Sorry, you need to enable JavaScript to visit this website.

ബിനോയ് കോടിയേരിക്ക് മുംബൈ പോലീസ് നോട്ടീസ് നല്‍കി; മുന്‍കൂര്‍ ജാമ്യത്തിനു നീക്കം

തലശ്ശേരി- വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതയില്‍  മുംബൈ  പോലീസ് അന്വേഷിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് പോലീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി.
തലശ്ശേരിയിലെത്തിയ അന്ധേരി ഓഷ്‌വാര സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ വിനായക് ജാവദ്, കോണ്‍സ്റ്റബിള്‍ ദേവാനന്ദ് എന്നിവരാണ് ന്യൂമാഹി പോലീസിന്റെ സഹായത്തോടെ ബിനോയിയുടെ കോടിയേരിയിലെ  വീട്ടിലെത്തി നോട്ടീസ് നല്‍കിയത.് എന്നാല്‍ ബിനോയിയോ കുടുംബാംഗങ്ങളോ വീട്ടിലുണ്ടായിരുന്നില്ല. കാവലുണ്ടായിരുന്ന പോലീസുകാരുടെ കൈയ്യില്‍ ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള നോട്ടീസ് നല്‍കി സംഘം മടങ്ങുകയായിരുന്നു.
ബിനോയ് ഒളിവില്‍ പോയതായാണ് വിവരം. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കയാണെന്ന് പോലീസ് സംഘം പറഞ്ഞു.
മുന്‍കൂര്‍ ജാമ്യ ഹരജി സമര്‍പ്പിക്കാന്‍ തലശ്ശേരിയിലെ സി.പി.എം കേസുകള്‍ നടത്തുന്ന പ്രമുഖ അഭിഭാഷകനെ ബിനോയ് ബന്ധപ്പെട്ടതായി പറയുന്നു. കേസ് മുംബൈയിലായതിനാല്‍ മുന്‍കൂര്‍ ജാമ്യ ഹരജി അവിടെ തന്നെ നല്‍കുന്നതാണ് ഉചിതമെന്ന് അഭിഭാഷകന്‍ നിയമോപദേശം നല്‍കിയിട്ടുണ്ട്. സി.പി.എമ്മിന്റെ പ്രമുഖ  നേതാക്കളുടെ ഉള്‍പ്പെടെയുള്ളവരുടെ  ക്രിമിനല്‍ കേസുകള്‍ തലശ്ശേരിയിലെ ഈ അഭിഭാഷകനാണ് നടത്താറ്.
ഓഷ്‌വാര പോലീസ് ബിഹാര്‍ സ്വേദശിനിയുടെ പരാതി പ്രകാരം നേരത്തെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വിവരങ്ങള്‍ ശേഖരിക്കാനും നോട്ടീസ് നല്‍കാനുമാണ് മുംബൈ പോലീസ് കണ്ണൂരിലെത്തിയത.് അന്വേഷണ സംഘം കണ്ണൂരില്‍ തുടരുകയാണ്. വ്യക്തിപരമായ പ്രശ്‌നമാണ് ഇതെന്നും പാര്‍ട്ടി ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും സി.പി.എം നേതാക്കള്‍ പറഞ്ഞെങ്കിലും പാര്‍ട്ടിയുമായി ബന്ധപ്പെട്ട അഭിഭാഷകന്‍ തന്നെയാണ് മുന്‍കൂര്‍ ജാമ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നീക്കുന്നത.് ഇക്കാര്യത്തില്‍ സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരെ തന്നെ മുംബൈ കോടതിയിലെത്തിച്ച് നിയമ പോരാട്ടം തുടരാനാണ് നീക്കം.

 

 

Latest News