Sorry, you need to enable JavaScript to visit this website.

പ്രവർത്തന ശൈലി മാറ്റാതെ  ഖത്തറുമായി ചർച്ചയില്ല -സൗദി

റിയാദ് - പ്രവർത്തന ശൈലിയിൽ മാറ്റം വരുത്താതെ ഖത്തറുമായി ചർച്ച നടത്തില്ലെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. തീവ്രവാദ ഗ്രൂപ്പുകൾക്ക് നൽകുന്ന പിന്തുണയും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലുകളും ഖത്തർ നിർത്തിവെക്കണം.

അത്യന്തം അപകടകരമായ സ്ഥിതിവിശേഷമാണ് ഗൾഫിൽ ഇറാൻ സൃഷ്ടിച്ചിരിക്കുന്നത്. ആഗോള തലത്തിൽ എണ്ണ ലഭ്യതക്ക് ഇറാൻ ഭീഷണി സൃഷ്ടിക്കുന്നു. ഇറാൻ പ്രശ്‌നത്തിൽ സ്വീകരിക്കേണ്ട തുടർ നടപടികളെ കുറിച്ച് സൗദി അറേബ്യ സഖ്യരാജ്യങ്ങളുമായി കൂടിയാലോചനകൾ നടത്തിവരികയാണ്. 

ആഗോള ചരക്ക് നീക്കത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നത് എണ്ണ ലഭ്യതയെയും എണ്ണ വിലയെയും ബാധിക്കും.  ഇത് ലോകത്തുള്ള ഓരോരുത്തരെയും ദോഷകരമായി ബാധിക്കുമെന്നും ആദിൽ അൽജുബൈർ പറഞ്ഞു. 
ഇറാനുമായി സൗദി അറേബ്യ യുദ്ധം ആഗ്രഹിക്കുന്നില്ല. ഇറാന്റെ ശത്രുതാപരമായ പ്രവർത്തനം ചെറുക്കുന്നതിന് ആഗോള സമൂഹം പ്രതിജ്ഞാബദ്ധമാണ്. മേഖലയിൽ കപ്പൽ ഗതാഗത സുരക്ഷ ഉറപ്പു വരുത്തുന്നതിനെ കുറിച്ച് സൗദി അറേബ്യയും സഖ്യരാജ്യങ്ങളും ചർച്ചകൾ നടത്തുന്നുണ്ട്. അടുത്തിടെ എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ ഇറാൻ ആണെന്നതിന് മതിയായ തെളിവുകളുണ്ട്. ഭീകരതക്കുള്ള പിന്തുണ ഇറാൻ അവസാനിപ്പിക്കണമെന്നും ആദിൽ അൽജുബൈർ ആവശ്യപ്പെട്ടു


ഖശോഗി വധക്കേസിൽ ഒരു സാഹചര്യത്തിലും കണ്ണടക്കാൻ കഴിയില്ല. മുഴുവൻ നിയമങ്ങളും അധികാരങ്ങളും കേസിലെ പ്രതികൾ ലംഘിക്കുകയായിരുന്നു. പ്രതികളെ നീതിപീഠത്തിനു മുന്നിൽ ഹാജരാക്കുന്നതിന് എല്ലാ നടപടികളും സൗദി അറേബ്യ സ്വീകരിച്ചിട്ടുണ്ട്. 
യു.എൻ സ്‌പെഷ്യൽ റപ്പോർട്ടർ ഏഗ്നസ് കലമാർഡ് അന്വേഷണം നടത്തി തയാറാക്കി യു.എൻ മനുഷ്യാവകാശ കൗൺസിലിന് സമർപ്പിച്ച റിപ്പോർട്ട് വാസ്തവ വിരുദ്ധമായ നിരവധി ആരോപണങ്ങൾ നിറഞ്ഞതും അന്താരാഷ്ട്ര ധാരണകൾക്ക് വിരുദ്ധവുമാണ്. അന്താരാഷ്ട്ര ചാർട്ടറുകളും നിയമങ്ങളും പാലിക്കുന്നതിനും മാനിക്കുന്നതിനും സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്.

 
മാധ്യമ റിപ്പോർട്ടുകളെ അവലംബിച്ചാണ് യു.എൻ സ്‌പെഷ്യൽ റപ്പോർട്ടർ  അന്വേഷണ റിപ്പോർട്ട് തയാറാക്കിയത്. റിപ്പോർട്ടിൽ വ്യക്തമാക്കുന്ന അടിസ്ഥാന നിഗമനങ്ങളിൽ എത്തിച്ചേരുന്നതിന് വിദഗ്ധരുടെ അവലോകനങ്ങളും നിഗമനങ്ങളും അവലംബിച്ചതായി ഏഗ്നസ് കലമാർഡ് പറയുന്നു. എന്നാൽ ഈ വിദഗ്ധരുടെ പേരുവിരങ്ങൾ റിപ്പോർട്ട് വെളിപ്പെടുത്തുന്നില്ല. രാഷ്ട്രീയവും ചരിത്രപരവും ആശയപരവുമായ കാരണങ്ങളാൽ സൗദി അറേബ്യയോട് ശത്രുത വെച്ചുപുലർത്തുന്ന ചില കക്ഷികൾ നേരത്തെ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ റിപ്പോർട്ട് തയാറാക്കുന്നതിന് മുഖവിലക്കെടുത്തിട്ടുണ്ട്. റിപ്പോർട്ടിന്റെ വസ്തുനിഷ്ഠതയില്ലായ്മയും വിശ്വാസ്യതയില്ലായ്മയുമാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. 


കേസിലെ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനും നീതിപീഠത്തിനു മുന്നിൽ ഹാജരാക്കുന്നതിനും സൗദി അറേബ്യ സ്വീകരിച്ച നടപടികളെ റിപ്പോർട്ട് അവഗണിക്കുന്നു. സൗദി രഹസ്യാന്വേഷണ ഏജൻസി പുനഃസംഘടിപ്പിക്കുന്നതിന് സൗദി അറേബ്യ സ്വീകരിച്ച നടപടികളൈയും റിപ്പോർട്ട് വിലകുറച്ചു കാണിക്കുന്നു. റിപ്പോർട്ടിൽ അടങ്ങിയ വ്യാജ ആരോപണങ്ങളും വാദങ്ങളും സൗദി അറേബ്യയെ കുറിച്ച ഏഗ്നസ് കലമാർഡിന്റെ മുൻധാരണകളുടെ അടിസ്ഥാനത്തിലാണ് ഇത് തയാറാക്കിയത് എന്നാണ് വ്യക്തമാകുന്നത്. ഖശോഗി വധം പുറത്തുവന്നതിന്റെ മൂന്നാം ദിവസം തന്നെ സൗദി അറേബ്യയുടെ മേൽ ഉത്തരവാദിത്തം കെട്ടിവെക്കുന്ന ട്വീറ്റുകൾ ഏഗ്നസ് കലമാർഡ് പ്രചരിപ്പിച്ചിരുന്നെന്നും ആദിൽ അൽജുബൈർ പറഞ്ഞു. 

Latest News