളുണ്ടാക്കുന്നവർ ചെറിയൊരു തുക മുടക്കി പെയിന്റിംഗ് വാങ്ങാൻ തയാറാകാറില്ല. ഓരോരുത്തരുടെയും അഭിരുചികൾക്കനുസരിച്ചുള്ള ചിത്രങ്ങൾ ലഭ്യമാണെങ്കിലും വീട്ടിലൊരു പെയിന്റിംഗ് എന്ന ചിന്തയിലേക്ക് ഭൂരിഭാഗം പേരും എത്തിയിട്ടില്ല.
മെഡിക്കൽ കോളേജിലേക്ക് ചിത്രങ്ങൾ സംഭാവന ചെയ്ത ചിത്രകാരൻമാരുടെ നന്മ നമ്മുടെ സാംസ്‌കാരിക ചരിത്രത്തിൽ ഇടം പിടിക്കേണ്ട ഒന്നാണ്. വരാനിരിക്കുന്ന തലമുറക്ക് ഇതിൽ നിന്ന് ഒട്ടേറെ പാഠങ്ങൾ പഠിക്കാനുണ്ട്. ആകുലതകൾ നിറഞ്ഞ ജീവിതത്തിൽ ഒരു ചിത്രത്തിന് സാന്ത്വനത്തിന്റെ വർണങ്ങൾ പരത്താനാകുമെന്ന് നാം തിരിച്ചറിയണം. 
നന്മയുടെ വഴിയിൽ ഈ ചിത്രകാരന്മാർ പരത്തുന്ന പ്രകാശം സാംസ്‌കാരികമായ വെളിച്ചമാണ് സമ്മാനിക്കുന്നതെന്നും നാം തിരിച്ചറിയണം.
 

Latest News