Sorry, you need to enable JavaScript to visit this website.

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന തന്റെ പഴയ മുദ്രാവാക്യം വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോഡി പൊടിതട്ടിയെടുത്തിരിക്കുന്നു. ഒന്നാം മോഡി സർക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി ഉയർത്തിയ ആ മുദ്രാവാക്യം വ്യാപകമായ എതിർപ്പ് ക്ഷണിച്ചുവരുത്തിയിരുന്നു. ഇത്തവണ ഒരു ആശയം എന്നതിലുപരി അതേപ്പറ്റിയുള്ള ചർച്ചകൾക്ക് ഔദ്യോഗിക പരിവേഷം നൽകാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. തെരഞ്ഞെടുപ്പ് ചെലവുകൾ നിയന്ത്രിക്കുക എന്ന ലക്ഷ്യമാണ് അത്തരം ഒരു നിർദേശത്തിനു പിന്നിലുള്ളതെന്ന് പറയപ്പെടുന്നുണ്ട്. അതാണ് യഥാർഥ ലക്ഷ്യമെങ്കിൽ തെരഞ്ഞെടുപ്പ് ചെലവുകൾ രാഷ്ട്രം നേരിട്ട് വഹിക്കുക എന്ന നിർദേശം എന്തുകൊണ്ട് പരിഗണിക്കപ്പെടുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്.
തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെപ്പറ്റി പാർലമെന്റ് നിയോഗിച്ച ഇന്ദ്രജിത് ഗുപ്ത കമ്മിറ്റിയടക്കം പല സമിതികളും, തെരഞ്ഞെടുപ്പു കമ്മിഷൻ തന്നെയും, അത്തരം നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. തെരഞ്ഞെടുപ്പ് ചെലവുകൾ നിയന്ത്രിക്കുക എന്നതിലുപരി നരേന്ദ്രമോഡിക്കും സംഘ്പരിവാറിനും മറ്റു പല നിക്ഷിപ്ത ലക്ഷ്യങ്ങളും അത്തരം മുദ്രാവാക്യത്തിനു പിന്നിലുണ്ടെന്നു വേണം ന്യായമായും സംശയിക്കാൻ. അത് രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയേയും ഫെഡറൽ സംവിധാനത്തെയും തകർത്ത് തങ്ങളുടെ ഭരണക്കുത്തക ഉറപ്പുവരുത്തുക എന്നതല്ലാതെ മറ്റൊന്നുമല്ല. 'ഒരു രാഷ്ട്രം, ഒരു സംസ്‌കാരം, ഒരു ഭാഷ' തുടങ്ങി ഏകശിലാരൂപിയായ ഹിന്ദുരാഷ്ട്രം എന്ന സംഘപരിവാർ സങ്കൽപത്തിന്റെ വിപുലീകരണമാണ് ഈ നിർദേശത്തിന്റെ പിന്നിലുള്ളത്. അത് ഇന്ത്യൻ രാഷ്ട്രീയ യാഥാർഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്നു മാത്രമല്ല ഭരണഘടനാ വിരുദ്ധവുമാണ്. നിലവിലുള്ള ഭരണഘടനയെ അട്ടിമറിക്കാതെ മോഡി വിഭാവനം ചെയ്യുന്ന തെരഞ്ഞെടുപ്പ് പരിഷ്‌കാരം അസാധ്യമാണ്.
രാജ്യവ്യാപകമായി ഒരു തെരഞ്ഞെടുപ്പ് എന്നത് ജനാധിപത്യത്തെ അട്ടിമറിക്കാതെ പ്രാവർത്തികമാക്കാൻ കഴിയില്ല. തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റ്, രാഷ്ട്രീയ സമവാക്യങ്ങളിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങളെ തുടർന്ന്, അധികാരത്തിൽ നിന്ന് പുറത്തുപോകേണ്ട സാഹചര്യം സംജാതമായാൽ ജനാധിപത്യ സങ്കൽപങ്ങളുടെ അന്തഃസത്തക്ക് നിരക്കാത്ത സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെടും. അത്തരം സാഹചര്യത്തിൽ അടുത്ത തെരഞ്ഞെടുപ്പുവരെ വിശ്വാസം നഷ്ടപ്പെട്ട സർക്കാർ തുടരുകയോ അല്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയോ മാത്രമായിരിക്കും പോംവഴി. ആ സ്ഥിതിവിശേഷം ഭരണഘടന വിഭാവനം ചെയ്യുന്നില്ല. സംസ്ഥാനങ്ങൾക്ക് ഫെഡറൽ സംവിധാനത്തിലുള്ള ആ അവകാശങ്ങളുടെയും സ്വയംഭരണാധികാരത്തിന്റെയും നഗ്‌നമായ ലംഘനമായിരിക്കും അത്. അത് ഫലത്തിൽ കേന്ദ്രത്തിൽ അധികാരം കയ്യാളുന്ന പാർട്ടിയുടെ, അല്ലെങ്കിൽ കൂട്ടുകെട്ടിന്റെ, അധികാരം സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കലാവും. ഇപ്പോൾതന്നെ ഗുജറാത്തിൽ നിന്നുള്ള രണ്ട് രാജ്യസഭാ ഒഴിവിലേക്ക് വെവ്വേറെ തെരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. അമിത്ഷായും സ്മൃതി ഇറാനിയും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ഒഴിവുവന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് വെവ്വേറെ തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മിഷൻ നീക്കം. രാജ്യസഭാ തെരഞ്ഞെടുപ്പിൽ നാളിതുവരെ തുടർന്നുവന്ന, ഭരണഘടനാപരമായ, ആനുപാതിക പ്രാതിനിധ്യ തത്വത്തെ അട്ടിമറിക്കാനാണ് ഭരണകൂട ഒത്താശയോടെ കമ്മിഷൻ ശ്രമിക്കുന്നത്.
തെരഞ്ഞെടുപ്പ് ചെലവുകൾ നിയന്ത്രിക്കുക എന്ന മോഡിയുടെ പ്രഖ്യാപിത ലക്ഷ്യം തികഞ്ഞ കാപട്യം മാത്രമാണ്. പതിനേഴാമത് ലോക്‌സഭയിലേക്ക് ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പ് ലോകത്തെതന്നെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പായിരുന്നുവെന്ന് ഇതിനകം പുറത്തുവന്ന പഠനങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൊത്തം ചെലവായ 60,000 കോടി രൂപയിൽ പകുതിയും ബിജെപി ചെലവിട്ടതാണെന്ന് അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ട പഠനങ്ങൾ വെളിപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് ചെലവുകൾക്കായി ഔദ്യോഗികമായ തെരഞ്ഞെടുപ്പ് കമ്മിഷനും രാജ്യത്തെ മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളും ചെലവിട്ട മൊത്തം തുകയ്ക്ക് തുല്യമായ തുകയാണ് ബിജെപി ഒഴുക്കിയത്. 
തെരഞ്ഞെടുപ്പ് ബോണ്ടുവഴി സമാഹരിക്കപ്പെട്ട 4,444 കോടി രൂപയിൽ സിംഹഭാഗവും എത്തിച്ചേർന്നത് ബിജെപിയുടെ മടിശ്ശീലയിലാണ്. അതിന് പുറമെയാണ് 25,000 കോടി രൂപയിലേറെ ബിജെപി തെരഞ്ഞെടുപ്പിൽ ചെലവഴിച്ചത്. അത് കള്ളപ്പണമല്ലെന്നു തെളിയിക്കാനുള്ള ധാർമിക ഉത്തരവാദിത്തം ബി.ജെ.പിക്കുണ്ട്. അതിന് മുതിരാതെ തെരഞ്ഞെടുപ്പ് ചെലവ് നിയന്ത്രിക്കുന്നതിനെപ്പറ്റിയുള്ള ചർച്ച തികഞ്ഞ കാപട്യമാണ്. അർഥപൂർണവും കാലാനുസൃതവും ജനാഭിലാഷത്തെ പ്രതിഫലിപ്പിക്കുന്നതുമായ തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങൾക്ക് മുതിരാതെ നരേന്ദ്രമോഡി ഉയർത്തുന്ന 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന മുദ്രാവാക്യം ഏകാധിപത്യത്തിലേക്കും ഫാസിസത്തിലേക്കുമുള്ള വാതിൽ തുറക്കലാണ് എന്ന കാര്യത്തിൽ സംശയമില്ല.

Latest News