Sorry, you need to enable JavaScript to visit this website.

വിദ്യാർഥിനിയുടെ പരാതിയിൽ  രാഷ്ട്രപതി ഭവൻ ഇടപെട്ടു 

കൽപറ്റ-കാഞ്ഞിരത്തിനാൽ ഭൂമി വിഷയത്തിൽ വിദ്യാർഥിനി  അയച്ച പരാതിയിൽ രാഷ്ട്രപതി ഭവൻ സംസ്ഥാന ചീഫ് സെക്ട്രടറിക്കു നോട്ടീസ് നൽകി.   കൽപറ്റ മണിയങ്കോട് സ്വദേശിനിയായ എം.എസ്‌സി വിദ്യാർഥിനി അനീറ്റ ജൂഡിത്ത് ബെന്നി രാഷ്ട്രപതി രാംനാഥ് കോവിന്ദിനു  മെയ് 12 നു അയച്ച പരാതിയിലാണ് ചീഫ് സെക്രട്ടറിക്കു നോട്ടീസ്. കാഞ്ഞിരത്തിനാൽ ഭൂമി വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ പരാതിക്കാരിയെ അറിയിക്കണമെന്നും ഇതിന്റെ പകർപ്പ് രാഷ്ട്രപതി ഭവനിൽ ലഭ്യമാക്കണമെന്നുമാണ് നോട്ടീസിൽ. ഇതിന്റെ പകർപ്പ് രാഷ്ട്രപതി ഭവൻ അനീറ്റയ്ക്കു ലഭ്യമാക്കിയിട്ടുണ്ട്. 
1967 ൽ കാഞ്ഞിരങ്ങാട് വില്ലേജിൽ  കാഞ്ഞിരത്തിനാൽ കുടുംബം വിലയ്ക്കു വാങ്ങിയ 12 ഏക്കർ ഭൂമി മദ്രാസ് പ്രിസർവേഷൻ ഓഫ് പ്രൈവറ്റ് ഫോറസ്റ്റ് ആക്ടിന്റെ പരിധിയിൽ പെട്ടതാണെന്നു വാദിച്ചു അടിയന്തരാവസ്ഥക്കാലത്തു വനം വകുപ്പ് അധീനപ്പെടുത്തിയിരുന്നു. ഇതുമൂലം കുടുംബം അനുഭവിക്കുന്ന കൊടിയ ദുരിതം വിശദീകരിച്ചാണ്  അനീറ്റ സ്വന്തം കൈപ്പടയിൽ ഇംഗ്ലീഷിൽ എഴുതിയ നാലു പുറങ്ങളുള്ള പരാതി രാഷ്ട്രപതിക്കു അയച്ചത്. ഭൂമി തിരികെ നൽകണമെന്ന ആവശ്യവുമായി കാഞ്ഞിരത്തിനാൽ കുടുംബാംഗം ജെയിംസ് 2015 ഓഗസ്റ്റ് 15 മുതൽ വയനാട് കലക്ടറേറ്റ് പടിക്കൽ സത്യഗ്രഹം നടത്തുന്നതു  കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 
വനം വകുപ്പ് പടിച്ചെടുത്തതു കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ കൃഷി ഭൂമിയാണെന്നു വ്യക്തമാക്കുന്ന കോഴിക്കോട് വിജിലൻസ് മുൻ എസ്.പി ശ്രീശുകന്റെയും മാനന്തവാടി മുൻ ആർ.ഡി.ഒ ശിറാം സാംബശിവറാവു അധ്യക്ഷനായ സമിതിയുടെയും അന്വേഷണ റിപ്പോർട്ടുകളുടെ പകർപ്പ്, ഈ റിപ്പോർട്ടുകൾ ഭൂമിയുമായി ബന്ധപ്പെട്ട വ്യവഹാരത്തിനിടെ സർക്കാർ ഹൈക്കോടതിയിൽ ലഭ്യമാക്കാത്തതിനെക്കുറിച്ചുള്ള പത്രവാർത്തകളുടെ കട്ടിംഗുകൾ, കാഞ്ഞിരത്തിനാൽ കുടുംബാംഗം ട്രീസയുടെ പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശിച്ചതനുസരിച്ച് വനം പ്രിൻസിപ്പൽ സെക്രട്ടറി ലഭ്യമാക്കിയ കത്തിന്റെ പകർപ്പ്, ഭൂമി വിഷയത്തിൽ കേരള കോൺഗ്രസ് ചെയർമാനായ അഡ്വ.പി.സി. തോമസ് സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തതിന്റെയും കക്ഷി അറിയാതെ കേസ് പിൻവലിച്ചതിന്റെയും രേഖ തുടങ്ങിയവ അടക്കം ചെയ്ത കത്താണ് രാഷ്ട്രപതിക്കു അനീറ്റ അയച്ചത്. 
വനം വകുപ്പിന്റെ തെറ്റായ നടപടി മൂലം വീടും ഭൂമിയും നഷ്ടപ്പെട്ട് കാഞ്ഞിരത്തിനാൽ കുടുംബം വഴിയാധാരമായതിനെക്കുറിച്ചും പ്രശ്‌ന പരിഹാരത്തിനു ഉത്തരവാദപ്പെട്ടവർ കാട്ടുന്ന ഉദാസീനതയെക്കുറിച്ചും മാധ്യമങ്ങളിലൂടെ അറിഞ്ഞ് വിഷയം പഠിച്ചതാണ് രാഷ്ട്രപതിക്കു എഴുതാൻ പ്രേരണയായതെന്നു പരാതിയിൽ വ്യക്തമാക്കിയിരുന്നു. 

Latest News