Sorry, you need to enable JavaScript to visit this website.

കിവീസ് മുന്നില്‍, പ്രോട്ടിയേഴ്‌സ് പുറത്തേക്ക്

ബേമിംഗ്ഹാം -  ദക്ഷിണാഫ്രിക്കയെ 4 വിക്കറ്റിന് തകര്‍ത്ത ന്യൂസിലാന്റ് ലോകകപ്പ് ക്രിക്കറ്റില്‍ പരാജയമറിയാത്ത ടീമെന്ന പദവി നിലനിര്‍ത്തി. ദക്ഷിണാഫ്രിക്കയുടെ സെമി ഫൈനല്‍ സ്വപ്‌നം ഏതാണ്ട് പൊലിഞ്ഞു. അവസാനഘട്ടത്തില്‍ മാത്രം ആവേശം കാട്ടിയ ദക്ഷിണാഫ്രിക്ക ആറിന് 241 റണ്‍സെടുത്തപ്പോള്‍ സെഞ്ചുറിയോടെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനാണ് ന്യൂസിലാന്റിനെ വിജയത്തിലേക്കു നയിച്ചത്. കളി ഏതു വഴിയിലും നീങ്ങാമെന്ന ഘട്ടത്തില്‍ കൈകോര്‍ത്ത വില്യംസനും (103*) ഓള്‍റൗണ്ടര്‍ കോളിന്‍ ദെ ഗ്രാന്‍ഡോമും (60)  കിവീസിനെ ലക്ഷ്യം കടത്തി. നനഞ്ഞ ഔട്ഫീല്‍ഡ് കാരണം തുടങ്ങാന്‍ വൈകിയ മത്സരം 49 ഓവര്‍ വീതമായി ചുരുക്കിയിരുന്നു. 
കിവീസിന്റെ മറുപടി ശുഭകരമായില്ല. ഇരട്ട ബൗണ്ടറിയോടെ തുടങ്ങിയ കോളിന്‍ മണ്‍റോയെ (9) കഗീസൊ റബാദ സ്വന്തം ബൗളിംഗില്‍ പിടിച്ചു. വില്യംസനും മാര്‍ടിന്‍ ഗപ്റ്റിലും (35) ഒന്നിന് 72 ലേക്ക് സ്‌കോര്‍ എത്തിച്ചെങ്കിലും കിവീസിന് തുടരെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടു. ഗപ്റ്റില്‍ ഹിറ്റ് വിക്കറ്റായപ്പോള്‍ റോസ് ടയ്‌ലറെയും (1) ടോം ലേതമിനെയും (1) ക്രിസ് മോറിസ് വിക്കറ്റ്കീപ്പറുടെ കൈയിലെത്തിച്ചു. പൊരുതിനിന്ന ജിമ്മി നീഷമിനെയും (23) മോറിസ് പുറത്താക്കി. എന്നാല്‍ വില്യംസന്‍-ഗ്രാന്‍ഡോം കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകള്‍ തകര്‍ത്തു. 
നേരത്തെ ദക്ഷിണാഫ്രിക്കക്കു വേണ്ടി ഹാശിം അംലയും (83 പന്തില്‍ 55) റാസി വാന്‍ഡര്‍ഡ്യൂസനും (64 പന്തില്‍ 67) അര്‍ധ ശതകം നേടി. ലോക്കി ഫെര്‍ഗൂസന്‍ മൂന്നു വിക്കറ്റെടുത്തു.  


പോയന്റ് നില
ടീം, കളി, ജയം, തോല്‍വി, പോയന്റ് എ ക്രമത്തില്‍
ന്യൂസിലാന്റ്    5    4    0    9
ഇംഗ്ലണ്ട്    5    4    1    8
ഓസ്‌ട്രേലിയ    5    4    1    8
ഇന്ത്യ    4    3    0    7
ബംഗ്ലാദേശ്    5    2    2    5
ശ്രീലങ്ക    5    1    2    4
വെസ്റ്റിന്‍ഡീസ്    5    1    3    3
ദക്ഷിണാഫ്രിക്ക    6    1    4    3
പാക്കിസ്ഥാന്‍    5    1    3    3
അഫ്ഗാനിസ്ഥാന്‍    5    0    5    0

Latest News