Sorry, you need to enable JavaScript to visit this website.

സൗദി കിഴക്കന്‍ പ്രവിശ്യക്ക് നൊമ്പരമായി അബ്ദുല്‍ മുനൈസിന്റെ മരണം

അബ്ദുൽ മുനൈസിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ ദൃശ്യം.

ദമാം - കോഴിക്കോട് മുക്കം ചെറുവാടി സ്വദേശി കളത്തിൽ അബ്ദുൽ മുനൈസിന്റെ ദാരുണാന്ത്യം വിശ്വസിക്കാനാവാതെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾ വിതുമ്പുന്നു. ഹഫർ അൽബാത്തിനിൽ നിന്ന് ദമാം എയർപോർട്ടിലേക്ക് എംബാം ചെയ്ത മൂന്ന് മൃതദേഹങ്ങളുമായി വരുന്ന വഴി ഖർയാത്തുൽ ഉലയ്യയിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് അബ്ദുൽ മുനൈസിന്റെ മരണം. വാർത്ത കേട്ടവർ കേട്ടവർ ബന്ധുക്കളെയും സുഹൃത്തുക്കളെയും നിരന്തരം വിളിച്ചു കൊണ്ടേയിരുന്നു. 
സാമൂഹ്യ പ്രവർത്തകരെയാണ് മുനൈസിന്റെ മരണം ഏറെ വിഷമത്തിലാക്കിയത്. മരണവും അപകടവും നടക്കുന്നിടത്തും പൊതു സമൂഹത്തിന്റെ വിവിധ പരിപാടികളിലും ഈ യുവാവിന്റെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൗമ്യനും സൽസ്വഭാവിയുമായ അബ്ദുൽ മുനൈസ് പരിചയമില്ലാത്തവരോട് പോലും ചെറുപുഞ്ചിരിയോടെ ഇടപെടുമായിരുന്നുവെന്ന് സുഹൃത്തുക്കൾ അനുസ്മരിക്കുന്നു. ഒരാളോട് പോലും ദേഷ്യത്തോടെയോ നീരസത്തോടെയോ പെരുമാറുന്നത് കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഭാര്യ സീനു മൂന്ന് മാസം മുമ്പ് ഒരു പെൺകുഞ്ഞിനു ജന്മം നൽകിയത്. കുഞ്ഞു മിസ്രിയെ താലോലിച്ചു കൊതി തീരാതെ രണ്ടു മാസം മുമ്പാണ് അവധി കഴിഞ്ഞു മുനൈസ് തിരിച്ചെത്തിയത്. കുഞ്ഞിനെ കണ്ടു കൊതി തീർന്നില്ലെന്നും അടുത്ത് തന്നെ വീണ്ടും നാട്ടിലേക്ക് പോയി വരണമെന്ന് പലരോടും മുനൈസ് പറഞ്ഞിരുന്നത്രെ. കൂടുതൽ സമ്പാദ്യമോ ആഡംബരമോ ആഗ്രഹിച്ചിരുന്നില്ലെങ്കിലും നല്ലൊരു കുടുംബ ജീവിതത്തെ കുറിച്ച് അബ്ദുൽ മുനൈസ് ഏറെ സ്വപ്‌നങ്ങൾ നെയ്തിരുന്നു. 
സാമൂഹ്യ പ്രവർത്തകരുടെ ഉറ്റ തോഴനായിരുന്നു മുനൈസ് എന്ന് നാസ് വക്കം സാക്ഷ്യപ്പെടുത്തുന്നു. കിഴക്കൻ പ്രവിശ്യയിലെ വിദൂര സ്ഥലങ്ങളിൽ നിന്നെല്ലാം മൃതദേഹങ്ങൾ ദമാമിലെ മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിലേക്കെത്തിക്കുന്നതും നാട്ടിലേക്ക് അയക്കുന്നതിന് എയർപോർട്ടിൽ എത്തിക്കുന്നതും മുനൈസ് തന്നെയായിരുന്നു. 
ദമാമിൽ നിന്ന് ഏകദേശം 300 ൽ കൂടുതൽ കിലോ മീറ്റർ അകലെ ഖർയാതുൽ ഉലയ്യയിൽ വാഹനം അപകടത്തിൽ പെടുമ്പോൾ ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ് സ്വദേശികളായ മൂന്ന് മൃതദേഹങ്ങൾ വഹിച്ചു കൊണ്ടുള്ള യാത്ര മുനൈസിന്റെ തന്നെ അന്ത്യ യാത്രയാകുമെന്നു ആരും കരുതിയില്ലെന്ന് പറഞ്ഞാണ് കൂട്ടത്തോടെ അപകട സ്ഥലത്തേക്ക് കുതിച്ചെത്തിയ സുഹൃത്തുക്കൾ നിറകണ്ണുകളോടെ വിലപിച്ചത്. അപകട വാർത്ത കേട്ടയുടൻ നാസ് വക്കം അവിടെ എത്തി മൃതദേഹം ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിലേക്ക് നീക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു. ദമാമിലെയും ഹഫർ അൽബാത്തിനിലെയും അധികൃതരുടെ സഹായം തനിക്കു കൃത്യസമയത്ത് തന്നെ ലഭിച്ചതാണ് ഇത്ര വേഗത്തിൽ ദമാമിലേക്ക് മൃതദേഹം മാറ്റാനായതെന്ന് നാസ് വക്കം പറഞ്ഞു. 
ചെറുവാടി കളത്തിൽ അബ്ദുൽ സലാമിന്റെയും സൗജന്നിസയുടെയും നാല് മക്കളിൽ ഇളയവനായ അബ്ദുൽ മുനൈസ് ദാരുണമായ അന്ത്യം പ്രവാസ ലോകത്തെന്ന പോലെ ചെറുവാടി ഗ്രാമത്തെയും കണ്ണീരിലാഴ്ത്തി. പ്രാർഥനാനിർഭരമായ മനസ്സോടെ നാട്ടുകാർ ഇഴമുറിയാതെ മുനൈസിന്റെ വീട്ടിലേക്ക് ഒഴുകി. മുനൈസിന്റെ മൃതദേഹം നാട്ടിലെത്തുന്നതിനായി ചെറുവാടി ഗ്രാമം കാത്തിരിക്കുകയാണ്. നടപടിക്രമങ്ങൾ വൈകാതെ പൂർത്തിയാക്കി അബ്ദുൽ മുനൈസിന്റെ മൃതദേഹം നാട്ടിലെക്കയക്കാൻ സാധിക്കുമെന്ന് നാസ് വക്കം മലയാളം ന്യൂസിനോട് പറഞ്ഞു.  

 

Latest News